അടിമാലി: കല്ലാര്‍കുട്ടി അണക്കെട്ട് തുറന്നുവിട്ടതിനെത്തുടര്‍ന്ന് കര കവിഞ്ഞൊഴുകിയ പനംകൂട്ടി ചപ്പാത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്ത് യുവാക്കള്‍. ബൈക്ക് ഒഴുക്കില്‍പ്പെട്ടെങ്കിലും ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. 

To advertise here,

ജലവൈദ്യുതി നിലയത്തിന്റെ ചിന്നാര്‍ പ്രോജക്ടില്‍ ജോലിചെയ്യുന്ന പനംകുട്ടി പകുതിപ്പാലം നെല്ലിയാനിക്കല്‍ ജോര്‍ജും സുഹൃത്ത് മുരളിയുമാണ് ചപ്പാത്തിലൂടെ യാത്ര ചെയ്തത്. ശക്തമായ ഒഴുക്കുള്ളതിനാല്‍ മധ്യത്തില്‍ എത്തിയപ്പോള്‍ തന്നെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.. ഇതോടെ ഇരുവരും വാഹനം ഉപേക്ഷിച്ച് കരയിലേക്ക് ഓടി രക്ഷപ്പെട്ടു.

ബൈക്ക് പാലത്തിന്റെ വശത്തെ കമ്പിയില്‍ തങ്ങിനിന്നു. ഈ സമയം ചപ്പാത്തിലൂടെ ബൈക്കില്‍ പോകുന്നത് അപകടമാണെന്ന് സമീപവാസികള്‍ പറഞ്ഞെങ്കിലും മുന്നറിയിപ്പ് ചെവിക്കൊണ്ടില്ല. 

പിന്നീട് പ്രോജക്റ്റിലെ ലോറി എത്തി ബൈക്ക് കരയ്ക്ക് എത്തിക്കുവാന്‍ ശ്രമം നടത്തിയെങ്കിലും ലോറി വന്നതിന്റെ ഓളത്തില്‍ ബൈക്ക് പുഴയിലേക്ക് ഒഴുകിപ്പോയി. ചിലര്‍ ഇത് വീഡിയോയില്‍ പകര്‍ത്തി. സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഈ പാലത്തിന് കൈവരികള്‍ ഇല്ല. പൊക്കവും കുറവാണ്.