കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കരിച്ച പോര്‍ട്ടലിലേക്ക് മാറുന്നതോടെ ചെലാന്‍ തുക അടയ്ക്കുന്നതില്‍ വരുത്തുന്ന വീഴ്ചകള്‍ക്ക് കടുത്ത പൂട്ടാണ് വീഴുക.

കാക്കനാട്: ഹെൽമെറ്റില്ലാതെ വണ്ടിയോടിച്ചതിനോ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനോ ക്യാമറയിൽ കുടുങ്ങി ചെലാൻ ലഭിച്ചാൽ പിന്നെപ്പോഴെങ്കിലും അടയ്ക്കാമെന്നു കരുതി നടക്കാമായിരുന്ന കാലം കഴിഞ്ഞു. പിഴ അടയ്ക്കാതെ മോട്ടോർ വാഹന വകുപ്പിന്റെ മറ്റ് സേവനങ്ങൾ ഇനി ലഭിക്കുമെന്ന് മോഹിക്കേണ്ട. ഹെൽമെറ്റിന്റെ ചെറിയൊരു പിഴയെങ്കിലും ബാക്കിയുണ്ടെങ്കിൽ, ലൈസൻസ് പുതുക്കാനോ വണ്ടിയുടെ ഉടമസ്ഥാവകാശം മാറ്റാനോ ആർ.ടി. ഓഫീസിൽ ചെന്നാൽ കംപ്യൂട്ടർ സിസ്റ്റം അനുമതി നിഷേധിക്കും. മോട്ടോർ വാഹന വകുപ്പിന്റെ പുത്തൻ ആയുധമായ 'നെക്സ്റ്റ് ജനറേഷൻ ഇ-ചെലാൻ' പോർട്ടൽ വരുന്നതോടെയാണിത്.
കേന്ദ്ര സർക്കാരിന്റെ പരിഷ്‌കരിച്ച പോർട്ടലിലേക്ക് മാറുന്നതോടെ ചെലാൻ തുക അടയ്ക്കുന്നതിൽ വരുത്തുന്ന വീഴ്ചകൾക്ക് കടുത്ത പൂട്ടാണ് വീഴുക. സംസ്ഥാനത്തെ ആർ.ടി. ഓഫീസുകളിൽ ഈ പുതിയ സോഫ്റ്റ്വേറിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു.
പിഴയൊടുക്കാതെ മാറിനിൽക്കുന്നവരുടെ കുടിശ്ശികകൾ കുന്നുകൂടുന്നത് ഒഴിവാക്കാനും അവ വേഗത്തിൽ തീർപ്പാക്കാനുമാണ് എം.വി.ഡി. ഈ പരിഷ്‌കാരം നടപ്പാക്കുന്നത്. ഇതിനു മുൻപ് 2006-ലായിരുന്നു ചെലാൻ സിസ്റ്റത്തിൽ മാറ്റം വരുത്തിയത്. ഇപ്പോൾ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 167, 168 വകുപ്പുകൾ പ്രകാരമാണ് പുതിയ ഡിജിറ്റൽ നിയന്ത്രണം വരുന്നത്.
നികുതി ഒഴികെ മറ്റെല്ലാം ബ്ലോക്ക്
പുതിയ പോർട്ടൽ നിലവിൽ വരുന്നതോടെ, നിയമലംഘനത്തിന് ചെലാൻ വന്ന് 45 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ വണ്ടിയുടെ നികുതി അടയ്ക്കൽ ഒഴികെയുള്ള മറ്റെല്ലാ ആർ.ടി.ഒ. സേവനങ്ങളും കംപ്യൂട്ടർ സിസ്റ്റം ഓട്ടോമാറ്റിക്കായി ബ്ലോക്ക് ചെയ്യും. ലൈസൻസ് സംബന്ധിച്ച കാര്യം, വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കൽ, വണ്ടിയുടെ ഉടമസ്ഥാവകാശം മാറ്റൽ, പെർമിറ്റ് തുടങ്ങിയവയെല്ലാം ഇതോടെ വഴിമുട്ടും.
പരാതി നൽകാൻ 45 ദിവസം; തീർപ്പിന് ഒരു മാസം
ക്യാമറകളോ ഉദ്യോഗസ്ഥരോ വഴി തെറ്റായ ചെലാനുകളാണ് ലഭിച്ചതെങ്കിൽ വാഹന ഉടമകൾക്ക് തെളിവുകൾ സഹിതം 45 ദിവസത്തിനകം ഈ പോർട്ടൽ വഴി ഓൺലൈനായി പരാതി സമർപ്പിക്കാം.
പരാതി ലഭിച്ചാൽ 30 ദിവസത്തിനകം മോട്ടോർ വാഹന വകുപ്പ് അധികൃതർ അതിൽ അന്തിമ തീരുമാനമെടുക്കണം. പരാതി ന്യായമാണെന്ന് ബോധ്യപ്പെട്ടാൽ ചെലാൻ റദ്ദാക്കും; അല്ലെങ്കിൽ തള്ളും. നിശ്ചിത സമയത്തിനകം പിഴയടയ്ക്കുകയോ പരാതി നൽകുകയോ ചെയ്യാത്ത ചെലാനുകളിൽ, വാഹന ഉടമ കുറ്റം സമ്മതിച്ചതായി സിസ്റ്റം സ്വയം കണക്കാക്കും.
കോടതിയിൽ പകുതി പണം കെട്ടിവെക്കണം
മോട്ടോർ വാഹന വകുപ്പ് പരാതി നിരസിച്ചാൽ, 15 ദിവസത്തിനകം വാഹന ഉടമയ്ക്ക് കോടതിയെ സമീപിക്കാം. എന്നാൽ, കോടതിയിൽ കേസ് ഫയൽ ചെയ്യണമെങ്കിൽ ചെലാൻ തുകയുടെ 50 ശതമാനം മുൻകൂറായി കെട്ടിവെക്കേണ്ടി വരും.
കേസിൽ ജയിച്ചാൽ മാത്രമേ ഈ തുക തിരികെ ലഭിക്കൂ. കേന്ദ്ര സർക്കാരിന്റെ ഈ സോഫ്റ്റ്‌വെയർ ഇതിനകം പല സംസ്ഥാനങ്ങളിലും നടപ്പാക്കിക്കഴിഞ്ഞു. ഉദ്യോഗസ്ഥർക്ക് പ്രത്യേകം വലിയ പരിശീലനത്തിന്റെ ആവശ്യമില്ലാത്തതിനാൽ സിസ്റ്റം വൈകാതെ പൂർണ സജ്ജമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
Content Highlights: New Next-Gen E-Challan portal blocks RTO services for unpaid fines after 45 days., Services like license renewal, fitness certificates, and ownership transfer will be restricted., Online grievance portal allows dispute filing within 45 days of receiving the challan., Court appeals for traffic fines now require a 50% upfront deposit of the penalty amount., The system automatically assumes guilt if no action is taken within the stipulated timeframe.
Published: 10 Jun 2026, 09:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented