പ്രകൃതിവാതകമുപയോഗിച്ച് സർവീസ് ആരംഭിച്ച കാടൻകാവിൽ ബസ് | ഫോട്ടോ: മാതൃഭൂമി
ഒരേസമയം ജനം കൈയടിയോടെ സ്വീകരിക്കയും നിയമക്കുരുക്കിലാവുകയും ചെയ്ത കണ്ടക്ടറില്ലാ ബസിന് ഒടുവില്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പച്ചക്കൊടി. നെല്ലിയാമ്പാടം, പുളിങ്കൂട്ടം, തെന്നിലാപുരം തുടങ്ങി ഗ്രാമീണവഴികളിലൂടെയുള്ള വടക്കഞ്ചേരി -ആലത്തൂര്‍ കാടന്‍കാവില്‍ ബസ് മെയ്ദിനത്തില്‍ വീണ്ടും കണ്ടക്ടറില്ലാതെ ഓട്ടമാരംഭിച്ചു. സംസ്ഥാന ട്രാന്‍പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തിന്റെ ഇടപെടലിനെത്തുര്ന്നാണ് ബസ് വീണ്ടും നിരത്തിലിറങ്ങിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് വടക്കഞ്ചേരിസ്വദേശി തോമസ് മാത്യു കണ്ടക്ടറില്ലാ ബസ്സെന്ന പരീക്ഷണത്തിന് തുടക്കംകുറിച്ചത്. ബസില്‍ സ്ഥാപിച്ചിട്ടുള്ള മൂന്ന് പെട്ടികളില്‍ യാത്രക്കാര്‍ തന്നെ യാത്രാക്കൂലി നിക്ഷേപിക്കുന്നതായിരുന്നു രീതി. ഗൂഗിള്‍പേ സംവിധാനവും ഒരുക്കി. യാത്രക്കാരിലുള്ള തോമസ് മാത്യുവിന്റെ വിശ്വാസം തെറ്റിയില്ല. പുതിയപരീക്ഷണം യാത്രക്കാര്‍ ഏറ്റെടുത്തു. ഓരോരുത്തരും തങ്ങളുടെകൂലി പെട്ടിയില്‍ നിക്ഷേപിച്ചു.
ചില്ലറയില്ലാത്തതിനെത്തുടര്ന്ന് പണമിടാതെ പോയവര്‍ അടുത്തദിവസമെത്തി പണം പെട്ടിയിലിട്ടു. മാധ്യമങ്ങളിലൂടെ പുതിയപരീക്ഷണം വൈറലായെങ്കിലും കണ്ടക്ടറില്ലാതെ സര്‍വീസ് നടത്തരുതെന്ന മോട്ടര്‍വാഹനവകുപ്പിന്റെ നിര്‍ദേശമെത്തി. ഇതും മാധ്യമങ്ങളിലൂടെ വാര്‍ത്തയായതിനെത്തുടര്‍ന്ന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉടപെടുകയായിരുന്നു. തത്കാലം കണ്ടക്ടറില്ലാതെ തുടങ്ങിയ ബസ് സര്‍വീസ് തടയേണ്ടെന്ന് തീരുമാനിക്കയായിരുന്നു.
നിര്‍ബന്ധപൂര്‍വം പണംവാങ്ങുന്നില്ലാത്തതിനാല് കണ്ടക്ടറില്ലെങ്കിലും കുഴപ്പില്ലെന്ന നിലപാടാണ് തീരുമാനത്തിനുപിന്നില്‍. എന്തായാലും ബസ് വ്യവസായം പ്രതിസന്ധിനേരിടുന്ന കാലത്ത് വീണ്ടും കണ്ടക്ടറില്ലാതെ സര്‍വീസ് നടത്താനായതിന്റെ സന്തോഷത്തില്‍ മോട്ടര്വാഹനവകുപ്പിനോടും ജനങ്ങളോടും മാധ്യമങ്ങളോടും നന്ദിപറയുകയാണ് തോമസ് മാത്യു. ചെലവുകുറയ്ക്കാന്‍ ഡീസലിനുപകരം പ്രകൃതിവാതകമാണ് ഉപയോഗിക്കുന്നതെന്നതും പ്രത്യേകതയാണ്.
കണ്ടക്ടര്‍ ഇല്ലാതെ സര്‍വീസ് നടത്തുന്ന കാടന്‍കാവില്‍ ബസിന് അനുമതി നല്കാന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും അറിയിച്ചു. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാരം പങ്കുവെച്ചത്. മോട്ടോര്‍ വാഹന നിയമപ്രകാരം ടിക്കറ്റ് നല്കി സര്‍വീസ് നടത്തുമ്പോള്‍ കണ്ടക്ടര്‍ വേണമെന്നാണ് നിയമം. പക്ഷേ ഈ ബസ്സുടമ ടിക്കറ്റ് നല്‍കുന്നില്ല. ഈ സാഹചര്യത്തിലാണ് അനുമതി നല്‍കിയതെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
കണ്ടക്ടര്‍ ഇല്ലാതെ സര്‍വീസ് നടത്തിയ പാലക്കാട്ടെ കാടന്‍കാവില്‍ ബസ്സ് സര്‍വീസിന് അനുമതി നിഷേധിച്ചതിനെതിരെ നിരവധി പരാതികളാണ് ലഭിച്ചത്. മോട്ടോര്‍ വാഹന നിയമപ്രകാരം ടിക്കറ്റ് നല്കി സര്‍വീസ് നടത്തുമ്പോള്‍ കണ്ടക്ടര്‍ വേണമെന്നാണ് നിയമം. പക്ഷേ ഈ ബസ്സുടമ ടിക്കറ്റ് നല്‍കുന്നില്ല. യാത്രക്കാര്‍ പണപ്പെട്ടിയില്‍ പണം ഇടുകയാണ് ചെയുന്നത്. ടിക്കറ്റില്ലാത്ത ബസ് ആയതിനാല്‍ അത്തരം ബസുകള്‍ക്ക് കണ്ടക്ടര്‍ വേണമെന്നില്ല. അതുകൊണ്ട് അവര്‍ക്ക് പെര്‍മിറ്റ് നല്കാന് നിര്‍ദേശം നല്കി. കണ്ടക്ടര്‍ ഇല്ലാതെ യാത്രക്കാരുടെ സത്യസന്ധതയെ മാനിച്ച് ബസില്‍ പണപ്പെട്ടി സ്ഥാപിച്ച് പൊതുജനങ്ങള്‍ക്ക് യാത്രക്ക് സൗകര്യം ഒരുക്കുകയാണ് ബസ്സുടമ ചെയ്തത്.
മോട്ടോര്‍ വാഹനനിയമ പ്രകാരം ബസ് സര്‍വീസിന് കണ്ടക്ടര്‍ അനിവാര്യമായതിനാല്‍ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ വിവിധ കോണുകളില്‍ നിന്ന് ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കണ്ടക്ടറില്ലാതെ കഴിഞ്ഞയാഴ്ച്ചയാണ് പാലക്കാട് സ്വകാര്യ സിഎന്‍ജി ബസ് സര്‍വ്വീസ് ആരംഭിച്ചത്. യാത്രക്കാര്‍ ബസില്‍ സ്ഥാപിച്ച ബോക്സില്‍ യാത്രാ ചാര്‍ജ് നിക്ഷേപിച്ച് യാത്ര ചെയ്യാം. പണമില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ പണം അടച്ചാല്‍ മതി.മാതൃകാപരമായ ഒരു പുതിയ രീതി എന്ന നിലയിലും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും നാട്ടുകാരുടെയും സത്യസന്ധതയെ മാനിക്കുന്ന പുതിയ പരീക്ഷണം എന്ന നിലയിലും ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണ്.
Content Highlights: Motor vehicle department give permit for conductor less bus service, Kadankavil Bus, CNG Bus
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..