തിരുവനന്തപുരം: കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് രൂപീകരിച്ച ഹോളിസ്റ്റിക് ഹെൽത്ത് ടാസ്‌ക് ഫോഴ്‌സിനെയും അഞ്ചര ലക്ഷത്തിലധികം രൂപ വിലവരുന്ന എസ്.എം.എ. മരുന്ന് കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്നതിനെയും സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ സഭയിൽ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. ടാസ്‌ക് ഫോഴ്‌സ് രൂപീകരണവും എസ്.എം.എ മരുന്ന് വിതരണവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചികിത്സാ ചെലവ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രോഗങ്ങൾ നേരത്തെ തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും, അലോപ്പതിയും ആയുർവേദവും ഉൾപ്പെടെയുള്ള മെഡിക്കൽ ശാഖകളെ സമന്വയിപ്പിച്ച് നവീകരിച്ച ഹോളിസ്റ്റിക് മെഡിക്കൽ സമീപനം നടപ്പിലാക്കാനുമാണ് പുതിയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളെ മുൻനിർത്തി പ്രതിപക്ഷം നടത്തുന്ന അധിക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണ്. കരൾരോഗ വിദഗ്ധൻ പത്മഭൂഷൺ ഡോ. ശിവകുമാർ സരിൻ, ഡോ. എം.വി പിള്ള, സംരംഭകൻ ഫൈസൽ ഇ. കൊട്ടിക്കോളൻ, ദേവദാസ് വാര്യർ, പത്മശ്രീ ഡോ. ഹർഷ് മഹാജൻ, ഡോ. പ്രതാപ് ചൗഹാൻ, ഡോ. കാഞ്ചയ്യ രവീന്ദ്രനാഥ്, ഡോ. എസ്. എസ്. ലാൽ, ഡോ. പി. എം. വാര്യർ, ഡോ. നിഷ നിജിൽ, മുൻ യു.പി ചീഫ് സെക്രട്ടറി ദീപക് സിംഗാൾ തുടങ്ങി പ്രശസ്തരായ വിദഗ്ധരെയാണ് നോളജ് പാർട്ട്‌നേഴ്‌സായി സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദീപക് സിംഗാളിനെതിരെയുള്ള വിജിലൻസ് കേസ് ആരോപണം തെറ്റാണെന്നും, 2019-ൽ തന്നെ അദ്ദേഹം എല്ലാ കേസുകളിലും വിജിലൻസ് ക്ലിയറൻസ് നേടിയ ആളാണെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

രണ്ടാമത്തെ ആരോപണം അഞ്ച് ലക്ഷത്തി അൻപതിനായിരം രൂപയുടെ മരുന്ന് പതിനയ്യായിരം രൂപയ്ക്ക് വിൽക്കാൻ പോകുന്നതിന് എതിരായാണ്. സുപ്രീം കോടതിയും ഹൈക്കോടതിയും കേന്ദ്രഗവൺമെന്റും എല്ലാ ഏജൻസികളും പൂർണ്ണമായും അംഗീരിച്ചിട്ടുളള ഈ മരുന്ന് വിൽക്കുന്നതിനെതിരെയാണ് പരസ്പര വിരുദ്ധമായ ആരോപണം. അന്താരാഷ്ട്ര മരുന്ന് കമ്പനിയുടെ പേറ്റന്റ് കുത്തക അവസാനിപ്പിച്ച് ഇന്ത്യൻ കമ്പനി വിൽക്കുന്ന മരുന്ന് എസ്.എം.എ രോഗികൾക്ക് നൽകുകയാണ്. ആറരലക്ഷം രൂപ ചെലവ് വരുന്ന മരുന്ന് പതിനയ്യായിരം രൂപയ്ക്ക് വിതരണം ചെയ്യുമ്പോൾ വലിയ ആശ്വാസമാണ് ഇവർക്ക് ലഭിക്കുന്നത്. ഇനിയും കുറയ്ക്കാൻ പറ്റും. ഞങ്ങളുടെ ആഗ്രഹം ഒൻപതിനായിരം രൂപയ്ക്ക് കുറച്ചു കൊടുക്കണമെന്നാണ്. ആരോഗ്യരംഗത്തെ മികച്ച മേഖലയാക്കി മാറ്റാനുള്ള ദൃഡപ്രതിജ്ഞ എടുത്തിട്ടുള്ള സർക്കാരാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രികളും വിദേശ കമ്പനികളും പാത്തോളജി, റേഡിയോളജി, ഡയഗ്‌നോസ്റ്റിക്‌സ്, ഫാർമസി മേഖലകൾ പിടിച്ചെടുത്ത് ചികിത്സാ ചെലവ് കുത്തനെ കൂട്ടുന്നതിനെതിരെ പ്രതിരോധമൊരുക്കാനും ചികിത്സാ ചെലവ് കുറയ്ക്കാനുമാണ് വിദഗ്ധ സമിതിയുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ ചിലവിൽ മരുന്ന് നൽകുന്നതിനെയും മികച്ച ആരോഗ്യ മാതൃകകൾ കൊണ്ടുവരുന്നതിനെയും എതിർക്കുന്ന പ്രതിപക്ഷം വൻകിട കോർപ്പറേറ്റുകൾക്ക് വേണ്ടിയാണോ രോഗികൾക്ക് വേണ്ടിയാണോ നിലകൊള്ളുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്ലീഷേ വാചകങ്ങൾ പറഞ്ഞ് ഭയപ്പെടുത്തേണ്ട. നിങ്ങൾ ഭരിച്ചതു പോലെയല്ല നാടിനെ രക്ഷപ്പെടുത്താൻ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ഞങ്ങൾ പറഞ്ഞത്. ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലുമുൾപ്പടെ ജനങ്ങൾക്ക് വേണ്ടി മാറ്റങ്ങൾ ഉണ്ടാക്കാൻ ദൃഡപ്രതിജ്ഞയുമായാണ് ഈ സർക്കാർ മുന്നോട്ടു പോകുന്നത്. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.