മിഡ്-സൈസ് എസ്‌യുവിയായ വിക്ടോറിസിന്റെ കയറ്റുമതി ആരംഭിച്ച് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. 450-ൽ അധികം കാറുകൾ ഉൾക്കൊള്ളുന്ന ആദ്യ ബാച്ച് ഗുജറാത്തിലെ മുന്ദ്ര, പിപാവവ് തുറമുഖങ്ങളിൽനിന്ന് അന്താരാഷ്ട്ര വിപണികളിലേക്ക് പുറപ്പെട്ടു. വിദേശ രാജ്യങ്ങളിൽ ഈ എസ്‌യുവി 'അക്രോസ്' എന്ന പേരിലാണ് വിൽക്കുക.

To advertise here,

വാഹനം 100-ൽ അധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് പദ്ധതി. ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങളായി കമ്പനി തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഇന്ത്യയിൽ നിർമിച്ച ഈ എസ്‌യുവി, കയറ്റുമതി ആരംഭിക്കുന്നതിന് മുന്നോടിയായി ജപ്പാൻ മൊബിലിറ്റി ഷോ 2025-ൽ പ്രദർശിപ്പിച്ചിരുന്നു.

ആധുനികവും സാങ്കേതികവിദ്യയിൽ മുന്നിട്ടുനിൽക്കുന്നതുമായ ഒരു എസ്‌യുവിയാണ് വിക്ടോറിസ്. സ്റ്റൈലിങ്, നൂതന സാങ്കേതികവിദ്യ, ശക്തമായ സുരക്ഷ എന്നിവയും പ്രത്യേകതകളാണ്. ഗ്ലോബൽ NCAP, ഭാരത് NCAP എന്നിവയിൽ 5-സ്റ്റാർ റേറ്റിങ് നേടിയത് വാഹനത്തിന്റെ ആഗോള നിലവാരം തെളിയിക്കുന്നു.

സവിശേഷതകൾ

സാങ്കേതികവിദ്യ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമാണ് വിക്ടോറിസിന്റെ ഉൾവശം. 10.25-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 35-ൽ അധികം ആപ്പുകളുള്ള ഫ്ലോട്ടിങ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 60-ൽ അധികം കണക്റ്റഡ് കാർ ഫീച്ചറുകളുള്ള പുതിയ തലമുറ സുസുക്കി കണക്റ്റ് ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള ഇൻഫിനിറ്റി ബൈ ഹർമൻ 8-സ്പീക്കർ സിസ്റ്റം, പനോരമിക് സൺറൂഫ് ജെസ്റ്റർ കൺട്രോളോടു കൂടിയ സ്മാർട്ട് പവേർഡ് ടെയിൽഗേറ്റ്, 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ്, എട്ട് രീതികളിൽ ക്രമീകരിക്കാവുന്ന പവേർഡ് വെന്റിലേറ്റഡ് ഡ്രൈവർ സീറ്റ്, PM 2.5 എയർ പ്യൂരിഫയർ, അലക്സ വോയിസ് കമാൻഡ് ഇന്റഗ്രേഷൻ എന്നിവ പ്രധാന ഫീച്ചറുകളാണ്.

10 വ്യത്യസ്ത എക്സ്റ്റീരിയർ നിറങ്ങളിൽ വാഹനം ലഭ്യമാകും. ക്രോം സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ച എൽഇഡി ഡിആർഎല്ലുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, സ്ക്വയർ ആകൃതിയിലുള്ള വീൽ ആർച്ചുകൾ, റൂഫ് റെയിലുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ-ലാമ്പ് ഡിസൈൻ എന്നിവ വാഹനത്തിന്റെ ആകർഷകമായ സ്റ്റൈലിങ്ങിന് മാറ്റുകൂട്ടുന്നു.

ഗ്രാൻഡ് വിറ്റാരയുടെ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന വിക്ടോറിസിന് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, സ്ട്രോങ്ങ്-ഹൈബ്രിഡ്, സിഎൻജി പവർട്രെയിൻ ഓപ്ഷനുകളുണ്ട്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളോടു കൂടിയ 1.5-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് മൈൽഡ് ഹൈബ്രിഡ്‌ പെട്രോൾ എൻജിൻ 103 ബിഎച്ച്പി പവറും 139 എൻഎം ടോർക്കും നൽകും.

മികച്ച ഇന്ധനക്ഷമതയ്ക്കായി ഇ-സിവിടി ഗിയർബോക്‌സുമായി ഘടിപ്പിച്ച സ്ട്രോങ്ങ്-ഹൈബ്രിഡ് 1.5-ലിറ്റർ പെട്രോൾ യൂണിറ്റ് 116 ബിഎച്ച്പി പവറും 141 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് മാനുവലുമായി വരുന്ന ഫാക്ടറി-ഫിറ്റഡ് സിഎൻജി വേരിയന്റ് 87 ബിഎച്ച്പി കരുത്തും 121 എൻഎം ടോർക്കുമാണ് നൽകുക. ഓൾ-വീൽ-ഡ്രൈവ് (AWD) സംവിധാനവും എസ്‌യുവിയിൽ ലഭ്യമാണ്.