മുംബൈ: തുടർച്ചയായ ആറാംവർഷവും മഹാരാഷ്ട്രയിൽ റോഡപകടങ്ങളുടെ എണ്ണത്തിൽ വർധന. അതേസമയം, മരണങ്ങളിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 2025-ൽ സംസ്ഥാനത്ത് 36,450 റോഡപകടങ്ങൾ രേഖപ്പെടുത്തി. കർശന നിയമനടപടികൾ സ്വീകരിച്ചിട്ടും അപകടങ്ങൾ കുറഞ്ഞിട്ടില്ല.

To advertise here,

ഗുരുതരപരിക്കേറ്റവരുടെ എണ്ണത്തിൽ എട്ടുശതമാനത്തോളം വർധയുണ്ടായിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾപ്രകാരം, 2020-ൽ സംസ്ഥാനത്ത് 24,971 അപകടങ്ങൾ രേഖപ്പെടുത്തി. ഇത് 2021-ൽ 29,477 ആയി, 2022-ൽ 33,383, 2023-ൽ 35,243, 2024-ൽ 36,110 എന്നിങ്ങനെയാണ് അപകടങ്ങൾ. കോവിഡ് മഹാമാരി ലോകത്തെ ബാധിച്ച 2020-ൽ അപകടങ്ങളിൽ കുറവുണ്ടായി. 4.5 കോടിയിലധികം വാഹനമാണ് മഹാരാഷ്ട്രയിൽ നിലവിലുള്ളത്.

2021-നുശേഷം ആദ്യമായി മരണനിരക്ക് നേരിയതോതിൽ കുറയ്ക്കാൻകഴിഞ്ഞു. 2025-ൽ മഹാരാഷ്ട്രയിൽ 14,440 അപകടങ്ങളിലായി 15,549 മരണം രേഖപ്പെടുത്തി. 2024-ൽ 14,565 അപകടങ്ങളിലായി 15,715 മരണം രേഖപ്പെടുത്തിയിരുന്നു. 2021-13,528, 2022 -15,224, 2023-15,366, 2024-15,7150 എന്നിങ്ങനെയാണ് മരണങ്ങൾ റിപ്പോർട്ടുചെയ്തിട്ടുള്ളത്.

ഗതാഗതവകുപ്പ് തുടർച്ചയായി നടപ്പാക്കിയ നടപടികളുടെ ഗുണഫലമായാണ് 2025-ൽ റോഡപകടങ്ങളിൽ 166 മരണങ്ങൾ (1.05 ശതമാനം) കുറഞ്ഞതെന്ന് മഹാരാഷ്ട്ര അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ ഭാരത് കലാസ്‌കർ പറഞ്ഞു. 2030 ആകുമ്പോഴേക്കും റോഡപകടങ്ങളുടെ എണ്ണം 50 ശതമാനം കുറയ്ക്കുകയെന്നതാണ് സംസ്ഥാനസർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ലക്ഷ്യം കൈവരിക്കുന്നതിന് സംസ്ഥാന-ജില്ലാ തലങ്ങളിൽ റോഡുസുരക്ഷാ സെല്ലുകൾ രൂപവത്കരിക്കുന്നതുൾപ്പെടെ വിവിധശ്രമങ്ങൾ നടന്നുവരുകയാണെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർധിക്കുന്നതിന് മറ്റ് ഒട്ടേറെ കാരണങ്ങളോടൊപ്പം ഡ്രൈവിങ് പരിശീലനത്തിന്റെ അഭാവവും ഒരു കാരണമാണെന്ന് പുണെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് ആൻഡ് റിസർച്ച് സൊസൈറ്റി (ഐ.ഡി.ടി.ആർ.എസ്.) പ്രിൻസിപ്പൽ സഞ്ജയ് സസാനെ പറഞ്ഞു.

മോട്ടോർവാഹന നിയമങ്ങൾ എല്ലാഡ്രൈവർമാർക്കും ഒരു പരിശീലനസിലബസ് നിർദേശിക്കുന്നുണ്ടെങ്കിലും വാണിജ്യവാഹന ഡ്രൈവർമാർക്കുമാത്രമേ അത് നിർബന്ധമുള്ളൂവെന്ന് മുൻ ആർ.ടി.ഒ. ഉദ്യോഗസ്ഥനായ സസാനെ പറഞ്ഞു.