രാത്രിയില്‍ അമിതവേഗതയില്‍ കടന്നുപോകുന്ന സ്വകാര്യ ട്യൂറിസ്റ്റ് ബസുകള്‍ ക്യാമറക്കണ്ണുകളെ കബളിപ്പിക്കുന്നതിനായി പുതുതന്ത്രം പുറത്തെടുക്കുന്നു. അമിതവേഗം പിടികൂടുന്നതിനായി റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളെ കബളിപ്പിച്ചാണ് ഇവര്‍ പിഴയില്‍നിന്ന് ഒഴിവാകുന്നത്.

To advertise here,

നമ്പര്‍ പ്ലേറ്റുകള്‍ക്കു സമീപത്തായി ലൈറ്റുകള്‍ സ്ഥാപിച്ചാണ് ക്യാമറക്കണ്ണുകളെ കബളിപ്പിക്കുന്നത്. വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്ന ടൂറിസ്റ്റ് ബസുകളാണ് ഇത്തരത്തില്‍ അനധികൃതമായി ലൈറ്റുകള്‍ നമ്പര്‍ പ്ലേറ്റുകള്‍ക്കു സമീപത്തും പ്ലേറ്റുകളിലുമായി ഘടിപ്പിച്ചിട്ടുള്ളത്. 

രാത്രികാലത്ത് ഈ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചു കഴിഞ്ഞാല്‍ ഇവയില്‍നിന്നുള്ള തീവ്രപ്രകാശം കാരണം ക്യാമറയുടെ സെന്‍സറുകള്‍ക്കു വാഹനത്തിന്റെ നമ്പര്‍ വ്യക്തമാകുന്നതരത്തിലുള്ള ഫോട്ടോ എടുക്കാന്‍ സാധിക്കുകയില്ല. 

വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകളില്‍നിന്നു വെള്ളനിറത്തിലുള്ള പ്രകാശം മാത്രമായിരിക്കും പ്രതിഫലിക്കുന്നത്. ഇതുമൂലം ക്യാമറ ചിത്രങ്ങളില്‍ വാഹനത്തിന്റെ നമ്പര്‍ പതിയുകയില്ല.

വാഹനത്തെ തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ പോലീസിനോ ആര്‍.ടി.ഒ. അധികൃതര്‍ക്കോ ട്രാഫിക് നിയമലംഘനങ്ങള്‍ക്കു പിഴയീടാക്കാന്‍ സാധിക്കില്ല. വാഹനത്തിന്റെ പിന്നിലെ നമ്പര്‍ പ്ലേറ്റിനുള്ളിലാണ് ഇത്തരം എല്‍.ഇ.ഡി. ബള്‍ബുകള്‍ സ്ഥാപിച്ചിട്ടുള്ളതെങ്കില്‍ വാഹനത്തിന്റെ മുന്നില്‍ നമ്പര്‍ പ്ലേറ്റുകള്‍ക്ക് ഇരുവശത്തുമാണ് സ്ഥാപിച്ചിട്ടുള്ളത്.

നമ്പര്‍ പ്ലേറ്റിന്റെ ഓരോ വശത്തും രണ്ടുവീതം ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവയില്‍ പലതും അധിക പ്രകാശം പുറത്തേക്കു വിടുന്ന ഹൈബീം ലൈറ്റുകളാണ്. ഇത് ക്യാമറക്കണ്ണുകളെ കബളിപ്പിക്കുന്നതിനോടൊപ്പംതന്നെ എതിര്‍വശത്തുനിന്നുവരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ കാഴ്ച മങ്ങിപ്പിക്കുന്നതുമാണ്. 

ഇത് പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നുണ്ട്. ഇത്തരം ഹൈബീം ലൈറ്റുകള്‍ മോട്ടോര്‍ വാഹന വകുപ്പ് നിരോധിച്ചിട്ടുണ്ടെങ്കിലും ഇവ കണ്ടെത്തിയാല്‍ പിഴ ഈടാക്കുക മാത്രമാണ് നിലവില്‍ ചെയ്തുവരുന്നത്. പിഴ അടച്ച് വീണ്ടും ഇത്തരം ലൈറ്റുകള്‍ സ്ഥാപിച്ചുതന്നെ വാഹനങ്ങള്‍ സര്‍വീസ് നടത്തുകയാണ് പതിവ്.

Content Highlights: LED Lights In Tourist Bus Number Plate