കോഴിക്കോട്: കെഎസ്ആര്‍ടിസി നേരിട്ട് നടത്തിയപ്പോള്‍ ലാഭകരമായിരുന്ന കൂറിയര്‍ സര്‍വീസ് പുറംകരാര്‍ കൊടുത്തപ്പോള്‍ വരുമാനത്തില്‍ ഇടിവ്. കൂറിയര്‍-ലോജിസ്റ്റിക് പദ്ധതിയിലൂടെ ഇപ്പോള്‍ പല ഡിപ്പോകളിലും നേരത്തേ ലഭിച്ചതിന്റെ നാലിലൊന്ന് വരുമാനമോ പകുതിയോ മാത്രമേ ലഭിക്കുന്നുള്ളൂ. നടത്തിപ്പില്‍ പരിചയസമ്പന്നത ഇല്ലാത്തതാണ് വരുമാന നഷ്ടത്തിന് കാരണമെന്നാണ് പറയുന്നത്.

To advertise here,

നിലവില്‍ സംസ്ഥാനത്തെ 45-ല്‍ ഏറെ ഡിപ്പോകളിലേറെ കൂറിയര്‍ സര്‍വീസുണ്ട്. ജില്ലാആസ്ഥാനത്തുള്ള പത്തുഡിപ്പോകളിലായിരുന്നു ഏറ്റവുംകൂടുതല്‍ വരുമാനം. ശരാശരി 25,000- 40,000 രൂപ വരെ പ്രതിദിനം ലഭിച്ചിരുന്ന ഡിപ്പോകളുണ്ടായി. 5000 രൂപ മുതലാണ് ചിലയിടങ്ങളില്‍ ലഭിച്ചിരുന്നത്. ഇപ്പോള്‍ ചില ഡിപ്പോകളില്‍ 8000-10,000 രൂപയൊക്കെയായി ചുരുങ്ങി.

കൂറിയര്‍ അയക്കുന്ന സാധനത്തിന്റെ തൂക്കത്തിനും ദൂരത്തിനും അനുസരിച്ചാണ് നിരക്ക്. ഒന്നുമുതല്‍ അഞ്ചുകിലോഗ്രാം വരെയുള്ള സാധനങ്ങള്‍ക്ക് 200 കിലോമീറ്ററിന് 110 രൂപയാണ് നിരക്ക്. 800 കിലോമീറ്ററാണെങ്കില്‍ അത് 430 രൂപയാവും. 2023-24 വര്‍ഷം 2.48 കോടി വരുമാനമുണ്ടായിരുന്നു. ചെലവ് ഒരുകോടിയിലേറെയായിരുന്നു. 2024-25 വര്‍ഷം ആറുകോടിയോളമായി. ഇപ്പോള്‍ ഡിപ്പോകളിലെ വരുമാനം പകുതിയോളമായി കുറഞ്ഞെന്ന് ജീവനക്കാര്‍തന്നെ പറയുന്നുണ്ട്.

സെപ്റ്റംബറിലാണ് സ്വകാര്യകമ്പനിയെ ഏല്‍പ്പിച്ചത്. ടിക്കറ്റിതരവരുമാനം കൂട്ടാനായി തുടങ്ങിയ കൂറിയര്‍ സര്‍വീസ് സ്വകാര്യകമ്പനിയെ ഏല്‍പ്പിച്ചതിന്റെ കാരണംപോലും കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കിയിരുന്നില്ല. കൂറിയര്‍ കൊണ്ടുപോകാന്‍ ഡിപ്പോകളില്‍ കൗണ്ടര്‍ സ്ഥാപിച്ചാണ് പ്രവര്‍ത്തനം.

നേരത്തേ എംപാനല്‍ കണ്ടക്ടര്‍മാര്‍ക്കായിരുന്നു ചുമതല. അതുകൊണ്ടുതന്നെ കയറ്റി അയക്കുന്നതിലുള്‍പ്പെടെ താമസമില്ലായിരുന്നു. കെഎസ്ആര്‍ടിസിക്ക് എല്ലായിടത്തും സര്‍വീസ് ഉണ്ടെന്നതും നേട്ടമായി. എന്നാല്‍, ഇപ്പോള്‍ ആന്ധ്രയില്‍നിന്നുള്ള കമ്പനിക്കാണ് ചുമതല. ഇത്തരത്തില്‍ കൂറിയര്‍ കൈകാര്യംചെയ്ത് പരിചയമില്ലാത്തതും ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമെല്ലാം കാരണം സേവനത്തിന് താമസമെടുക്കുന്നുണ്ട്.

നിശ്ചിതസമയത്ത് കൂറിയര്‍ കിട്ടാത്ത പ്രശ്‌നമുണ്ട്. അതുകൊണ്ടുതന്നെ പലരും പുറമേയുള്ള കൂറിയര്‍ സര്‍വീസുകളെ ആശ്രയിക്കുകയാണ്. പുതുതായി കരാറേറ്റെടുക്കുന്നവര്‍ക്ക് പരിചയമായി വരാനുള്ള കാലതാമസമായിരിക്കുമെന്നും പ്രശ്‌നം പരിഹരിക്കപ്പെടുമെന്നുമാണ് അധികൃതര്‍ പറയുന്നത്.