കൊച്ചി: ടിക്കറ്റ് ഇതര വരുമാനം നേടുന്നതിൽ വിജയിച്ച തങ്ങളുടെ കൂറിയർ സർവീസിൽ കൂടുതൽ സാധ്യതകൾ തേടി കെ.എസ്.ആർ.ടി.സി. വിലാസക്കാർക്ക് സ്ഥലത്തെത്തി കൂറിയർ നൽകുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾ ആലോചിച്ചിരുന്നെങ്കിലും യാഥാർഥ്യമായിരുന്നില്ല. അധികവരുമാനം അടിയന്തരമായി കണ്ടെത്തേണ്ട പുതിയ സാഹചര്യത്തിൽ അതിന്റെ വഴികൾ പരിശോധിക്കുകയാണ് സ്ഥാപനം.
കേരളത്തിലെ 43 ഡിപ്പോകളിലും കോയമ്പത്തൂരിലും നാഗർകോവിലിലും ആരംഭിച്ച കൂറിയർ ചുരുങ്ങിയ കാലം കൊണ്ട് നല്ല വിജയമായിരുന്നു. രണ്ടുവർഷംകൊണ്ട് 12 കോടി രൂപയിൽ അധികം വരുമാനവും നേടി. കെ.എസ്.ആർ.ടി.സി.യിലെ തന്നെ താത്കാലിക ജീവനക്കാരായിരുന്നു ഇതിനായി പ്രവർത്തിച്ചത്. എന്നാൽ ഇടയ്ക്ക് ഒരു സ്വകാര്യ സ്ഥാപനത്തിന് കൂറിയറിന്റെ നടത്തിപ്പ് കൈമാറി.
2025 ഓഗസ്റ്റ് വരെ കൂറിയറിൽ നിന്നുള്ള വരുമാനം 12 കോടിയാണ്. 2023-2024 ൽ രണ്ടര കോടിയായിരുന്ന വരുമാനം 2024- 2025 ൽ ആറര കോടിയായി ഉയർന്നു. 2025 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ചുമാസങ്ങളിൽ മൂന്നുകോടിക്ക് അടുത്താണ് ലഭിച്ചത്. വിജയസാധ്യത തിരിച്ചറിഞ്ഞ് കെ.എസ്.ആർ.ടി.സി. ഇത് ഏറ്റെടുത്താൽ മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കാനാകുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
സ്റ്റാൻഡുകളിൽ കൂറിയർ സർവീസ് പ്രവർത്തിക്കാനുള്ള സ്ഥലം, കൊണ്ടുപോകാനുള്ള ബസുകൾ, കംപ്യൂട്ടർ തുടങ്ങിയവ കെ.എസ്.ആർ.ടി.സി.യാണ് നൽകുന്നത്.
സുഗമമായ നടത്തിപ്പ്, കൂറിയറുകൾ സ്വീകരിക്കുക, മേൽവിലാസക്കാരന് നൽകുക എന്നിവയാണ് സ്വകാര്യ കമ്പനി ചെയ്യുന്നത്. തെലങ്കാനയിലെ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കൂറിയർ പരീക്ഷണത്തിന്റെ വിജയത്തെ പിൻപറ്റിയാണ് കെ.എസ്.ആർ.ടി.സി കൂറിയർ തുടങ്ങിയത്.
വേണ്ടത്ര ജീവനക്കാരും സംവിധാനവും ഇല്ലാതെ സ്റ്റാൻഡുകളിലെ ഉള്ള സ്ഥലത്തായിരുന്നു തുടക്കം. റിട്ട. കെ.എസ്.ആർ.ടി.സി. ജീവനക്കാരെയും ജോലി നഷ്ടമായ എംപാനലുകാരെയും ദിവസക്കൂലിക്കുവെച്ചാണ് പ്രവർത്തനം. കൗണ്ടറുകളും സൗകര്യങ്ങളും അപര്യാപ്തമാണ്.
ഏതു രാത്രിയിലും കൂറിയർ അയക്കാം, സംസ്ഥാനത്തിനകത്താണെങ്കിൽ 16 മണിക്കൂറിനകം കിട്ടും എന്നിവയാണ് കെ.എസ്.ആർ.ടി.സി. കൂറിയറിന്റെ ആകർഷണീയത. പദ്ധതി വിജയിച്ചതോടെ ചില സ്വകാര്യ കൂറിയർ കമ്പനികൾ പോലും ഇതിനെ പ്രവർത്തനത്തിനായി ആശ്രയിക്കുന്നുണ്ട്.
Content Highlights: To urgently generate additional non-ticket revenue, KSRTC is exploring new expansion strategies for its highly successful courier service, which has already generated over ₹12 crore in revenue within two years.
Published: 23 May 2026, 04:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented