കൊല്ലം: പൊതുനിരത്തുകളിൽ ഗുരുതര അപകടം സൃഷ്ടിക്കാവുന്ന വിധത്തിൽ 'തീ തുപ്പുന്ന' രീതിയിൽ അനധികൃതമായി പരിഷ്‌കരിച്ച വാഹനം മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. തിരുവനന്തപുരം പള്ളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാന്റെ ഉടമസ്ഥതയിലുള്ള കാറാണ് കല്ലുവെട്ടാംകുഴിയിൽനിന്ന് പിടികൂടിയത്. വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതടക്കമുള്ള നടപടികൾ ആരംഭിച്ചതായി മോട്ടോർവാഹന വകുപ്പ് അറിയിച്ചു.

To advertise here,

ഞായറാഴ്ച കുണ്ടറ ഇളമ്പള്ളൂരിലെ കല്യാണ ഓഡിറ്റോറിയത്തിലേക്ക് എത്തിയ വാഹനം ഓഡിറ്റോറിയത്തിനു മുന്നിൽ നിർത്തി, പിറകിലെ പുകക്കുഴലിൽനിന്ന് അപകടകരമായി തീ തുപ്പുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

വാഹന ഉടമയുടെ വീട്ടിൽ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു. വാഹനം ഉടൻ ഹാജരാക്കണമെന്ന് ഉടമയ്ക്ക് നിർദേശം നൽകിയെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കല്ലുവെട്ടാംകുഴിയിലെ വർക്ഷോപ്പിൽ വീലുകളുൾപ്പെടെ നീക്കംചെയ്ത് ടാർപോളിൻ ഷീറ്റുകൊണ്ട് മറച്ചനിലയിലാണ് വാഹനം കണ്ടെത്തിയത്.

നിർദേശങ്ങൾ പാലിക്കാത്തപക്ഷം കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇയാളുടെ ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചു. അനധികൃതമായി മാറ്റങ്ങൾ വരുത്തിയതിന് നാല് കേസുകളും നിയമലംഘനങ്ങൾക്ക് പിഴയൊടുക്കാത്തതിന് 11 കേസുകളും ഈ വാഹനത്തിനെതിരേ നിലവിലുണ്ടെന്ന് അധികൃതർ അറിയിച്ചു.