കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍-തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യബസുകളില്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ടുകളും ദുരിതങ്ങളും സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് തുറന്ന കത്തെഴുതി സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ തിരക്കഥാകൃത്ത് പി.എസ്. റഫീഖ്. തൃശ്ശൂരിലെ പ്രമുഖ കോളേജില്‍ ഡിഗ്രിക്ക് പ്രവേശനം ലഭിച്ച മകളടക്കമുള്ള വിദ്യാര്‍ഥികള്‍ ബസ് കണ്‍സഷന്റെ പേരില്‍ സീറ്റുകളില്‍ ഇരിക്കുന്നത് സംബന്ധിച്ച് ബസ് ജീവനക്കാരാല്‍ സ്ഥിരമായി അപമാനിക്കപ്പെടുകയാണെന്ന് റഫീഖ് കളക്ടര്‍ക്കെഴുതിയ കത്തില്‍ പറയുന്നു.
കൊടുങ്ങല്ലൂരില്‍നിന്ന് തൃശ്ശൂരിലേക്ക് പത്തുരൂപയാണ് വിദ്യാര്‍ഥികള്‍ നല്‍കുന്നത്. എന്നാല്‍, ഇത് പറ്റില്ല എന്നതാണ് ജീവനക്കാരുടെ ഭീഷണി. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലാണെങ്കില്‍ കണ്‍സഷന്‍ അനുവദിക്കാത്തതുമൂലം മിക്ക വിദ്യാര്‍ഥികളും ലോക്കല്‍ ബസുകളെയാണ് ആശ്രയിക്കുന്നത്. മറ്റു യാത്രക്കാരുടെ മുന്നില്‍വെച്ച് ബസില്‍നിന്ന് പിടിച്ചിറക്കുക, അസഭ്യം പറയുക തുടങ്ങിയ നിരവധി പീഡനങ്ങളാണ് പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ നേരിടുന്നതെന്നും ഇത്തരം വിഷയത്തില്‍ ഇടപെട്ട് നീതിപൂര്‍വമായ പരിഹാരം ഉണ്ടാക്കണമെന്നും രക്ഷിതാക്കളുടെ പ്രതിനിധി എന്ന നിലയില്‍ റഫീഖ് ജില്ലാ കളക്ടര്‍ക്കെഴുതിയ കത്തില്‍ ആവശ്യപ്പെട്ടത്.
പി.എസ്. റഫീഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജില്ലാ ഭരണകൂടം ഒപ്പമുണ്ടെന്നാണ് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. യാത്ര കണ്‍സെഷനുമായി ബന്ധപ്പെട്ട് ചില ബസുകളിലെ ജീവനക്കാരില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടാകുന്നതായുള്ള പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികളെ ബസില്‍ നിന്നിറക്കി വിടുക, അപമാനിക്കുക, മോശമായി പെരുമാറുക തുടങ്ങിയ ഇത്തരം പ്രവണതകള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് കളക്ടറുടെ കുറിപ്പില്‍ പറയുന്നത്.
ഇത്തരം ബസ് ജീവനക്കാര്‍ക്കെതിരേ വരും ദിവസങ്ങളില്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പും കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം ഉറപ്പുനല്‍കിയിരിക്കുന്നത്. സ്ഥിരമായി നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് നല്ലനടപ്പും ബോധവത്കരണ ക്ലാസുകളും നിയമപരമായ ശിക്ഷകളും നല്‍കുന്നതിനെ കുറിച്ചും ആലോചിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു. യാത്രകളില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ പരാതി നല്‍കുന്നതിനുള്ള നമ്പറുകളും കളക്ടര്‍ പങ്കുവെച്ചിട്ടുണ്ട്.
തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
Content Highlights: Students face harassment over bus concessions on Kodungallur-Thrissur route
Published: 31 Jul 2025, 10:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented