കാക്കനാട് (കൊച്ചി): ഒരുമാസം ഫാന്‍സി നമ്പര്‍ ലേലംനടത്തിയാല്‍ എറണാകുളം ആര്‍ടി ഓഫീസിന് ലഭിക്കുക അരക്കോടിയില്‍ താഴെയാണ്. എഴുനൂറോളം നമ്പറുകള്‍ വിറ്റുപോയാല്‍മാത്രമേ ഇത്രയും തുക കിട്ടൂ. എന്നാല്‍, ആ തുക ഒറ്റ നമ്പറില്‍നിന്ന് ലഭിച്ചാലോ? ഉദ്യോഗസ്ഥരെ ഞെട്ടിച്ച് 25,000 രൂപവിലയുള്ള ഫാന്‍സി നമ്പറിനായി എറണാകുളം സ്വദേശി മുടക്കുന്നത് 46,24,000 രൂപ.

To advertise here,

കെഎല്‍ 07 ഡിജി 0007 എന്ന നമ്പറാണ് തിങ്കളാഴ്ച ലിറ്റ്മസ് 7 സിസ്റ്റം കണ്‍സല്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ലേലത്തില്‍ സ്വന്തമാക്കിയത്. 4.66 കോടിരൂപ വിലയുള്ള ലംബോര്‍ഗിനിക്കുവേണ്ടിയാണ് ഈ നമ്പര്‍. നമ്പറിനായി അഞ്ച് പ്രമുഖരാണ് കളത്തിലിറങ്ങിയത്. ഉയര്‍ന്ന തുക വിളിച്ച കമ്പനിക്ക് നമ്പര്‍ അനുവദിച്ചു.

എറണാകുളം ജോയിന്റ് ആര്‍ടിഒ സി.ഡി. അരുണിന്റെ നേതൃത്വത്തിലായിരുന്നു ഓണ്‍ലൈന്‍ ലേലം. ഇതുവരെ കേരളത്തില്‍ നടന്ന ഫാന്‍സി നമ്പര്‍ ലേലത്തിലെ ഏറ്റവുമുയര്‍ന്ന വിലകളിലൊന്നാണിത്. മുന്‍പ് തിരുവനന്തപുരം ആര്‍ടി ഓഫീസില്‍ കെഎല്‍ 01 സികെ 1 എന്ന നമ്പറിന് തിരുവനന്തപുരം സ്വദേശി മുടക്കിയത് 31 ലക്ഷംരൂപയായിരുന്നു.

0001 വില 25.52 ലക്ഷം

കെഎല്‍ 07 ഡിജി 0001 എന്ന നമ്പറിനുവേണ്ടിയും വാശിയേറിയ ലേലം നടന്നു. ബിസിനസുകാരനായ പിറവം സ്വദേശി തോംസണ്‍ ബാബു 25.52 ലക്ഷംരൂപ ചെലവിട്ടാണ് നന്പര്‍ സ്വന്തമാക്കിയത്.