കണ്ണൂര്‍: മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന തുടങ്ങി. സ്‌കൂള്‍വാഹനങ്ങളുടെ സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള പരിശോധനയാണ് നടക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 31 സ്‌കൂള്‍വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. മറ്റ് വാഹനങ്ങളുടെ പരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും.
സ്‌കൂള്‍ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് സ്‌കൂള്‍ബസുകളുടെ സുരക്ഷാപരിശോധന കര്‍ശനമാക്കിയത്. 'സേഫ് സ്‌കൂള്‍ ബസ്' എന്നപേരിലാണ് പ്രത്യേക പരിശോധന. കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാസംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ്, ജിപിഎസ് എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ജില്ലയിലെ സ്‌കൂള്‍ ബസുകളുടെ പരിശോധന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
സ്‌കൂള്‍ വാഹനങ്ങള്‍ എങ്ങനെയായിരിക്കണം
സ്‌കൂള്‍ വാഹനങ്ങള്‍ നിറം സ്വര്‍ണ മഞ്ഞനിറമായിരിക്കണം. ജനാലയ്ക്ക് താഴെ 15 സെന്റീമീറ്റര്‍ വീതിയുള്ള ബ്രൗണ്‍ ബോര്‍ഡ് നിര്‍ബന്ധമാണ്. വേഗപ്പൂട്ട്, സിസിടിവി, സുരക്ഷാവാതിലുകള്‍, വാതിലിന്റെ ഇരുവശവും പിടിച്ചുകയറാനുള്ള കൈവരി എന്നിവയൊരുക്കണം. ബസിന്റെ പിറകുവശത്ത് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫോണ്‍ നമ്പര്‍ എഴുതണം. പോലീസ് (100), അഗ്‌നിരക്ഷാസേന (101), ആംബുലന്‍സ് ((108), ചൈല്‍ഡ് ഹെല്‍പ് ലൈന്‍ (1098) എന്നിവയാണ് അടിയന്തര ഫോണ്‍നമ്പറുകള്‍.
സ്‌കൂളിന്റെ പേരും മേല്‍വിലാസവും വാഹനങ്ങളുടെ ചുമതലയുള്ള നോഡല്‍ ഓഫീസറുടെ ഫോണ്‍ നമ്പറും ഇരുവശങ്ങളിലും രേഖപ്പെടുത്തണം. ഗുണനിലവാരമുള്ള ഇരിപ്പിടങ്ങളും സ്‌കുള്‍ ബാഗ്, കുട എന്നിവ സൂക്ഷിക്കാനുള്ള റാക്കും ബസിലുണ്ടാകണം. സ്‌കൂള്‍ ബസ് ഡ്രൈവറായി പ്രവര്‍ത്തിക്കാന്‍ കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിങ് പരിചയം നിര്‍ബന്ധമാണ്. പരിശീലനം നേടിയ ആയയോ ഡോര്‍ അറ്റന്‍ഡറോ ബസില്‍ ഉണ്ടാകണം.
പരിശോധന കര്‍ശനമാക്കും -ആര്‍ടിഒ
സ്‌കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കണ്ണൂര്‍ ആര്‍ടിഒ ഇ.എസ്. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. വാഹനപരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും. ഫിറ്റനസ് സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കാന്‍ അനുവദിക്കില്ല.
ബസുകളുടെ ഫിറ്റ്‌നസ്, കാലപ്പഴക്കം, ബ്രേക്ക്, ചക്രം, ഹെഡ് ലൈറ്റ്, വൈപ്പര്‍, സീറ്റ് ബെല്‍ട്ട് തുടങ്ങിയ മെക്കാനിക്കല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കാന്‍ ജൂലായ് 31 വരെ സമയം നീട്ടിനല്‍കുമെന്നും ആര്‍ടിഒ അറിയിച്ചു.
Content Highlights: Kerala School Bus Safety Checks Begin
Published: 27 May 2025, 08:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented