തിരുവനന്തപുരം: പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാനസൗകര്യങ്ങളും വർധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടംഘട്ടമായി മാറ്റുന്നതിന്റെയും ഭാഗമായി വിവിധ യൂണിറ്റുകൾക്കായി വാങ്ങിയ 171 പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്ത് എസ്എപി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പുതുതായി വാങ്ങിയ വാഹനങ്ങൾ സേനയുടെ ഭാഗമായി.

To advertise here,

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, സ്പെഷ്യൽ യൂണിറ്റ് ഡിവൈഎസ്പിമാരുടെ ഓഫീസുകൾ, ബറ്റാലിയനുകൾ എന്നീ വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക. എസ്എപി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, പോലീസ് ആസ്ഥാനം ഐജി ആർ. നിശാന്തിനി, പോലീസ് ആസ്ഥാനത്തേയും ജില്ലയിലെയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

പുതുതായി എത്തിയ വാഹനങ്ങളിൽ 86 ബൊലേറോകൾ വിവിധ പോലീസ് സ്‌റ്റേഷനുകൾക്കാണ് അനുവദിച്ചിരിക്കുന്നത്. സ്റ്റേഷനുകളുടെ പ്രവർത്തനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിവിധ കൺട്രോൾ റൂമുകൾക്കായി 36 ബൊലേറോകളാണ് നൽകിയിരിക്കുന്നത്. വിവിധ ബറ്റാലിയൻ, സ്‌പെഷ്യൽ യൂണിറ്റ് എന്നിവയ്ക്കായി 20 എണ്ണവും സ്‌പെഷ്യൽ യൂണിറ്റ് ഡിവൈഎസ്പിമാർക്കായി 30 ബൊലേറോയുമാണ് അനുവദിച്ചിരിക്കുന്നത്.

എസ്എപി പരേഡ് ഗ്രൗണ്ടിൽ നടന്ന പുതിയ പോലീസ് വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, പോലീസ് ആസ്ഥാനം ഐജി ആർ.നിശാന്തിനി, പോലീസ് ആസ്ഥാനത്തേയും ജില്ലയിലേയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. മഹീന്ദ്രയുടെ ബൊലേറോ, ബൊലേറോ നിയോ എന്നീ വാഹനങ്ങളാണ് പോലീസ് സേനയ്ക്കായി വാങ്ങിയിരിക്കുന്നത്.