ഒരിടത്ത് ദീര്ഘസമയം പരിശോധന നടത്തുന്നതിനുപകരം ദേശീയപാതയിലൂടെ തുടര്ച്ചയായി സഞ്ചരിച്ചുകൊണ്ടുള്ള പരിശോധനാ മാതൃകയാണ് സ്വീകരിക്കുക

തിരുവനന്തപുരം: അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാൻ സംസ്ഥാനത്ത് ദേശീയപാതകളിൽ 24 മണിക്കൂറും ഏഴ് ദിവസവും തുടർച്ചയായ എൻഫോഴ്‌സ്‌മെന്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ അറിയിച്ചു. ഇതിനായി കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയെ ഏകദേശം നൂറ് കിലോമീറ്റർ വീതമുള്ള ആറ് എൻഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിച്ച് ഓരോ മേഖലയിലും പ്രത്യേക എൻഫോഴ്‌സ്‌മെന്റ് സംഘങ്ങളെ വിന്യസിക്കും.
അമിതവേഗം തടയൽ, അപകടങ്ങൾ കുറയ്ക്കൽ, ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തൽ, ദേശീയപാതകളിലെ ദൃശ്യ സാന്നിധ്യം വർധിപ്പിക്കൽ എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യം. റോഡപകടങ്ങളിൽ പ്രധാന കാരണം അമിതവേഗമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. ദേശീയപാതകളിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് സംഘങ്ങളെ മുഴുവൻ സമയവും വിന്യസിച്ച് നിയമലംഘനങ്ങൾ തടയുന്നതിനൊപ്പം അപകട മരണങ്ങൾ കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നതായി മന്ത്രി വ്യക്തമാക്കി.
ആറ് എൻഫോഴ്‌സ്‌മെന്റ് മേഖലകൾ
ദേശീയപാതയെ ദക്ഷിണം, മധ്യം, വടക്ക് എന്നിങ്ങനെ ആറ് പ്രവർത്തന മേഖലകളായി വിഭജിക്കും. തിരുവനന്തപുരം ഡെപ്യൂട്ടി ഗതാഗത കമ്മിഷണറുടെ മേൽനോട്ടത്തിൽ രണ്ട് ദക്ഷിണ മേഖലകളും, തൃശൂർ, എറണാകുളം ഡെപ്യൂട്ടി ഗതാഗത കമ്മിഷണർമാരുടെ മേൽനോട്ടത്തിൽ ഓരോ മധ്യമേഖല വീതവും, കോഴിക്കോട് ഡെപ്യൂട്ടി ഗതാഗത കമ്മിഷണറുടെ നിയന്ത്രണത്തിൽ രണ്ട് വടക്കൻ മേഖലകളും പ്രവർത്തിക്കും. ഓരോ മേഖലയുടെയും കൃത്യമായ ആരംഭ-അവസാന കിലോമീറ്റർ പരിധി ബന്ധപ്പെട്ട ഡെപ്യൂട്ടി ഗതാഗത കമ്മിഷണർമാർ പ്രത്യേകം നിശ്ചയിക്കും.
ഓരോ മേഖലയിലും എൻഫോഴ്‌സ്‌മെന്റ് ആർ.ടി. ഓഫീസുകൾ, ആർ.ടി. ഓഫീസുകൾ, സബ് ആർ.ടി. ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക എൻഫോഴ്‌സ്‌മെന്റ് സംഘങ്ങൾ രൂപീകരിക്കും. മോട്ടോർ വാഹന ഇൻസ്‌പെക്ടർമാർ, അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്‌പെക്ടർമാർ, ഡ്രൈവർമാർ, ആവശ്യമായ പരിശോധന ഉപകരണങ്ങളുള്ള വകുപ്പ് വാഹനങ്ങൾ എന്നിവ സംഘത്തിന്റെ ഭാഗമാകും.
പ്രധാന ശ്രദ്ധ അമിതവേഗത്തിന്
അമിതവേഗം, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റും ഹെൽമറ്റും ഉപയോഗിക്കാത്തത്, അമിതഭാരം കയറ്റിയ ചരക്ക് വാഹനങ്ങൾ, അനധികൃത വാഹന രൂപമാറ്റം, ഫിറ്റ്‌നസ്, പെർമിറ്റ്, ഇൻഷുറൻസ്, നികുതി ലംഘനങ്ങൾ, അനധികൃത യാത്രാ ഗതാഗതം എന്നിവ കണ്ടെത്തുന്നതിനാണ് പ്രധാന മുൻഗണന.
മൊബൈൽ പട്രോളിങ്; മിന്നൽ പരിശോധന
ഒരിടത്ത് ദീർഘസമയം പരിശോധന നടത്തുന്നതിനുപകരം ദേശീയപാതയിലൂടെ തുടർച്ചയായി സഞ്ചരിച്ചുകൊണ്ടുള്ള പരിശോധനാ മാതൃകയാണ് സ്വീകരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. വിവിധ സ്ഥലങ്ങളിൽ മിന്നൽ പരിശോധന, ആവശ്യമെങ്കിൽ പോലീസുമായി സംയുക്ത പരിശോധന, ക്യാമറകളും ഡിജിറ്റൽ ഉപകരണങ്ങളും ഉപയോഗിച്ചുള്ള സാങ്കേതിക നിരീക്ഷണം, ദേശീയപാത അതോറിറ്റിയുടെ ക്യാമറ ദൃശ്യങ്ങൾ ഉപയോഗിച്ചുള്ള നിയമനടപടി, അവധി ദിവസങ്ങളിലും ഉത്സവകാലങ്ങളിലും പ്രത്യേക നിരീക്ഷണം എന്നിവയും നടപ്പാക്കും.
ഓരോ മേഖലയിലെയും എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾക്ക് ഡെപ്യൂട്ടി ഗതാഗത കമ്മിഷണർമാർ നേരിട്ട് മേൽനോട്ടം വഹിക്കും. മിന്നൽ പരിശോധനകൾ നടത്തുക, ജിപിഎസ് വിവരങ്ങൾ ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ വിന്യാസം പരിശോധിക്കുക, പ്രതിദിന പ്രവർത്തനങ്ങൾ വിലയിരുത്തുക, അപകടസാധ്യതയേറിയ ഭാഗങ്ങളിൽ കൂടുതൽ പരിശോധന ഉറപ്പാക്കുക, ആർടിഒമാരുമായും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായും പ്രതിവാര അവലോകന യോഗം ചേരുക, ജില്ലാ പൊലീസ് മേധാവിമാർ, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവരുമായി ഏകോപനം ഉറപ്പാക്കുക തുടങ്ങിയ ചുമതലകളും നിർദേശിച്ചിട്ടുണ്ട്.
രാത്രി പരിശോധനയിൽ സുരക്ഷയ്ക്ക് മുൻഗണന
ഉദ്യോഗസ്ഥർ യൂണിഫോമും പ്രതിഫലന സുരക്ഷാ ജാക്കറ്റും നിർബന്ധമായും ധരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ലഭ്യമായിടത്ത് ബോഡി ക്യാമറകൾ, വേഗം കണ്ടെത്തുന്ന ഉപകരണങ്ങൾ, ഡിജിറ്റൽ എൻഫോഴ്‌സ്‌മെന്റ് സംവിധാനങ്ങൾ എന്നിവ ഉപയോഗപ്പെടുത്തണം. രാത്രികാല പരിശോധനയിൽ ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകണമെന്നും ആവശ്യമായ വാഹനങ്ങളും ആശയവിനിമയ സംവിധാനങ്ങളും മറ്റ് സൗകര്യങ്ങളും ഡെപ്യൂട്ടി ഗതാഗത കമ്മിഷണർമാർ ഉറപ്പാക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു.
Content Highlights: Implementation of 24/7 enforcement across six highway zones in Kerala., Mobile patrolling replaces static checkpoints for more effective monitoring., Strict action against speeding, drunk driving, and mobile phone usage., Integration of digital surveillance, body cameras, and NHAI camera feeds., Direct supervision by Deputy Transport Commissioners to ensure compliance.
Published: 28 Jul 2026, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented