തിരുവനന്തപുരം: വിജിലൻസ് പരിശോധനയ്ക്ക് സാധ്യതയുണ്ടെന്ന വിവരം മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിൽ ശനിയാഴ്ച രാവിലെത്തന്നെ ‘ലഭിച്ചിരുന്നു’. വിവരം മുൻകൂട്ടി ലഭിച്ചതോടെ പല ഓഫീസുകളിലും ഇടനിലക്കാരെ ഉദ്യോഗസ്ഥർ വിലക്കി. ഇതാണ് റെയ്ഡ് നീക്കം ചോർന്നുവെന്ന സംശയത്തിനിടയാക്കുന്നത്.

To advertise here,

ഉച്ചയായിട്ടും വിജിലൻസ് സംഘം എത്താത്തതിനെത്തുടർന്നാണ് പതിവ് ഇടപാടുകൾ ചിലരെങ്കിലും തുടങ്ങിയത്. എന്നാൽ, ഓഫീസ് സമയം കഴിയുന്നതിന് തൊട്ടുമുൻപ്‌ പരിശോധനയ്ക്കെത്തിയ വിജിലൻസിനുമുന്നിൽ ഇവർ കുടുങ്ങുകയുംചെയ്തു.

ഫയലുകൾ പരിശോധിക്കുന്നതിനുപകരം, ജിപേ ഇടപാടുകൾ പരിശോധിച്ചതാണ് പലരെയും കുടുക്കിയത്. പിടിക്കപ്പെട്ടത് നാമമാത്രമായ ഇടപാടുകൾ മാത്രമാണെന്നാണ് സൂചന. വാഹൻ-സാരഥി സോഫ്റ്റ്‌വേറിലേക്ക് മാറിയതോടെ സുരക്ഷിതമായി കൈക്കൂലി വാങ്ങാനുള്ള മാർഗങ്ങളും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. സോഫ്റ്റ്‌വേറിന് തുടർച്ചയായി ഉണ്ടാകുന്ന സാങ്കേതികത്തകരാറുകളും അപേക്ഷ സമർപ്പിക്കുന്നതിന്റെ സങ്കീർണതയും ഇക്കൂട്ടർ മുതലെടുത്തു.

അപേക്ഷകൾ തീർപ്പാക്കാൻ മുൻഗണനാക്രമം നിശ്ചയിക്കണമെന്ന വിജിലൻസ് ശുപാർശ ഇനിയും നടപ്പാക്കിയിട്ടില്ല. ആദ്യമെത്തുന്ന അപേക്ഷ തീർപ്പാക്കുകയോ നിരസിക്കുകയോ ചെയ്തശേഷമേ അടുത്തത് പരിഗണിക്കാൻ കഴിയൂവെന്ന സ്ഥിതിവന്നാൽ കാരണമില്ലാതെ അപേക്ഷകൾ കൈവശംവെക്കുന്നത് തടയാനാകും.

ഇടനിലക്കാർ വാട്‌സാപ്പിൽ നൽകുന്ന പട്ടികയനുസരിച്ചാണ് ചില ഉദ്യോഗസ്ഥർ ഫയൽ തീർപ്പാക്കുന്നത്. ഇടനിലക്കാരിൽനിന്നുള്ള വിഹിതം പിരിക്കാൻ ഒന്നോ രണ്ടോ വിശ്വസ്തരായ ഏജന്റുമാരെയും നിയോഗിക്കും. ഇവർ ഉദ്യോഗസ്ഥർക്കുള്ള വിഹിതം ശേഖരിക്കുകയും വീതംവെച്ച് നൽകുകയും ചെയ്യും.

ചില ഇടനിലക്കാർ സ്വന്തം അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയും എടിഎം കാർഡ് ഉദ്യോഗസ്ഥർക്ക് കൈമാറുകയുംചെയ്യും. ഓഫീസുകൾക്ക് സമീപമുള്ള കടകളിൽ പണമേൽപ്പിക്കുന്ന രീതിയുണ്ട്. സൂപ്പർമാർക്കറ്റുകളുടെ ഷോപ്പിങ് കാർഡുകളായി കൈക്കൂലി കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുമുണ്ട്. ഈ ശൃംഖലയിലേക്ക് വിജിലൻസ് അന്വേഷണം എത്താറില്ല.