ഒറ്റപ്പാലം: കാലാവധി പൂർത്തിയായ സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാൻ വഴി കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്. പരിവാഹൻ വെബ്‌സൈറ്റിൽ ഇത് ചെയ്യാൻ സാധിക്കാത്തതിനാൽ നേരിട്ടെത്തി രജിസ്‌ട്രേഷൻ പുതുക്കാനാണ് നിർദേശം. പേപ്പറിൽ എഴുതി സീൽവെച്ചാണ് പുതുക്കിയെന്ന രേഖ നൽകാൻ നിർദേശമുള്ളത്.

To advertise here,

തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ ധാരാളം വാഹനങ്ങൾ ആവശ്യമുള്ളതും പലതും കാലാവധി കഴിയാനായെന്നതും പരിഗണിച്ചാണ് പുതിയ നിർദേശം. സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ വാഹനങ്ങളുടെ ആർ.സി. പുതുക്കാനാണ് ഈ മാർഗം.

ജില്ലാ ആസ്ഥാനങ്ങളിലുള്ള റീജണൽ ട്രാൻസ്പോർട്ട് ഓഫീസ്, താലൂക്ക് തലങ്ങളിലുള്ള സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് എന്നിവിടങ്ങളിലെത്തി ആർ.സി. പുതുക്കാനാകും. കേന്ദ്രചട്ടപ്രകാരം 15 വർഷമാണ് സർക്കാർ വാഹനങ്ങൾ ഉപയോഗിക്കാനാവുക. ഇത് കഴിഞ്ഞാൽ ആർ.സി. റദ്ദായിപ്പോകും. ഇതോടെ പല സർക്കാർ വാഹനങ്ങളും കട്ടപ്പുറത്തായിരുന്നു.

ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർ വാഹനങ്ങളുടെ ആർ.സി. ഒരു തവണ പുതുക്കാൻ ഇളവ് അനുവദിച്ചു. അങ്ങനെ കാലാവധി 20 വർഷമാക്കി. എന്നാൽ, ഈ നടപടിക്രമം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ പരിവാഹനിൽ കൃത്യമായി നടപ്പാക്കാനാകാത്ത സാങ്കേതിക തടസ്സം നേരിട്ടു. ഇതോടെയാണ് മോട്ടോർവാഹനവകുപ്പ് പുതിയ വഴി കണ്ടുപിടിച്ചത്.