ബെംഗളൂരുവിലെ ബി.എം.ടി.സി. യുടെ ഡീസല്‍ ബസുകള്‍ വൈദ്യുത ബസുകളാക്കി മാറ്റാനുള്ള പദ്ധതി സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നു. തായ്വാന്‍ ആസ്ഥാനമായുള്ള കമ്പനിയുമായി ഇതുസംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് തുടക്കമായി. 

To advertise here,

ബി.എം.ടി.സി.ക്ക് പുതുതായി ഡീസല്‍ ബസുകള്‍ വാങ്ങേണ്ടെന്നും ഘട്ടം ഘട്ടമായി ഇവ പിന്‍വലിച്ച് വൈദ്യുത ബസുകള്‍ നിരത്തിലിറക്കാനും നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വൈദ്യുതി ബസുകള്‍ക്ക് വന്‍ വില നല്‍കേണ്ടിവരുന്നത് സര്‍ക്കാറിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. 

ഈ സാഹചര്യത്തിലാണ് നിലവിലുള്ള ഡീസല്‍ ബസുകള്‍ വൈദ്യുത ബസുകളാക്കി മാറ്റാനുള്ള സാധ്യത അധികൃതര്‍ പരിഗണിക്കുന്നത്. ചെറുകിട വ്യവസായ വകുപ്പ് മന്ത്രി എം.ബി.പാട്ടീലാണ് തായ്വാന്‍ കമ്പനിയുമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്നത്. തായ്വാന്‍ - ഇന്ത്യ ബിസിനസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഈ കമ്പനി ഡീസല്‍ ബസുകള്‍ വൈദ്യുതി ബസുകളാക്കുന്നതുസംബന്ധിച്ച പ്രോജക്റ്റ് സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു.

മുന്‍ സര്‍ക്കാറിന്റെ കാലത്താണ് ബെംഗളൂരുവിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള നയം ആവിഷ്‌കരിച്ചത്. ഇതേ നയം തുടരാനാണ് പുതിയ സര്‍ക്കാറിന്റേയും തീരുമാനം. കേന്ദ്രസര്‍ക്കാറിന്റെ സബ്സിഡികള്‍ക്കുപുറമേ വൈദ്യുത വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രത്യേക ഇളവുകള്‍ നല്‍കാനും ആലോചനയുണ്ട്.