തൃശ്ശൂർ: ദേശീയ സ്‌ക്രാപ്പ് നിയമവും സുപ്രീം കോടതി ഉത്തരവും മറികടന്ന് ഡീസൽ ബസുകളുടെ കാലാവധി 15-ൽ നിന്ന് 20 വർഷമാക്കിയതിനെതിരേയുള്ള കേസിൽ കേരളത്തിന് ഹരിത ട്രിബ്യൂണലിന്റെ കുരുക്ക്. കേരളത്തിന്റെ ഏകപക്ഷീയമായ തീരുമാനത്തിന് ട്രിബ്യൂണൽ വിശദീകരണം തേടിയിരുന്നു. സംസ്ഥാന ഗതാഗത സെക്രട്ടറി ഓഗസ്റ്റ് 12-ന് നൽകിയ വിശദീകരണം വിശ്വസനീയമല്ലെന്നു തോന്നി ട്രിബ്യൂണൽ വിവരങ്ങളും കണക്കുകളും ആവശ്യപ്പെട്ടു. ഒക്ടോബർ 14-ന് അന്തിമ സിറ്റിങ്ങിനുശേഷം വിധി പറയുമെന്നും ട്രിബ്യൂണൽ അറിയിച്ചു.

To advertise here,

കേരള സർക്കാർ പരിസ്ഥിതി മലിനീകരണം കുറയ്ക്കാനായി നടപടികളെടുത്തു വരുകയാണെന്നും വൈദ്യുതി വാഹനം, സി.എൻ.ജി. ഇന്ധനം, മലിനീകരണം കുറച്ച വാഹനങ്ങൾക്ക് സർട്ടിഫിക്കറ്റ് എന്നിവ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ കാണിച്ചിരുന്നു.

ഇതിനായെടുത്ത നടപടി അടുത്തവാദം കേൾക്കുന്ന തീയതിക്കു മുൻപ് നൽകണമെന്നാണ് ഗതാഗത വകുപ്പ് സെക്രട്ടറിയോട് ട്രിബ്യൂണൽ ആവശ്യപ്പെട്ടത്. ഒക്ടോബർ 14-ന് അന്തിമ വാദമാണെന്നും അതിനുശേഷം അവസരമില്ലെന്നും ട്രിബ്യൂണൽ പറഞ്ഞതോടെ കേരളം വെട്ടിലായി.

ഗതാഗതസെക്രട്ടറിയുടെ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാനുള്ള നടപടികളായില്ല. ഒന്നരമാസം മാത്രം ശേഷിക്കേ എളുപ്പവുമല്ല. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈയിലെ ദക്ഷിണമേഖലാ ഘടകമാണ് കേസ് പരിഗണിക്കുന്നത്.