ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം തുടരുകയാണ്. ചാവേർ ഡ്രോണുകളാണ് യുദ്ധഭൂമിയിൽ ആക്രമണത്തിനായി വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. യുക്രൈൻ യുദ്ധകാലത്തായിരുന്നു ഡ്രോണുകൾ യുദ്ധഭൂമിയിലെ നിർണായക ആയുധമായി മാറിയത്. ഓപ്പറേഷൻ സിന്ദൂർ കാലത്തും ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.

To advertise here,

യുക്രൈൻ യുദ്ധകാലത്ത് ഇറാനിൽ നിന്ന് സ്വന്തമാക്കിയ ഷഹീദ് ഡ്രോണുകളുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് റഷ്യ വ്യാപകമായി ഇത്തരം ഡ്രോണുകൾ നിർമിക്കുകയും യുക്രൈനെതിരെ പ്രയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ നിരവധി പരിഷ്‌കാരങ്ങളും റഷ്യ നടത്തിയിട്ടുണ്ട്. സമാനമായി ലൂകാസ് (ലോ കോസ്റ്റ് അൺക്രൂവ്ഡ് കോംബാറ്റ് സിസ്റ്റം) എന്ന ഡ്രോണുകൾ അമേരിക്കയും വികസിപ്പിച്ചിരുന്നു. ഇവയെ യുഎസ് ആദ്യമായി യുദ്ധത്തിൽ പ്രയോഗിക്കുന്നത് ഇറാന് നേരെയാണ്.

ചെലവ് കുറഞ്ഞ മാരകമായ ദീർഘദൂര ആക്രണ ശേഷിയുള്ള ചാവേർ ഡ്രോണുകൾ സ്വന്തമായി വികസിപ്പിച്ച് ഇന്ത്യയും ഇക്കാര്യത്തിൽ സ്വയംപര്യാപ്തത നേടുകയാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതിരോധ സ്റ്റാർട്ടപ്പ് ആയ ന്യൂസ്‌പേസ് റിസർച്ച് ടെക്‌നോളജീസ് (എൻആർടി) നിർമിക്കുന്ന 'ശേഷ്‌നാഗ്-150' എന്ന ഡ്രോണുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും ചിത്രങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ശേഷ്‌നാഗ്-150യുടെ സാങ്കേതിക മികവുകൾ അറിയുന്നതിനോടൊപ്പം വാഹനപ്രേമികളുടെ ശ്രദ്ധ ആകർഷിച്ചത് ഡ്രോണിന്റെ മൊബൈൽ ലോഞ്ച് പാഡ് ആയി ഉപയോഗിച്ച ഹൈലക്സ് പിക്കപ്പ് ട്രക്കിലേക്കാണ്. ക്യാബിൻ ഏരിയയിൽ ഡ്രോൺ വഹിച്ചുകൊണ്ടുള്ള വാഹനത്തിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

ജാപ്പനീസ് കമ്പനിയായ ടൊയോട്ടയുടെ ഈ ട്രക്ക്, അതിന്റെ ഈടും ദുർഘടമായ ഭൂപ്രദേശങ്ങളെ നേരിടാനുള്ള കഴിവുകൊണ്ടും ഏറെ പ്രസിദ്ധമാണ്. അതിനാലാകാം ഹൈലക്സ് തന്നെ തിരഞ്ഞെടുത്തത്. സൈനിക ആവശ്യങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ എൻആർടി എഞ്ചിനീയർമാർ വാഹനത്തിൽ ശേഷ്‌നാഗ്-150 കൃത്യമായി സജ്ജമാക്കിയിട്ടുണ്ട്.

ടൊയോട്ട ഹൈലക്സ്

ജാപ്പനീസ് ഭീമനായ ടൊയോട്ട വികസിപ്പിച്ചെടുത്ത ഹൈലക്സ് പിക്കപ്പ് ട്രക്കിന്റെ അരങ്ങേറ്റം1968-ൽ ആയിരുന്നു. എന്നാൽ 2022-ൽ ആണ് വാഹനം ഇന്ത്യയിലേക്കെത്തിയത്. പതിറ്റാണ്ടുകളായി നിരത്തിലുള്ള വാഹനത്തിന്റെ എട്ടാം തലമുറയാണ് ഇപ്പോൾ വിപണിയിലുള്ളത്. ഹൈലക്സിന്റെ കരുത്ത് പരീക്ഷിക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഉണ്ട്.

‘നാശമില്ലാത്തത്’ എന്നാണ് ഈ വാഹനത്തെ പൊതുവെ വിശേഷിപ്പിക്കാറ്. ഷെഷ്നാഗ്-150 പോലുള്ള ഡ്രോണുകൾ വിന്യസിക്കാൻ അനുയോജ്യമായ വാഹനമായി ഇതിനെ മാറ്റുന്നതും ഈ കരുത്താണ്. കാടും മലയും പുഴയും താണ്ടി ഏത് ഭൂപ്രദേശവും കീഴടക്കാനുള്ള കഴിവും ഈ പിക്കപ്പ് ട്രക്കിനുണ്ട്.

ഇന്ത്യയിൽ, നിലവിൽ 28.02 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ 35.37 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെയാണ് ഹൈലക്സിന്റെ വില. ഇത് 2.8 ലിറ്റർ ഇൻ-ലൈൻ ഫോർ-സിലിണ്ടർ ഡീസൽ എൻജിനാണുള്ളത്. ഇത് 206 എച്ച്പി കരുത്തും 500 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാണ്. 4x4 സംവിധാനവും ഉണ്ട്.

ശേഷ്‌നാഗ്-150

1,000 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയുള്ള ഈ ഡ്രോണിന് അഞ്ച് മണിക്കൂറിലധികം വായുവിൽ തങ്ങിനിൽക്കാൻ (endurance) സാധിക്കും. 25 മുതൽ 40 കിലോഗ്രാം വരെ ഭാരമുള്ള സ്‌ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ള ഇവയ്ക്ക് ശത്രുവിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും വാഹനങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്താൻ കഴിയും.

മനുഷ്യ ഇടപെടലില്ലാതെ തന്നെ ശത്രുലക്ഷ്യങ്ങളെ കണ്ടെത്താനും പിന്തുടരാനും ആക്രമിക്കാനും ഈ ഡ്രോണുകൾക്ക് സാധിക്കും. ജിപിഎസ് (GPS) സിഗ്‌നലുകൾ തടസ്സപ്പെടുന്ന സാഹചര്യങ്ങളിൽപ്പോലും പ്രവർത്തിക്കാൻ സഹായിക്കുന്ന വിഷ്വൽ നാവിഗേഷൻ സിസ്റ്റം ശേഷ്‌നാഗിലുണ്ട്. ചിലവ് കുറഞ്ഞതും എന്നാൽ പ്രഹരശേഷി കൂടിയതുമായ ഇത്തരം ആയുധങ്ങൾ ഭാവിയിലെ യുദ്ധങ്ങളിൽ നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.