ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ബ്രസീലും മെക്‌സിക്കോയും ഇക്കാര്യത്തില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്.

കൊച്ചി: ആഗോളതലത്തിൽ രാജ്യങ്ങൾ വൈദ്യുത കാറുകളുടെ വിൽപ്പനയിൽ മുന്നേറുമ്പോഴും ഈ രംഗത്ത് മുട്ടിലിഴഞ്ഞ് ഇന്ത്യ. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഇന്റർനാഷണൽ എനർജി ഏജൻസി (ഐ.ഇ.എ.)യുടെ കണക്കുകൾ പ്രകാരം, 2025-ൽ ആഗോളതലത്തിൽ വിറ്റഴിക്കപ്പെട്ട പുതിയ കാറുകളിൽ 25 ശതമാനവും ഇ.വി. (ഇലക്ട്രിക് കാർ) ആണ്. ബാറ്ററിയിൽ ഓടുന്നവയും പ്ലഗ്-ഇൻ ഹൈബ്രിഡുകളും ഉൾപ്പെടെ കഴിഞ്ഞവർഷം ലോകമെമ്പാടുമായി രണ്ടുകോടി വൈദ്യുത കാറുകളാണ് വിറ്റഴിഞ്ഞത്.
ഈ വിൽപ്പനക്കണക്കുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ട പുതിയ കാറുകളിൽ വെറും നാല് ശതമാനം മാത്രമാണ് ഇ.വി.കൾ. കഴിഞ്ഞവർഷം ഇന്ത്യയിൽ ആകെ വിറ്റഴിഞ്ഞ 1.65 ലക്ഷം വൈദ്യുത കാറുകളിൽ 60 ശതമാനവും ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ രണ്ട് വൻകിട കമ്പനികളുടേതായിരുന്നു.
ഐ.ഇ.എ. കണക്കുകൾ പ്രകാരം യൂറോപ്യൻ യൂണിയന് പുറമേ, 23 രാജ്യങ്ങളിൽ വൈദ്യുത കാർ വിൽപ്പന 2025-ൽ 10 ശതമാനത്തിന് മുകളിലെത്തി. 2020-ലെ കണക്കെടുത്താൽ വിയറ്റ്‌നാമിലും ഇൻഡൊനീഷ്യയിലും വൈദ്യുത കാറുകൾ വിറ്റുപോയിരുന്നില്ല. എന്നാൽ, ഏതാണ്ട് പൂജ്യം ശതമാനത്തിൽനിന്ന് 2025-ഓടെ വിയറ്റ്‌നാം 41 ശതമാനത്തിലേക്കും ഇൻഡൊനീഷ്യ 15 ശതമാനത്തിലേക്കും വിൽപ്പനയിൽ മുന്നേറി. തായ്‌ലാൻഡ് (23 ശതമാനം), ദക്ഷിണ കൊറിയ (11 ശതമാനം), എന്നിവയാണ് ഈ രംഗത്ത് മുന്നേറിയ മറ്റ് രാജ്യങ്ങൾ.
ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബ്രസീലും (ഒൻപത് ശതമാനം) മെക്‌സിക്കോയും (ഏഴ് ശതമാനം) ഇക്കാര്യത്തിൽ ഇന്ത്യയെക്കാൾ മുന്നിലാണ്. തുർക്കി തങ്ങളുടെ വിഹിതം 2022-ലെ ഒരു ശതമാനത്തിൽനിന്ന് 2025-ൽ 20 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിൽ വൈദ്യുത കാർ വിൽപ്പന 2020-ലെ 10 ശതമാനത്തിൽ നിന്ന് 2025-ൽ 68 ശതമാനമായാണ് കുതിച്ചുയർന്നത്.
ഒന്നാമത് നോർവേ
നോർവേയാണ് വൈദ്യുത കാറുകളുടെ വിൽപ്പനയിൽ ഏറ്റവും മുന്നിൽ. കഴിഞ്ഞവർഷം അവിടെ വിറ്റഴിക്കപ്പെട്ട ആകെ കാറുകളിൽ 97 ശതമാനവും വൈദ്യുതവിഭാഗത്തിൽ നിന്നായിരുന്നു. ചൈന 53 ശതമാനം കൈവരിച്ചപ്പോൾ, അമേരിക്ക കഷ്ടിച്ച് 10 ശതമാനം കടന്നു. 2020-ൽ ഇത് രണ്ട് ശതമാനമായിരുന്നു.
വേണം കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ
ഇന്ത്യയിൽ ഇലക്ട്രിക് വാഹനവിപണി മന്ദഗതിയിലാകാൻ പ്രധാന കാരണം ചാർജിങ് സ്റ്റേഷനുകളുടെ അഭാവം ആണെന്നാണ് ഐ.ഇ.എ.യുടെ കണ്ടെത്തൽ. വീട്ടിൽത്തന്നെ ചാർജ് ചെയ്യാനുള്ള സൗകര്യമുള്ള ഇലക്ട്രിക് കാർ ഉടമകളുടെ എണ്ണത്തിൽ, പഠനവിധേയമാക്കിയ 17 രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് 16-ാം സ്ഥാനമാണ്.
നോർവേ, സ്വിറ്റ്‌സർലൻഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ 80 മുതൽ 90 ശതമാനം ആളുകൾക്കും വീട്ടിൽ ചാർജിങ് സൗകര്യമുണ്ട്. ഇന്ത്യയിലിത് 55 ശതമാനമാണ്. ഐ.ഇ.എ.യുടെ കണക്കനുസരിച്ച് 2025 വരെ ഇന്ത്യയിലാകെ 88,000 ചാർജിങ് പോയിന്റുകൾ മാത്രമാണുള്ളത്. ലോകത്താകെയുള്ള 70 ലക്ഷം ചാർജിങ് പോയിന്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്.
Content Highlights: India's EV market share remained at 4% in 2025, lagging behind global growth., Tata Motors and Mahindra dominate 60% of India's electric car sales., Lack of charging infrastructure is identified as the primary barrier to adoption., Global leaders like Norway reached 97% EV sales, while neighbors like Nepal surged to 68%., India has only 88,000 charging points compared to the global total of 7 million.
Published: 17 Jun 2026, 12:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented