ന്യൂഡൽഹി: രാജ്യവ്യാപകമായി 72,300 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് മാർഗരേഖയിറക്കി കേന്ദ്രം. പ്രധാനമന്ത്രിയുടെ 10,900 കോടിയുടെ പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ ഭാഗമായി 2000 കോടിയാണ് ചാർജിങ് സ്റ്റേഷനുകൾക്ക് മാറ്റിവെക്കുന്നത്.
ഓഫീസുകൾ, താമസസ്ഥലങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങി സർക്കാരിനുകീഴിലുള്ള സ്ഥലങ്ങളിൽ ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് നൂറുശതമാനവും സബ്‌സിഡി ലഭിക്കും. ഇവിടെ ചാർജിങ് സൗജന്യമായിരിക്കണം.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കോ പൊതുമേഖലാ സ്ഥാപനങ്ങൾക്കോ കീഴിൽ നഗരത്തിലും ഹൈവേകളിലും സ്ഥാപിക്കുന്ന ചാർജിങ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യത്തിന് 80 ശതമാനവും സപ്ലൈ ഉപകരണത്തിന് 70 ശതമാനവുമാണ് സബ്‌സിഡി. റെയിൽവേ സ്റ്റേഷനുകൾ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലെ വിമാനത്താവളങ്ങൾ, സർക്കാർ ബസ് സ്റ്റാൻഡുകൾ, മെട്രോ സ്റ്റേഷനുകൾ, പാർക്കിങ് കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളും ഇതിൽ ഉൾപ്പെടും.
ഹൈവേകൾക്കുപുറമേ നഗരത്തെരുവുകൾ, ഷോപ്പിങ് മാളുകൾ, മാർക്കറ്റ് സമുച്ചയങ്ങൾ എന്നിവയിലും ചാർജിങ് സ്റ്റേഷന്റെ അടിസ്ഥാനസൗകര്യ നിർമാണത്തിന് 80 ശതമാനം സബ്‌സിഡിയുണ്ട്. ബാറ്ററി മാറ്റിയെടുക്കുന്ന (സ്വാപിങ്) സ്റ്റേഷനുകൾ, ബാറ്ററി ചാർജിങ് സ്റ്റേഷനുകൾ എന്നിവയ്ക്കും അടിസ്ഥാനസൗകര്യത്തിന് 80 ശതമാനമാണ് സബ്‌സിഡി.
ചാർജിങ് സ്റ്റേഷനുകളുടെ ആവശ്യങ്ങൾ പരിശോധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്ര, സംസ്ഥാന മന്ത്രാലയങ്ങൾ നോഡൽ ഏജൻസികളെ ചുമതലപ്പെടുത്തണം. വളരെ മുൻഗണന നൽകേണ്ട സ്ഥലങ്ങൾ നിശ്ചയിക്കാനും നോഡൽ ഏജൻസികൾക്ക് ഉത്തരവാദിത്വമുണ്ട്. ഭാരത് ഹെവി ഇലക്ട്രിക്കൽസാണ് പദ്ധതിയുടെ നടത്തിപ്പ് ഏജൻസി.
പത്തുലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങൾ, സ്മാർട്ട് സിറ്റികൾ, മെട്രോ നഗരങ്ങളുമായി ബന്ധപ്പെട്ട ഉപഗ്രഹനഗരങ്ങൾ, സംസ്ഥാന തലസ്ഥാനങ്ങൾ, തിരക്കുള്ള ദേശീയ-സംസ്ഥാന പാതകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, പെട്രോൾ പമ്പുകൾ എന്നീ സ്ഥലങ്ങൾക്കാണ് പദ്ധതിയിൽ ഊന്നൽനൽകുന്നത്.
Content Highlights: Central government releases guidelines for 72,300 EV charging stations across India as part of PM e-Drive. Subsidies available for various locations including offices, residential areas, and highways.
Published: 29 Sept 2025, 07:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented