ന്യൂഡല്‍ഹി: അടുത്ത ഏഴ് വര്‍ഷത്തിനിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി 600 അതിവേഗ ഇ.വി ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് ഹ്യൂണ്ടായ് മോട്ടോര്‍സ്. 2024 ഡിസംബര്‍ മാസം അവസാനിക്കുന്നതിന് മുന്നെ 50 അതിവേഗ സ്റ്റേഷന്‍ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം തുടങ്ങുമെന്നും ഹ്യൂണ്ടായ് പ്രസ്താവനയില്‍ അറിയിച്ചു. 2030 ഓടെ ഇ.വി മാര്‍ക്കറ്റില്‍ വന്‍മുന്നേറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.

To advertise here,

ചാര്‍ജിങ് സ്റ്റേഷന്റെ കുറവ് ഇ.വി വാഹനങ്ങൾ വാങ്ങുന്നതില്‍നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നുണ്ട്. ഈ ആശങ്കയ്ക്ക് പരിഹാരം കാണുകയെന്നതുകൂടിയാണ് കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും ഹ്യണ്ടായ് അധികൃതര്‍ അറിയിച്ചു. ഇ.വി വാഹനങ്ങളുടെ മാര്‍ക്കറ്റ് ഡിമാന്‍ഡ് കണക്കുകൂട്ടി, അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് വലിയ നിക്ഷേപമാണ് ഈ രംഗത്ത് കമ്പനി ഉദ്ദേശിക്കുന്നതെന്ന് ഹ്യൂണ്ടായ് കോര്‍പ്പറേറ്റീവ് പ്ലാനിങ് ഹെഡ് ജെയ് വാന്‍ റ്യൂ പറഞ്ഞു.

2027-ഓടെ 100 ഇ.വി ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഇതുകൂടാതെ 2024 അവസാനത്തോടെ സംസ്ഥാനത്ത് 10 ചാര്‍ജിങ് സ്‌റ്റേഷനുകൾ പ്രവര്‍ത്തനം തുടങ്ങുമെന്നും ജെയ് വാന്‍ റ്യൂ അറിയിച്ചു.

ഹ്യൂണ്ടായ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് തമഴ്‌നാട്ടില്‍ 24 മണിക്കൂറും ഇ.വി ചാര്‍ജിങ് സറ്റേഷന്റെ സേവനം ലഭ്യമാകും. രാജ്യത്തെ പതിനായിരത്തോളം ചാര്‍ജിങ് പോയിന്റുകളുമായി മൈ ഹ്യൂണ്ടായ് ആപ്പിനെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.