ഇന്ത്യയിലെ വാഹന വിപണി ക്രെറ്റയ്ക്ക് നല്‍കിയ സ്വീകാര്യത ഒട്ടും കുറയാതെ തന്നെയാണ് ക്രെറ്റയുടെ ഇലക്ട്രിക് മോഡലിനും ലഭിക്കുന്നത്. ക്രെറ്റ ഇലക്ട്രിക്കിന് നാളിതുവരെ ലഭിച്ച വില്‍പ്പന നേട്ടത്തിന്റെ ആത്മവിശ്വാസത്തില്‍ പുതിയ മൂന്ന് വേരിയന്റ് കൂടി വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ഹ്യുണ്ടായി. എക്‌സലെന്‍സ്, എക്‌സിക്യുട്ടീവ് ടെക്, എക്‌സിക്യുട്ടീവ് ഓപ്ഷണല്‍ എന്നീ മൂന്ന് വേരിയന്റുകളാണ് ക്രെറ്റ ഇലക്ട്രിക്കിന്റെ ശ്രേണിയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. 

To advertise here,

42 കിലോവാട്ട് ബാറ്ററി പാക്കുമായി എത്തിയിട്ടുള്ള എക്‌സലെന്‍സ് എക്‌സിക്യുട്ടീവ് ടെക് വേരിയന്റുകള്‍ക്ക് 21.29 ലക്ഷം രൂപ മുതല്‍ 22.02 ലക്ഷം രൂപ വരെയും 51.4 കിലോവാട്ട് ബാറ്ററി പാക്കില്‍ എത്തിയിട്ടുള്ള എക്‌സിക്യുട്ടീവ് ഓപ്ഷണല്‍ വേരിയന്റിന് 19.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. പുതിയ വേരിയന്റുകളുടെ വരവോടെ ആന്‍ഡ്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ സംവിധാനവും ക്രെറ്റ ഇലക്ട്രിക് മോഡലുകളുടെ അടിസ്ഥാന ഫീച്ചറായി മാറിയിരിക്കുകയാണ്. 

നിരവധി ഫീച്ചറുകളുമായാണ് എക്‌സലെന്‍സ് വേരിയന്റ് എത്തിയിരിക്കുന്നത്. എട്ട് രീതിയില്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും വെന്റിലേറ്റഡ് സംവിധാനമുള്ളതുമായ മുന്‍നിര സീറ്റുകള്‍, മെമ്മറി ഫങ്ഷന്‍ നല്‍കിയിട്ടുള്ള ഡ്രൈവര്‍ സീറ്റ്, പാസഞ്ചര്‍ സീറ്റില്‍ നല്‍കിയിട്ടുള്ള വാക്ക് ഇന്‍ ഡിവൈസ്, റിയര്‍ വയര്‍ലെസ് ചാര്‍ജര്‍, മടക്കി വയ്ക്കാന്‍ കഴിയുന്ന സീറ്റ്ബാക്ക് ടേബിള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ലെവല്‍ ടു അഡാസിന്റെ സുരക്ഷ എന്നിവയാണ് ഈ വേരിയന്റില്‍ അധികമായി നല്‍കുന്നത്. 

വോയിസ് കമാന്റിലൂടെ പ്രവര്‍ത്തിക്കുന്ന പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സംവിധാനമുള്ള മുന്‍നിര സീറ്റുകള്‍, റിയര്‍ വിന്‍ഡോ സണ്‍ഷെയ്ഡ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ എന്നിവയാണ് എക്‌സിക്യുട്ടീവ് ടെക് വേരിയന്റില്‍ നല്‍കിയിട്ടുള്ളത്. എക്‌സിക്യുട്ടീവ് ഓപ്ഷണല്‍ പതിപ്പിലും ഈ ഫീച്ചറുകള്‍ എല്ലാം നല്‍കിയിട്ടുള്ളതിനൊപ്പം 51.4 കിലോവാട്ടിന്റെ ബാറ്ററി പാക്കും സ്ഥാനം പിടിച്ചിട്ടുള്ളതാണ് പ്രധാന സവിശേഷത. 

രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ക്രെറ്റ ഇവി എത്തുന്നത്. 42 കിലോവാട്ട് ബാറ്ററി പാക്ക് ഒറ്റചാര്‍ജിങില്‍ 390 കിലോമീറ്ററാണ് റേഞ്ച് നല്‍കുന്നത്. 51.4 കിലോവാട്ടിന്റെ ബാറ്ററി പാക്ക് 473 കിലോമീറ്റര്‍ റേഞ്ചും നല്‍കും. 10-80 ശതമാനം ചാര്‍ജാകാന്‍ വേണ്ടത് വെറും 58 മിനിറ്റ് മാത്രം. 11 കിലോവാട്ട് സ്മാര്‍ട് കണക്ടഡ് വാള്‍ ബോക്‌സ് എസി ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ 10-100 ശതമാനം ചാര്‍ജാകാന്‍ വേണ്ടത് വെറും നാല് മണിക്കൂറാണ്. 51.4 കിലോവാട്ടിന്റെ ബാറ്ററി പാക്കുള്ള മോഡലിന് 0-100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 7.9 സെക്കന്‍ഡ് മാത്രം മതി.