ഇലക്ട്രിക് ഉള്‍പ്പെടെ ഹരിത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതും ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുമായി സര്‍ക്കാര്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് പത്ത് ശതമാനം അധിക നികുതി ഈടാക്കുമെന്ന പ്രചാരണത്തെ തള്ളി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ചുമാത്താനുള്ള ഒരു നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നാണ് അദ്ദേഹം പാര്‍ലമെന്റില്‍ അറിയിച്ചത്.

To advertise here,

അതേസമയം, പ്രകൃതി സൗഹാര്‍ദ ഇന്ധനങ്ങളിലേക്ക് മാറുന്നില്ലെങ്കില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് 10 ശതമാനം അധിക നികുതി ചുമത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ധനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് സെപ്റ്റംബറില്‍ നടന്ന സിയാം വാര്‍ഷിക സമ്മേളനത്തില്‍ അദ്ദേഹം വാഹന നിര്‍മാതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, നിലവില്‍ അത്തരത്തിലുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ആ യോഗത്തില്‍ തന്നെ അറിയിക്കുകയും ചെയ്തിരുന്നു.

''ഡീസലിനോട് വിടപറയാം. സ്വമേധയാ അതിനു നടപടിയെടുക്കൂ. അല്ലെങ്കില്‍ വില്‍പ്പന നിയന്ത്രിക്കാന്‍ ഡീസല്‍ വാഹനങ്ങളുടെ ജി.എസ്.ടി. വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കും. അതു സാധ്യമാകുമോയെന്നറിയാന്‍ കേന്ദ്ര ധനമന്ത്രിയോട് സംസാരിക്കും'' ഇതായിരുന്നു സെപ്റ്റംബറില്‍ മന്ത്രി നടത്തിയ പ്രസ്താവന. ഡീസല്‍ കാറുകളുടെ എണ്ണം ഒമ്പതുവര്‍ഷത്തിനിടെ 33 ശതമാനത്തില്‍നിന്ന് 28 ശതമാനമായി കുറഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 

2070-ല്‍ സീറോ കര്‍ബണ്‍ ലക്ഷ്യം കൈവരിക്കുന്നതിനായി ഡീസല്‍ ഉള്‍പ്പെടെയുള്ള അപകടകരമായ ഇന്ധനത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന വായുമലിനീകരണ തോത് കുറയ്ക്കേണ്ടതുണ്ട്. വാഹന വില്‍പ്പന ഉയരുന്നതിനൊപ്പം മലിനീകരണമില്ലാത്ത ഹരിത ഇന്ധനമെന്ന ബദല്‍മാര്‍ഗം സ്വീകരിക്കുകയും ചെയ്യണം. ഇത്തരം ഇന്ധനങ്ങള്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നവയും ചെലവ് കുറഞ്ഞതും മലിനീകരണമില്ലാത്തവയുമായി മാറണമെന്നും നിതിന്‍ ഗഡ്കരി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

2014 മുതല്‍ ഡീസല്‍ കാറുകളുടെ ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മൊത്തം ഉത്പാദനത്തിന്റെ 52 ശതമാനമായിരുന്നു 2014 ലില്‍ ഡീസല്‍ കാറുകളെങ്കില്‍ ഇപ്പോഴത് 18 ശതമാനത്തിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 'ഇപ്പോള്‍ ഓട്ടോമൊബൈല്‍ വ്യവസായം വളരുന്ന സാഹചര്യത്തില്‍ ഡീസല്‍ വാഹനങ്ങള്‍ കൂടാന്‍ പാടില്ല. അതിനുള്ള നടപടികള്‍ എല്ലാ തലത്തിലും സ്വീകരിക്കേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹം മുന്‍പ് സ്വീകരിച്ചിരുന്ന നിലപാട്.