എല്ലാ വാഹനത്തിനും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെങ്കിലും ഒരു അപകടമുണ്ടായി ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ ഒരുങ്ങിയാല്‍ അത് നിരസിക്കാന്‍ കമ്പനികള്‍ പലവഴികള്‍ തേടിയേക്കാം. ഇത്തരം സേവനദാതാക്കള്‍ക്ക് കനത്ത തിരിച്ചടിയാണ് ഹിമാചല്‍പ്രദേശ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. സ്വകാര്യ വാഹനത്തില്‍ യാത്രക്കാരുടെ എണ്ണം കൂടുതലാണെന്നത് ഇന്‍ഷുറന്‍സ് നിരസിക്കാനുള്ള കരണമായി കണക്കാക്കാന്‍ സാധിക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
ഒരു അപകടമുണ്ടാകുന്ന സമയത്ത് വാഹനത്തില്‍ യാത്രക്കാര്‍ കൂടുതല്‍ ഉണ്ടായിരുന്നു എന്നത് അപകടകാരണവുമായി നേരിട്ട് ബന്ധമില്ലെങ്കില്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ ലംഘനമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഇന്‍ഷുറന്‍സ് കമ്പനിക്ക് ക്ലെയിം നിരസിക്കണമെങ്കില്‍ അപകടമുണ്ടാകാന്‍ കാരണം പോളിസി വ്യവസ്ഥകള്‍ ലംഘിച്ചത് കൊണ്ടാണെന്ന് തെളിയിക്കണമെന്നും സമാനമായ കേസില്‍ മുന്‍പുണ്ടായ വിധി ഉദ്ധരിച്ച് കോടതി അറിയിച്ചു.
ഷിംലയ്ക്ക് സമീപമുണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട ഒന്നിലധികം അപ്പീലുകള്‍ തീര്‍പ്പാക്കുന്നതിനിടെയാണ് ജസ്റ്റിസ് വിവേക് സിങ് താക്കൂര്‍ ഈ വിധി പുറപ്പെടുവിച്ചത്. അനുവദിച്ചിട്ടുള്ളതിലും അധികമായി ഒരാളെ വാഹനത്തില്‍ കയറ്റുന്നത് അപകടകാരണവുമായി ബന്ധമില്ലാത്ത സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിയെ നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കുന്ന തരത്തിലുള്ള പോളിസിയുടെ ലംഘനമായി കാണാന്‍ സാധിക്കില്ലെന്നാണ് കോടതിയുടെ പ്രധാന നിര്‍ദേശം.
ഒരു കാര്‍ അപകടവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ മരിച്ച സംഭവത്തിലെ നഷ്ടപരിഹാരം സംബന്ധിച്ച കേസാണ് ഹൈക്കോടതി പരിഗണിച്ചത്. അഞ്ച് പേര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനത്തില്‍ ആറുപേര്‍ യാത്രക്കാരായി ഉണ്ടായിരുന്നുവെന്നും ഇത് ഇന്‍ഷുറന്‍സ് പോളിസിയുടെ ലംഘനമാണെന്നായിരുന്നു നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ കമ്പനി ഉന്നയിച്ച കാരണം. ഈ കരണത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ യാത്രക്കാരുള്ളത് ഇന്‍ഷുറന്‍സ് നിരസിക്കാന്‍ കാരണമല്ലെന്ന് നിര്‍ദേശിച്ചത്.
Content Highlights: Passenger Overload Doesn't Invalidate Auto Insurance Claims, Court Finds
Published: 07 Aug 2025, 08:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented