കൊച്ചി: മലയാളികളായ അരവിന്ദ് മണി, വിപിൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഇലക്ട്രിക് സ്‌കൂട്ടർ സ്റ്റാർട്ടപ്പായ 'റിവർ' 1,150 കോടി രൂപയുടെ (12 കോടി ഡോളർ) മൂലധന ഫണ്ടിങ് നേടി. ഉത്പാദനശേഷി ഉയർത്തുന്നതിന്റെ ഭാഗമായി ബെംഗളൂരുവിൽ രണ്ടാമത്തെ ഫാക്ടറി സ്ഥാപിക്കുന്നതിനും പുതിയ ഇ.വി.കൾ അവതരിപ്പിക്കുന്നതിനുമാണ് പുതുതായി സമാഹരിക്കുന്ന തുക വിനിയോഗിക്കുകയെന്ന് കമ്പനിയുടെ കോഫൗണ്ടറും സി.ഇ.ഒ.യുമായ അരവിന്ദ് മണി പറഞ്ഞു.

To advertise here,

തിരുവനന്തപുരം സ്വദേശിയായ അരവിന്ദ് മണിയും കോഴിക്കോട് സ്വദേശി വിപിൻ ജോർജും ചേർന്ന് 2021-ൽ തുടങ്ങിയ റിവർ, 20 മാസം കൊണ്ടാണ് ആദ്യ ഇലക്ട്രിക് സ്‌കൂട്ടർ വികസിപ്പിച്ചത്. റിവർ ഇൻഡി എന്ന പേരിലുള്ള ഈ മോഡലിന്റെ 50,000 യൂണിറ്റുകൾ രണ്ടുവർഷം കൊണ്ട് വിറ്റഴിച്ചിട്ടുണ്ട്.

എലവ്എയ്റ്റ് വെഞ്ച്വർ പാർട്ട്ണേഴ്സ്, ക്ലേപോണ്ട് കാപ്പിറ്റൽ എന്നിവ നേതൃത്വം നൽകിയ സീരീസ് സി ഫണ്ടിങ് റൗണ്ടിൽ സിങ്കുലാരിറ്റി എ.എം.സി., അനികട്ട് കാപ്പിറ്റൽ, 360 വൺ അസറ്റ്, ജെ.ഐ.എഫ്. കാപ്പിറ്റൽ, എച്ച്.ഡി.എഫ്.സി. എ.എം.സി. എന്നീ നിക്ഷേപക സ്ഥാപനങ്ങളും പങ്കാളികളായി. 2024-ൽ നടന്ന കഴിഞ്ഞ റൗണ്ടിൽ ജപ്പാനിലെ യമഹ മോട്ടോർ മൂലധന നിക്ഷേപം നടത്തിയിരുന്നു. അവരും അൽ ഫുത്തൈം ഗ്രൂപ്പ്, മിത്സുയി തുടങ്ങിയ നിലവിലുള്ള നിക്ഷേപകരും ഇത്തവണയും പങ്കാളികളായി.

161-163 കിലോമീറ്റർ റെയ്ഞ്ച് വാഗ്ദാനംചെയ്യുന്ന റിവർ ഇൻഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകതകൾ 14 ഇഞ്ച് വീൽ, ക്രാഷ് ഗാർഡ്, ഉയർന്ന സ്റ്റോറേജ് ശേഷി, ഡ്യുവൽ കളർ ടോൺ എന്നിവയാണ്. 1.55 ലക്ഷം രൂപയാണ് വില. നിലവിൽ കേരളത്തിൽ ഉൾപ്പെടെ 75 സ്റ്റോറുകളാണ് ഉള്ളത്. 2027 മാർച്ചോടെ ഇത് 200 ആയി ഉയർത്താൻ ലക്ഷ്യമിടുകയാണ് കമ്പനി.