ഇന്ത്യയില്‍ ടെസ്‌ല ഫാക്ടറി സ്ഥാപിക്കുമെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് ഇലോണ്‍ മസ്‌കിന്റെ പിതാവ് ഇറോള്‍ മസ്‌ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയും തന്റെ മകനും അവര്‍ക്ക് ഇരുവര്‍ക്കും പ്രയോജനകരമായ കാര്യം ചെയ്യുമെന്ന് തന്നെയാണ് കരുതുന്നത്. ടെസ് ലയെ രാജ്യത്തെത്തിക്കുമ്പോള്‍ പ്രധാനമന്ത്രി മോദിക്ക് ഇന്ത്യയുടെ താത്പര്യങ്ങള്‍ പരിഗണിക്കേണ്ടിവരുമെന്നും ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ഇറോള്‍ മസ്‌ക് പറഞ്ഞു. 

To advertise here,

ഇലോണിന് ഒരു കമ്പനി എന്ന നിലയില്‍ ടെസ് ലയുടെ താത്പര്യങ്ങളും നോക്കേണ്ടതുണ്ട്. അതുകൊണ്ട് ഇന്ത്യയ്ക്കും ടെസ് ലയ്ക്കും മികച്ച നേട്ടമാവുന്ന എന്തെങ്കിലും അവര്‍ ചെയ്യും. ഒരു സ്വകാര്യ വ്യക്തിയെന്ന നിലയിലാണ് താനിത് പറയുന്നതെന്നും കാരണം ടെസ് ല ഒരു പൊതു കമ്പനിയാണെന്നും ദക്ഷിണാഫ്രിക്കന്‍ വ്യവസായിയായ 79 കാരന്‍ ഇറോള്‍ മസ്‌ക് പറഞ്ഞു. 

ഇന്ത്യയില്‍ ടെസ് ലയുടെ നിര്‍മാണ പ്ലാന്റ് വരുമെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല. ഇവിടെ അത് ഉണ്ടാവണം. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ഇന്ത്യ. ഇറോള്‍ മസ്‌ക് ഐഎഎന്‍എസിനോട് പറഞ്ഞു. 

ഏറെ കാലമായി ഇന്ത്യയില്‍ ടെസ് ലയുടെ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനും ഇന്ത്യയില്‍ ടെസ് ല കാറുകള്‍ വിതരണം ചെയ്യുന്നതിനുമായുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ആക്കം കൂടിയിട്ടുമുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തിന് ഇന്ത്യയ്ക്ക് വ്യക്തമായ പദ്ധതികളാണുള്ളത്. 2030 ഓടെ യാത്രാവാഹനങ്ങളില്‍ 30 ശതമാനവും ഇവി ആക്കാനും ഇരു ചക്രവാഹനങ്ങളിലും മുച്ചക്ര വാഹനങ്ങളിലും 80 ശതമാനവും വാണിജ്യ വാഹനങ്ങളില്‍ 70 ശതമാനവും ഇവിയിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ഏപ്രിലില്‍ സാങ്കേതിക വിദ്യാ രംഗവുമായി ബന്ധപ്പെട്ട സഹകരണത്തിന് വേണ്ടി ഇലോണ്‍ മസ്‌കും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ടെസ്‌ലയെ കൂടാതെ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനവും ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.