ഹരിത ഗതാഗത ഹബ്ബായി മാറുന്നതിനും സ്വാശ്രയത്വം നേടുന്നതിനുമുള്ള ഇന്ത്യയുടെ യാത്രയിലെ സവിശേഷമായ ദിവസമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹന്‍സല്‍പുരില്‍ നിര്‍മിച്ച സുസുകി ഇ വിത്താര എസ്‌യുവി ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇ വിത്താര ഇന്ത്യന്‍ നിര്‍മിത ബാറ്ററി ഇലക്ട്രിക് വാഹനം നൂറിലേറെ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ബാറ്ററി ഇക്കോസിസ്റ്റത്തിന്റെയും വന്‍ മുന്നേറ്റമാണിതെന്നും ഗുജറാത്തിലെ പ്ലാന്റില്‍ ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകളുടെ ഉത്പാദനവും ആരംഭിക്കുമെന്നും പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. 

To advertise here,

പ്രധാനമന്ത്രി 'ഇ-വിത്താര' യുടെ ആദ്യ വാഹനം ഫ്‌ലാഗ് ഓഫ് ചെയ്ത് പുറത്തിറക്കി. ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകള്‍ നിര്‍മിക്കുന്നതിനുള്ള പ്ലാന്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഇന്ത്യയിലെ ജാപ്പനീസ് അംബാസഡര്‍ കെയ്ച്ചി ഒനോ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. തോഷിബ, ഡെന്‍സോ, സുസുക്കി എന്നിവരുടെ സംയുക്ത സംരംഭമായ ഗുജറാത്തിലെ ലിഥിയം-അയോണ്‍ ബാറ്ററി പ്ലാന്റ്, ശുദ്ധമായ ഊര്‍ജ ഉപഭോഗവും ഉല്‍പ്പാദനവും വര്‍ധിപ്പിക്കുന്നതിന് സുപ്രധാന പങ്കുവഹിക്കും.

അഹമ്മദാബാദിലെ മെഹ്‌സാന, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ ഉത്തര്‍ ഗുജറാത്ത് വിജ് കമ്പനി ലിമിറ്റഡിന്റെ കീഴിലുള്ള ഊര്‍ജ വിതരണ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 1,000 കോടി രൂപയിലധികം ചെലവില്‍ നടപ്പാക്കുന്ന ഈ പദ്ധതികള്‍, ഊര്‍ജ വിതരണ ശൃംഖലയെ ആധുനികവത്കരിക്കുകയും പ്രതികൂല കാലാവസ്ഥയിലെ വൈദ്യുതി തകരാറുകള്‍ കുറയ്ക്കുകയും, പൊതു സുരക്ഷ, ട്രാന്‍സ്‌ഫോര്‍മര്‍ സംരക്ഷണം, വൈദ്യുതി വിതരണ ശൃംഖലയുടെ വിശ്വാസ്യത എന്നിവ വര്‍ധിപ്പിക്കുകയും ചെയ്യും.