ഇന്ത്യൻ വാഹന വിപണിയിൽ അതിവേഗത്തിലുള്ള വളർച്ചയാണ് ഇലക്ട്രിക് വാഹനങ്ങൾ കൈവരിച്ചിരിക്കുന്നത്. സബ്‌സിഡി ഉൾപ്പെടെ സർക്കാർ തലത്തിൽ ലഭിച്ചിട്ടുള്ള പ്രോത്സാഹനം ഈ വളർച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇലക്ട്രിക് കരുത്തിലുള്ള കാറുകൾക്കും സ്‌കൂട്ടറുകൾക്കുമൊപ്പം ഇന്ത്യയുടെ നിരവധി നഗരങ്ങളിൽ ഇലക്ട്രിക് ബസുകളും ഓടിത്തുടങ്ങിയിട്ടുണ്ട്. പുണെ നഗരത്തിൽ സർവീസ് നടത്തുന്ന ഇലക്ട്രിക് ബസിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ നേരിടുന്നത്.

To advertise here,

റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന ഇലക്ട്രിക് ബസ് ഒരു ഡീസൽ ജനറേറ്റർ പ്രവർത്തിപ്പിച്ച് ചാർജ് ചെയ്യുന്നതാണ് വീഡിയോയിലെ ദൃശ്യം. ദി നളന്ദ ഇൻഡക്‌സ് എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് ഈ ദൃശ്യം പങ്കുവെച്ചിരിക്കുന്നത്. ഹരിത യാത്ര എന്നതിന്റെ അർഥം നിങ്ങളുടെ ഇലക്ട്രിക് വാഹനം ഒരു ഡീസൽ ജനറേറ്റർ ഉപയോഗിച്ച് നിശബ്ദമായി പ്രവർത്തിക്കുന്നു എന്നാണ്. പ്രകൃതി സംരക്ഷണമെന്നത് പേപ്പറിൽ മാത്രം ഒതുങ്ങുന്നുവെന്ന് കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സാധാരണ ഗതിയിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളിലാണ് ഇത്തരം വാഹനങ്ങൾ ചാർജ് ചെയ്യുന്നത്. പരമ്പരാഗത ഇന്ധനങ്ങളുടെ ഉപയോഗവും ഇത്തരം വാഹനങ്ങളിൽ നിന്നുള്ള മലിനീകരണവും കുറയ്ക്കുന്നതിനായാണ് ഇലക്ട്രിക് വാഹനങ്ങൾ പോലെയുള്ള പ്രകൃതി സൗഹാർദ ഗതാഗത സംവിധാനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നത്. എന്നാൽ, ഇത്തരം വാഹനങ്ങൾ ഡീസൽ ജനറേറ്റർ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് ചാർജ് ചെയ്യുന്നതാണ് വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

വീഡിയോ ദൃശ്യം അനുസരിച്ച് ഒരു പാർക്കിങ് ഗ്രൗണ്ടിലാണ് ഈ ഇലക്ട്രിക് ബസ് നിർത്തിയിരിക്കുന്നത്. ഇവിടേക്ക് മറ്റൊരു വാഹനത്തിന്റെ സഹായത്തോടെയായിരിക്കും ഈ ജനറേറ്റർ എത്തിച്ചത്. ജനറേറ്ററിൽ നിന്ന് വൈദ്യുതി എടുക്കുന്നതിനായി ചാർജിങ് ഗണ്ണും ബസുമായി ബന്ധിപ്പിച്ചിരിക്കുന്നതും കാണാം. വിമർശനങ്ങളും പരിഹാസവുമാണ് ഈ വീഡിയോയുടെ കമന്റുകളിൽ നിറയുന്നത്. ഇപ്പോൾ നിങ്ങൾ വൈദ്യുതിയും ഡീസലും നശിപ്പിക്കുകയാണ്. ഡീസൽ പോയാൽ എന്താ ബസിൽ നിന്ന് പുക വരുന്നില്ലല്ലോ എന്നെല്ലാമാണ് കമന്റുകൾ.