എഥനോള്‍ പെട്രോളില്‍ ചേര്‍ക്കുന്നതിന് നേതൃത്വം നല്കുന്ന കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ മക്കളുടെ അഗ്രോ ഇന്‍ഡസ്ട്രീസ് കമ്പനികള്‍ വിവാദ നിഴലില്‍.

മുംബൈ: ഇരുപതു ശതമാനം എഥനോൾ ചേർന്ന പെട്രോളിനെതിരേ പരാതികൾ കൂടുന്ന സാഹചര്യത്തിൽ കൂടുതൽ എഥനോൾ ചേർക്കുന്നതിനുള്ള നടപടികളുടെ വേഗം കുറയ്ക്കാൻ കേന്ദ്രസർക്കാർ.
25 ശതമാനം എഥനോൾ ചേർന്ന ഇ 25 പെട്രോൾ വിപണിയിലെത്തിക്കുംമുൻപ് വാഹന നിർമാതാക്കൾക്കടക്കം തയ്യാറെടുപ്പുകൾ നടത്താൻ സമയം അനുവദിക്കാൻ ലക്ഷ്യമിട്ടാണിത്. മാത്രമല്ല, എഥനോളിന്റെ അളവ് ധൃതിയിൽ വർധിപ്പിക്കുന്നത് വാഹന ഉടമകളിലും ആശങ്ക കൂട്ടുകയാണ്. 2022-നു മുൻപിറങ്ങിയ വാഹനങ്ങൾ കൂടുതൽ എഥനോൾ ചേർന്ന ഇന്ധനം ഉപയോഗിക്കാൻ പ്രാപ്തമല്ല. ഇവയുടെ പല ഘടകങ്ങളും എഥനോൾ ഉപയോഗിക്കുമ്പോൾ നശിക്കാനിടയാക്കുന്നതായി ആരോപണമുണ്ട്.
ഇ 25 ഘട്ടം ഘട്ടമായി
പുതിയ സാഹചര്യത്തിൽ ഇ 25 പെട്രോൾ (75 ശതമാനം പെട്രോളും 25 ശതമാനം എഥനോളും അടങ്ങിയ ഇന്ധനം) ഘട്ടംഘട്ടമായി അവതരിപ്പിച്ചാൽ മതിയെന്നാണു തീരുമാനം.
ഇ 25 ഇന്ധനം വിപണിയിലെത്തിക്കുന്നതിന് പ്രത്യേക സമയക്രമം കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അനുകൂലമായ നയതീരുമാനം സർക്കാർ സ്വീകരിച്ചിരുന്നു. 22 മുതൽ 30 ശതമാനം വരെ എഥനോൾ ചേർന്ന ഇന്ധനത്തിന് എക്‌സൈസ് തീരുവ ഒഴിവാക്കിയതാണ് ഇതിലൊന്ന്. ഇത്തരം ഇന്ധന മിശ്രണത്തിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് (ബി.എസ്.എസ്.) മാനദണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇ 20 ഇന്ധനം ഉപയോഗിക്കുമ്പോൾ മൈലേജിലുണ്ടാകുന്ന കുറവ്, ഘടകങ്ങൾക്കുണ്ടാകുന്ന നാശനഷ്ടം എന്നിവ സംബന്ധിച്ച് വാഹന ഉടമകൾ ഉന്നയിച്ച ആശങ്കകൾ വിവിധ മന്ത്രാലയങ്ങൾ ചേർന്ന് ചർച്ച ചെയ്തിരുന്നു. ആശങ്കകൾ ശാസ്ത്രീയമായി പരിഹരിക്കപ്പെടണമെന്നാണ് യോഗത്തിന്റെ അഭിപ്രായം. ചില പരാതികൾ അതിശയോക്തി കലർന്നതാണെങ്കിലും ഇക്കാര്യത്തിൽ വ്യക്തത കൊണ്ടുവരേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ യോഗത്തിലാണ് ഇ 25 ഘട്ടംഘട്ടമായി നടപ്പാക്കിയാൽ മതിയെന്ന നിർദേശവും ഉയർന്നിരിക്കുന്നത്.
അവസാനിക്കാത്ത ആശങ്കകൾ
ഇ 20 ഇന്ധനം 2030 ആകുമ്പോഴേക്കും നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അഞ്ചു വർഷം മുൻപുതന്നെ ലക്ഷ്യത്തിലെത്തി. പത്തു ശതമാനം എഥനോൾ കലർന്ന പെട്രോളിനായി രൂപകൽപ്പന ചെയ്ത വാഹനങ്ങളിൽ ഈ പെട്രോൾ ഉപയോഗിക്കുന്നത് തിരിച്ചടിയുണ്ടാക്കുന്നു. വാഹന ഉടമകൾക്ക് ആശങ്കയാകുന്നതും ഇതാണ്.
പെട്രോളിനേക്കാൾ എഥനോളിന് ഊർജസാന്ദ്രത കുറവാണ്. അതുകൊണ്ടുതന്നെ മൈലേജ് കുറവായിരിക്കും. വാഹനത്തിന്റെ പഴക്കം, എൻജിൻ രൂപകൽപ്പന, സർട്ടിഫിക്കേഷൻ എന്നിവ അനുസരിച്ച് ഇതിൽ വ്യത്യാസം വരാം. എഥനോൾ ഈർപ്പം വലിച്ചെടുക്കുമെന്നതിനാൽ ഉയർന്ന അളവിൽ എഥനോൾ ചേർന്ന പെട്രോൾ ഉപയോഗിക്കാൻ സജ്ജമാക്കാത്ത വാഹനത്തിൽ ഘടകങ്ങൾ എളുപ്പത്തിൽ നശിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഗഡ്കരിയുടെ മക്കളുടെ കമ്പനികൾ വിവാദ നിഴലിൽ
മുംബൈ: രാജ്യത്ത് എഥനോൾ പെട്രോളിൽ ചേർക്കുന്നതിന് നേതൃത്വം നൽകുന്ന കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ മക്കളുടെ അഗ്രോ ഇൻഡസ്ട്രീസ് കമ്പനികൾ വിവാദ നിഴലിൽ. മക്കളായ നിഖിൽ ഗഡ്കരിയുടെ സിയാൻ അഗ്രോ ഇൻഡസ്ട്രീസ്, സാരംഗ് ഗഡ്കരിയുടെ ഉടമസ്ഥതയിലുള്ള മാനസ് അഗ്രോ ഇൻഡസ്ട്രീസ് എന്നിവയാണ് എഥനോൾ ഉത്പാദനവുമായി ബന്ധപ്പെട്ട് വിവാദത്തിലുള്ളത്.
ഭക്ഷ്യ എണ്ണ, സുഗന്ധ വ്യഞ്ജനങ്ങൾ, ഓർഗാനിക് വളം, എഫ്.എം.സി.ജി. ഉത്പന്നങ്ങൾ എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് സിയാൻ അഗ്രോ ഇൻഡസ്ട്രിക്കുള്ളത്. 2024-ൽ ചെന്നൈ കേന്ദ്രമായുള്ള രാം ചരൺ ഗ്രൂപ്പ് കമ്പനിയുമായി ചേർന്ന് എഥനോൾ ഉത്പാദനത്തിന് ധാരണയിലെത്തി. പരമ്പരാഗത രീതിയിൽ കാർഷിക ഉത്പന്നങ്ങൾക്കു പകരം വ്യാവസായിക ഉപോത്പന്നമായ കാർബൺ ഡൈ ഓക്സൈഡിനെ എഥനോൾ ആക്കി മാറ്റുന്നതിനുള്ളതാണ് കമ്പനിയുടെ പദ്ധതി. എന്നാൽ വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയുടെ വിറ്റുവരവ് പെട്ടെന്ന് 17 കോടി രൂപയിൽനിന്ന് അതിവേഗം 510 കോടിയിലേക്കുയർന്നതാണ് വിവാദത്തിനിടയാക്കിയത്. 2025 ഒക്ടോബറിൽ കമ്പനിയുടെ ഓഹരി വില 3,460 രൂപ വരെ ഉയരുകയും ചെയ്തിരുന്നു. രാജ്യത്ത് പെട്രോളിൽ എഥനോൾ ചേർക്കാൻ തുടങ്ങിയതിനു പിന്നാലെ കമ്പനിയുടെ വരുമാനവും ഓഹരി വിലയും കുത്തനെ കയറിയതോടെ പ്രതിപക്ഷം ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നു.
സാരംഗിന്റെ മാനസ് അഗ്രോ ഇൻഡസ്ട്രീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കരിമ്പിൽനിന്നും ചോളത്തിൽനിന്നും എഥനോൾ ഉത്പാദിപ്പിക്കുന്നുമുണ്ട്. മഹാരാഷ്ട്രയിലെ ഉംറേദിലുള്ള ഡിസ്റ്റിലറിയിൽ 120 കിലോ ലിറ്റർ എഥനോൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയാണുള്ളത്. കൂടാതെ ചന്ദ്രാപുരിലെ ചിമൂറിൽ 190 കിലോ ലിറ്റർ ശേഷിയുള്ള ധാന്യങ്ങളിൽനിന്ന് എഥനോൾ ഉത്പാദിപ്പിക്കാനുള്ള പ്ലാന്റുമുണ്ട്. ഇന്ധനത്തിനുപയോഗിക്കാവുന്ന ഈ എഥനോൾ കമ്പനി പൊതുമേഖലാ എണ്ണക്കമ്പനികൾക്കു വിൽക്കുന്നുമുണ്ട്. കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള പൂർത്തി ഗ്രൂപ്പിന്റെ ഭാഗമായിരുന്നു നേരത്തേയിത്. പൂർത്തി ഗ്രൂപ്പ് കമ്പനിയിൽ ഗഡ്കരിയുടെ കുടുംബത്തിന് നിക്ഷേപമുള്ളതാണ്. ഇപ്പോൾ സാരംഗ് ഗഡ്കരിയാണ് ഇതിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
അതേസമയം, രാജ്യത്തെ എഥനോൾ ഉത്പാദനത്തിന്റെ വെറും അര ശതമാനം മാത്രമാണ് തന്റെ മക്കളുടെ കമ്പനിയുടേതെന്നും ആരോപണങ്ങളിൽ കഴമ്പില്ലെന്നുമാണ് ഗഡ്കരിയുടെ വാദം.
Content Highlights: Government is slowing the transition to E25 fuel to allow manufacturers and consumers time to adapt., Concerns persist regarding engine damage and reduced mileage in vehicles manufactured before 2022., Scientific review of vehicle component degradation caused by high ethanol blends is underway., Controversy surrounds the rapid financial growth of companies linked to Nitin Gadkari's family in the ethanol sector., Government aims to balance clean energy goals with consumer vehicle safety.
Published: 08 Jul 2026, 07:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented