കേന്ദ്രസർക്കാരിനു കീഴിലുള്ള റിസർച്ച്, ടെസ്റ്റിങ്, സർട്ടിഫിക്കേഷൻ ഏജൻസിയായ എ.ആർ.എ.ഐയുടെ പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്

മുംബൈ: രാജ്യം ഇ 20 പെട്രോളിലേക്കു മാറുമ്പോൾ, ആശങ്കകളുടെ റിപ്പോർട്ടുമായി ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എ.ആർ.എ.ഐ.) റിപ്പോർട്ടും. 20 ശതമാനം എഥനോൾ കലർന്ന ഇന്ധനം ഉപയോഗിക്കുന്നത് ടർബോ ചാർജ്ഡ് എൻജിനുകളെ ബാധിക്കുന്നതായാണ് എ.ആർ.എ.ഐ. പഠനം പറയുന്നത്. ഇ 10 ഇന്ധനം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ തയ്യാറാക്കിയിട്ടുള്ള വാഹനങ്ങളിലെ റബ്ബർ ഘടകങ്ങൾ നശിക്കാനും ഇതു കാരണമായേക്കാമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കൂടുതൽ എഥനോൾ ചേരുമ്പോൾ ഹോസുകൾ, സീലുകൾ, ഒ - റിങ്ങുകൾ, ഗാസ്‌കെറ്റുകൾ എന്നിവ നശിച്ചേക്കാമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രസർക്കാരിനുകീഴിലുള്ള രാജ്യത്തെ പ്രമുഖ റിസർച്ച്, ടെസ്റ്റിങ്, സർട്ടിഫിക്കേഷൻ ഏജൻസിയാണ് എ.ആർ.എ.ഐ.
ചില വാഹനനിർമാതാക്കൾ നടത്തിയ കാറുകളുടെ എൻജിൻ ഡ്യൂറബിലിറ്റി പരിശോധന വിലയിരുത്തിയുള്ളതാണ് റിപ്പോർട്ട്. ബി.എസ്. 4 വിഭാഗത്തിലുള്ള എൻജിൻ ഇ 20 പെട്രോളിൽ തൃപ്തികരമായ പ്രവർത്തനം കാഴ്ചവെച്ചതായാണ് റിപ്പോർട്ട് പറയുന്നത്. എന്നാൽ, ബി.എസ്. 6 വിഭാഗത്തിൽ ടർബോ ചാർജ്‌ഡ് എൻജിനുകളിൽ ചിലത് 265 മണിക്കൂർ കഴിഞ്ഞപ്പോൾ ചില പ്രശ്നങ്ങൾ കാണിച്ചതായി പറയുന്നു. ഓരോ കമ്പനിയുടെ വാഹനങ്ങൾക്കും സമയം വ്യത്യാസമാണ്. പരീക്ഷണം നടത്തിയ കമ്പനിയുടെപേരുകൾ വെളിപ്പെടുത്തിയിട്ടില്ല. മറ്റൊരു കമ്പനിയുടെ എൻജിനിൽ 400 മണിക്കൂർവരെ പ്രശ്നങ്ങളില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മറ്റൊരു കമ്പനിക്കാകട്ടെ, 809 മണിക്കൂറിനു ശേഷം എക്സോസ്റ്റ് വാൽവിൽ തെർമോ മെക്കാനിക്കൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായി ചൂടായി നിൽക്കുമ്പോൾ എൻജിനുണ്ടാകുന്ന തകരാറാണിത്. അതേസമയം, എഥനോൾ ഇന്ധനത്തിൽ ഇരുചക്ര വാഹനങ്ങൾ മികച്ചരീതിയിൽ പ്രവർത്തിക്കുന്നതായും എ.ആർ.എ.ഐ. പറയുന്നു.
ഇ 20 പെട്രോൾ ഉപയോഗിക്കുമ്പോൾ വാഹനത്തിൽ ഇന്ധന ഉപഭോഗത്തിൽ രണ്ടു മുതൽ ആറുശതമാനംവരെ വർധന പ്രകടമായി. വാഹന മോഡലുകൾക്കനുസരിച്ച് ഇതിൽ വ്യത്യാസം വന്നിട്ടുണ്ട്. എഥനോൾ പെട്രോളിനെ അപേക്ഷിച്ച് കൂടുതൽ ഈർപ്പം വലിച്ചെടുക്കുന്നതാണ്. അതുകൊണ്ടുതന്നെ കൂടുതൽ എഥനോൾ ചേർന്ന ഇന്ധനം ഉപയോഗിക്കാൻ സജ്ജമാകാത്ത വാഹനങ്ങളിൽ ലോഹഭാഗങ്ങൾ വേഗം തുരുമ്പിക്കാൻ ഇതു കാരണമായേക്കാമെന്ന് എൻജിനിയർമാരും മുന്നറിയിപ്പു നൽകുന്നു. അതേസമയം, ഇ 20 സർട്ടിഫിക്കേഷൻ ഇല്ലാത്ത വാഹനങ്ങളിൽ ഇത്തരത്തിൽ തുരുമ്പു കണ്ടെത്താനായിട്ടില്ലെന്ന് സർവീസ് റെക്കോഡുകൾ വെച്ച് വ്യക്തത വരുത്തിയിട്ടുണ്ട്.
കത്തയച്ച് കെജ്‌രിവാൾ
ഇ-20 ഇന്ധനം വാഹനത്തിന്റെ മൈലേജിനെയും പ്രവർത്തനക്ഷമതയെയും എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് 29 കാർനിർമാണ കമ്പനികൾക്ക് ആം ആദ്‌മി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ കത്തയച്ചു. മൈലേജ് കുറഞ്ഞാൽ കമ്പനികൾ നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു
Content Highlights: A technical report by the Automotive Research Association of India (ARAI) warns that E20 petrol (20% ethanol blend) can negatively impact turbocharged engines. The testing revealed degradation in rubber seals, up to a 6% drop in fuel efficiency, and critical thermal-mechanical issues in BS6 exhaust valves after prolonged usage.
Published: 09 Jul 2026, 08:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented