കൊച്ചി: ഭൂട്ടാനില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി സിനിമ താരം ദുല്‍ഖര്‍ സല്‍മാന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത വാഹനം കസ്റ്റംസ് വിട്ടുനല്‍കി. ദുല്‍ഖര്‍ സല്‍മാന്റെ വാഹന ശേഖരത്തിലുണ്ടായിരുന്ന ലാന്‍ഡ് റോവര്‍ വാഹനമാണ് വിട്ടുനല്‍കിയിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് ദുല്‍ഖര്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് വാഹനം വിട്ടുനല്‍കിയത്.

To advertise here,

സേഫ് കസ്റ്റഡിയിലാണ് വാഹനം ദുല്‍ഖറിന് വിട്ടുനല്‍കിയിരിക്കുന്നത്. കേസ് കഴിയുന്നത് വരെ ഈ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ അദ്ദേഹത്തിന് നിരത്തുകളില്‍ ഇറക്കാന്‍ സാധിക്കില്ല. ബോണ്ടിന്റെയും 20 ശതമാനം ബാങ്ക് ഗാരന്റിയുടേയും അടിസ്ഥാനത്തിലാണ് വാഹനം വിട്ടുനല്‍കിയിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ തന്നെ ഈ വാഹനം കേരളത്തിന് പുറത്ത് കൊണ്ടുപോവരുത്, ആവശ്യപ്പെട്ടാല്‍ ഹാജരാക്കണം തുടങ്ങിയ നിബന്ധനകളുമുണ്ട്‌.

തന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ തിരികെ കിട്ടണമെന്ന്  ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചത്. വാഹനം താത്കാലികമായി തിരികെ ലഭിക്കുന്നതിന് അഡ്ജുഡീക്കേറ്റിങ് അതോറിറ്റിയായ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറെ സമീപിക്കാനായിരുന്നു ദുല്‍ഖര്‍ സല്‍മാനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. ദുല്‍ഖറിന്റെ അപേക്ഷയില്‍ ബന്ധപ്പെട്ട അതോറിറ്റി ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്‍ ഉത്തരവിട്ടിരുന്നു.

ദുല്‍ഖറിന്റെ കൈവശമുണ്ടായിരുന്നത് ഭൂട്ടാനില്‍ നിന്ന് കടത്തികൊണ്ടുവന്ന വാഹനമാണെന്ന ബോധ്യത്തിന്റെയും അത്തരം ചില ഇന്റലിജന്‍സ് വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് വാഹനം പിടിച്ചെടുത്തതെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍, വ്യക്തികള്‍ക്കെതിരേ തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും അത് ശരിയായ നടപടിയല്ലെന്നുമാണ് കസ്റ്റംസിനോട് ഹൈക്കോടതി പറഞ്ഞത്.

രേഖകള്‍ പരിശോധിക്കാതെയാണ് കസ്റ്റംസ് വാഹനം പിടിച്ചെടുത്തതെന്നും വാഹനം താല്‍ക്കാലികമായി വിട്ടുനല്‍കണമെന്നുമായിരുന്നു ദുല്‍ഖറിന്റെ വാദം. വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക ബാങ്ക് ഗ്യാരന്റിയായി നല്‍കാമെന്ന് ഹൈക്കോടതിയെ ദുല്‍ഖര്‍ സല്‍മാന്‍ അറിയിച്ചിരുന്നു. എന്നാല്‍, കസ്റ്റംസ് ഡ്യുട്ടി അടയ്ക്കാതെ വിദേശത്തുനിന്ന് കള്ളക്കടത്തായി കൊണ്ടുവന്നതെന്ന സംശയത്തെ തുടര്‍ന്നാണ് വാഹനം പിടിച്ചെടുത്തതെന്ന് കസ്റ്റംസും വിശദീകരിച്ചു.

ദുല്‍ഖറിന്റെ മറ്റ് രണ്ട് വാഹനങ്ങള്‍കൂടി പിടിച്ചെടുത്തിരുന്നു. ആ നടപടി ദുല്‍ഖര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി. ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ തിരികെ ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്.