എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ നല്കുന്നപക്ഷം മുന്‍കൂട്ടി അറിയിപ്പ് നല്‍കണമെന്ന് ഭൂട്ടാന് ഇന്ത്യന്‍ കമ്പനികളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ലീക്ക് പ്രൂഫ് ടാങ്കുകള്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

E20 ഇന്ധനം നൽകാമെന്ന ഇന്ത്യൻ എണ്ണക്കമ്പനികളുടെ വാഗ്ദാനം നിരസിച്ച് ഭൂട്ടാൻ. എന്നാൽ ഇന്ത്യൻ വിപണിയിൽ ഇന്ധനം ലഭ്യമായിരിക്കുന്നിടത്തോളം കാലം സാധാരണ പെട്രോൾ നൽകുന്നത് തുടരണമെന്ന് ഭൂട്ടാൻ ഇന്ത്യയോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് 'ദ ഭൂട്ടാനീസ്' പത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഹിമാലയൻ രാജ്യം എഥനോൾ കലർത്തിയ പെട്രോൾ നിരസിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. E20 പെട്രോളിനെക്കുറിച്ച് ഇന്ത്യയിൽ വ്യാപക ചർച്ചകൾ നടക്കുന്നതിനിടെയാണ് ഭൂട്ടാന്റെ നീക്കം.
കാലഹരണപ്പെട്ട ഇന്ധന സംഭരണ സംവിധാനങ്ങളെ ഇപ്പോഴും ആശ്രയിക്കുന്നതാണ് ഭൂട്ടാൻ E20 പെട്രോളിനോട് മുഖംതിരിക്കുന്നതിന് പിന്നിലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. എഥനോൾ കലർത്തിയ പെട്രോൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഭൂട്ടാനിലെ ഇന്ധന സംഭരണ സംവിധാനങ്ങൾക്കില്ല.
വെല്ലുവിളി ഉയർത്തി മലമ്പാതകൾ
ദുർഘടമായ മലമ്പ്രദേശങ്ങളിലൂടെയാണ് ഭൂട്ടാനിലെ റോഡുകൾ ഏറെയുമെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. അത്തരം റോഡുകളിലൂടെ സഞ്ചരിക്കാൻ വാഹനങ്ങൾക്ക് പരമാവധി കരുത്ത് ആവശ്യമാണ്. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമുള്ള റോഡുകളിൽ സ്ഥിരതയാർന്ന പ്രകടനം E20 നൽകില്ലെന്ന് ഭൂട്ടാനിലെ അധികൃതർ ഭയക്കുന്നതും ഈ നിലപാട് സ്വീകരിക്കുന്നതിന് കാരണമായിട്ടുണ്ട്.
20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും ചേർന്ന E20 പെട്രോളിന്റെ അവതരണം ഇന്ത്യയിൽ വലിയ ചർച്ചയ്ക്ക് വഴിതെളിച്ചിട്ടുണ്ട്. 2023-ന് മുമ്പ് നിർമ്മിച്ച പെട്രോൾ വാഹനങ്ങളുടെ ഇന്ധനക്ഷമത കുറഞ്ഞതായും, അറ്റകുറ്റപ്പണി വർധിച്ചതായും, തേയ്മാനം കൂടിയതായും റിപ്പോർട്ടുകളുണ്ട്. E20 മൈലേജ് അൽപം കുറയ്ക്കുമെന്ന് സർക്കാർ സമ്മതിച്ചെങ്കിലും, മെച്ചപ്പെട്ട ആക്‌സിലറേഷനും എഞ്ചിൻ പ്രകടനവും ഇതിനെ മറികടക്കുന്നു എന്നാണ് അധികൃതർ പറയുന്നത്.
പെട്രോളിൽ എഥനോൾ കലർത്താനുള്ള ഇന്ത്യയുടെ നീക്കം ഭൂട്ടാനെ നേരിട്ട് ബാധിക്കുന്നതാണ്. നിലവിൽ ഭൂട്ടാൻ ഉയർന്ന നിലവാരമുള്ള പെട്രോളും ഡീസലും ഇന്ത്യയിൽനിന്നാണ് വാങ്ങുന്നത്. ഇന്ത്യൻ പെട്രോൾ പമ്പുകളിൽ വിൽക്കുന്ന ഇന്ധനത്തേക്കാൾ വില കൂടിയതാണിത്. അതിനിടെയാണ് ഇന്ത്യൻ കമ്പനികളായ IOCL, BPCL, HPCL എന്നിവ E20 പെട്രോൾ നൽകാം എന്ന വാഗ്ദാനം ഭൂട്ടാന് നൽകുന്നത്.
സംഭരണ ടാങ്കുകളിൽ വെളളം കയറുന്നത് ഭീഷണി
ഭൂട്ടാന്റെ പഴകിയ ഭൂഗർഭ ഇന്ധന ടാങ്കുകളിലേക്ക് വെള്ളം കടക്കാനുള്ള സാധ്യതയാണ് വലിയ വെല്ലുവിളി ഉയർത്തുന്നത്. സാധാരണ പെട്രോളിൽനിന്ന് വ്യത്യസ്തമായി എഥനോൾ കലർത്തിയ പെട്രോൾ ചുറ്റുമുള്ള ഈർപ്പം എളുപ്പത്തിൽ വലിച്ചെടുക്കും. ശുദ്ധമായ പെട്രോളിന്റെ കാര്യത്തിൽ ആ പ്രശ്‌നമില്ല.
E20 ഇന്ധനം വെള്ളം കലരാൻ സാധ്യതയുള്ള ഇന്ധന ടാങ്കുകളിൽ സൂക്ഷിക്കുകയാണെങ്കിൽ ഇന്ധനം നേർത്ത് പോകാൻ ഉയർന്ന സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ വെള്ളവും ഇന്ധനവും എളുപ്പത്തിൽ വേർതിരിക്കാൻ കഴിയില്ല. ഇന്ധന ടാങ്കുകളിൽ വെള്ളം കടക്കുന്നത് വാഹനങ്ങളുടെ സ്റ്റീൽ ടാങ്കുകളുടെയും പൈപ്പ് ലൈനുകളുടെയും നാശത്തിന് വഴിതെളിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ഇത് വലിയ എഞ്ചിൻ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും വാഹനത്തിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്യും.
ഇതുകൂടാതെ ഭൂട്ടാനിലെ മിക്ക ഇന്ധന ഡിപ്പോകളും ഉയർന്ന ഈർപ്പമുള്ള പർവതപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ സംഭരണ ടാങ്കുകളിലേക്ക് ഈർപ്പം കടക്കുന്നത് തടയുന്നത് വെല്ലുവിളിയാണ്. അതിനാൽ എഥനോൾ കലർത്തിയ പെട്രോൾ നൽകുന്നപക്ഷം മുൻകൂട്ടി അറിയിപ്പ് നൽകണമെന്ന് ഭൂട്ടാൻ ഇന്ത്യൻ കമ്പനികളോട് അഭ്യർഥിച്ചിട്ടുണ്ട്. ലീക്ക് പ്രൂഫ് ടാങ്കുകൾ നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.
Content Highlights: Bhutan declined E20 petrol due to inadequate and ageing underground fuel storage., E20 is hygroscopic, leading to water contamination and corrosion risks in humid, mountainous terrain., Bhutan demands continued supply of normal petrol to ensure vehicle performance on steep roads., The decision highlights the limitations of a one-size-fits-all fuel transition policy.
Published: 04 Jul 2026, 04:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented