കോഴിക്കോട്: മദ്യപിച്ച് വാഹനമോടിക്കുകയും ചോദ്യം ചെയ്ത യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കോഴിക്കോട്-ബെംഗളൂരു-ചെന്നൈ അന്തര്‍ സംസ്ഥാന സ്വകാര്യ ബസിന്റെ ഫിറ്റ്‌നെസ് റദ്ദാക്കിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക ഫെയ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചു.

To advertise here,

ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചത് യാത്രക്കാര്‍ ചോദ്യം ചെയ്യുന്നതും ഇവരോട് ഡ്രൈവര്‍ കയര്‍ത്ത് സംസാരിക്കുന്നതിന്റെയും വീഡിയോ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വാര്‍ത്ത ആയതോടെ കോഴിക്കോട് എന്‍ഫോഴ്‌മെന്റ് ആര്‍ടിഒയുടെ ടീം ബസ് പിടിച്ചെടുക്കുകയായിരുന്നു. അന്തര്‍ സംസ്ഥാന പാതയില്‍ സര്‍വീസ് നടത്തുന്ന ഭാരത് ട്രാവല്‍സിന്റെ ബസിലെ ഡ്രൈവറാണ് മദ്യപിച്ച് വാഹനമോടിച്ചത്.

മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവറേയും മദ്യപിച്ച് ക്യാബിനില്‍ കിടക്കുന്ന ക്ലീനറേയും ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. സര്‍വീസ് ആരംഭിച്ച് അസ്വാഭാവികമായ ഡ്രൈവിങ്ങ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യാത്രക്കാരന്‍ വീഡിയോ പകര്‍ത്തിയത്. ക്ലീനര്‍ പൂര്‍ണ്ണമായും മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു. ഡ്രൈവറും നന്നായി മദ്യപിച്ചിരുന്നു. ബസ് മൈസൂരു എക്‌സ്പ്രസ് പാതയിലെത്തിയപ്പോള്‍ യാത്രക്കാര്‍ ഇടപെട്ട് നിർത്തിച്ചിരുന്നു.

'ഡ്രൈവറോട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ അതിന് തയ്യാറായിരുന്നില്ല. 35-ലധികം യാത്രക്കാരാണ് ആ സമയം ബസിലുണ്ടായിരുന്നത്. ഒടുവില്‍ യാത്രക്കാര്‍ കൂട്ടത്തോടെ എത്തി ആവശ്യപ്പെട്ടതോടെയാണ് ഡ്രൈവര്‍ ബസ് നിര്‍ത്താന്‍ സമ്മതിച്ചത്. ബസ് ഇടിപ്പിച്ച് കൊല്ലുമെന്നും ആരും രക്ഷപ്പെടില്ലെന്നും ഡ്രൈവര്‍ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. ഇതോടെ യാത്രക്കാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതോടെ ഡ്രൈവര്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. തുടര്‍ന്ന്, ട്രാവല്‍ കമ്പനി ബെംഗളൂരുവില്‍നിന്ന് മറ്റൊരു ഡ്രൈവറെ എത്തിച്ചശേഷമാണ് യാത്ര തുടര്‍ന്നത്. യാത്രക്കാര്‍ രണ്ടുമണിക്കൂര്‍ റോഡില്‍ നില്‍ക്കേണ്ടിവന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇതേ കമ്പനിയുടെ മറ്റൊരു ബസ് കോഴിക്കോട് വെച്ച് കസ്റ്റഡിയില്‍ എടുത്തത്. മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറോട് കോഴിക്കോട് ആര്‍ടി ഓഫീസില്‍ ഹാജരാകാന്‍ ഭാരതി ഗ്രൂപ്പ് മാനേജരോട് എംവിഡി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.