ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡിയുടെ ആഡംബര ബ്രാന്റായ ഡെൻസ ഇന്ത്യയിലേക്ക് വരാനൊരുങ്ങുന്നു. ഡെൻസയുടെ ഡി8 എക്‌സിക്യൂട്ടീവ് എംപിവിയുമായായിരിക്കും ഇന്ത്യയിലേക്ക് ചുവടുവയ്ക്കുകയെന്നാണ് വിവരം. 2026-ലെ ഉത്സവ സീസണിലോ 2027-ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലോ ആയിരിക്കും ഈ വാഹനം അവതരിപ്പിക്കുകയെന്നാണ് സൂചന.

To advertise here,

ഇന്ത്യയിലെ അത്യാഡംബര എംപിവി ശ്രേണിയിലേക്ക് ആയിരിക്കും ഈ വാഹനം എത്തുകയെങ്കിലും വിലയെ അടിസ്ഥാനമാക്കി വിപണിയിൽ എംജി എം9 എംപിവിക്ക് മുകളിലും ടൊയോട്ട വെൽഫയറിന് താഴെയുമായിരിക്കും ഡി9-ന്റെ സ്ഥാനം. എ9 എംപിവിക്ക് 79.95 ലക്ഷം രൂപയും വെൽഫയറിന് 1.20 കോടി മുതൽ 1.30 കോടി വരെയുമാണ് എക്‌സ്‌ഷോറൂം വില. എന്നാൽ, ഡി9 എംപിവിക്ക് 90 ലക്ഷം രൂപയോളമായിരിക്കും വിലയെന്നാണ് കണക്കാക്കുന്നത്.

ആഗോള വിപണികളിൽ പ്ലഗ് ഇൻ ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിനുകളിൽ ഡെൻസ ഡി9 എത്തുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇലക്ട്രിക് മോഡൽ മാത്രമായിരിക്കും എത്തുക. ആദ്യഘട്ടത്തിൽ പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിൽ എത്തിക്കാനാണ് ബിവൈഡിയുടെ പദ്ധതി. ഈ വാഹനത്തിന്റെ സ്വീകാര്യത പരിഗണിച്ചായിരിക്കും പിന്നീടുള്ള പദ്ധതികൾ നിർമാതാക്കൾ ആവിഷ്‌കരിക്കുകയെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

എംജിയുയെ പ്രീമിയം ഡിലർഷിപ്പായ സെലക്ട് പോലെ ഡെൻസയ്ക്കായി പ്രത്യേകം പ്രീമിയം ഡീലർഷിപ്പുകളും ബിവൈഡി ആരംഭിക്കും. ഡെൻസയിൽ നിന്ന് ഭാവിയിൽ കൂടുതൽ വാഹനങ്ങൾ എത്തിയേക്കുമെന്ന സൂചനയാണ് ഈ നീക്കത്തിലൂടെ നൽകുന്നത്. നിലവിൽ, ആറ്റോ 3, സീൽ, സീലിയോൺ 7, ഇമാക്‌സ് 7 എന്നീ നാല് വാഹനങ്ങളാണ് ബിവൈഡിയുടെ ഇന്ത്യയിലെ വാഹന നിരയിലുള്ളത്.

കാഴ്ചയിൽ അഴകുള്ളതും അത്യാഡംബര ഫീച്ചറുകൾ നിറഞ്ഞതുമായി വാഹനമാണ് ഡെൻസ ഡി9. ഇ-പ്ലാറ്റ്‌ഫോം 3.0 അടിസ്ഥാനമാക്കി 800 വോൾട്ട് ഇലക്ട്രിക് ആർക്കിടെക്ചറിലാണ് ഡി9 എംപിവി നിർമിച്ചിരിക്കുന്നത്. 103 കിലോവാട്ട് അവർ ശേഷിയുള്ള ബാറ്ററിയാണ് ഈ വാഹനത്തിന്റെ ഹൃദയം. ഒറ്റത്തവണ ചാർജ് ചെയ്താൽ 600 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് നിർമാതാക്കൾ നൽകുന്ന സൂചന.

Source