പാലക്കാട്: ടെമ്പോ ട്രാവലർ, മിനിബസ് തുടങ്ങി വാടകയ്ക്ക് സർവീസ് നടത്തുന്ന വാഹനങ്ങളിൽ ഏപ്രിൽ ഒന്നുമുതൽ ക്യാമറ സ്ഥാപിക്കണമെന്ന ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവിൻമേലുള്ള നടപടികൾ പാതിവഴിയിൽ. ക്യാമറ സ്ഥാപിക്കാനുള്ള ചെലവും പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി ഒരുവിഭാഗം വാഹനയുടമകളും ഡ്രൈവർമാരും കോടതിയെ സമീപിച്ചിരിക്കയാണ്. എട്ടുമുതൽ 49 സീറ്റുവരെയുള്ള, ബസ് അടക്കമുള്ള വാഹനങ്ങൾക്ക് ഫിറ്റ്‌നസ് ലഭിക്കണമെങ്കിൽ ക്യാമറ സ്ഥാപിക്കണമെന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചിട്ടുള്ളത്.

To advertise here,

വാഹനത്തിനുമുന്നിലും പിന്നിലും വാഹനത്തിനകത്തും ക്യാമറ സ്ഥാപിക്കണമെന്ന നിർദേശമാണ് ലഭിച്ചതെന്ന് വാഹനയുടമകൾ പറഞ്ഞു. ഏപ്രിൽ ഒന്നിനുശേഷം ടെസ്റ്റിന് പോയവർ സ്വന്തംനിലയിൽ ക്യാമറ സ്ഥാപിച്ച് ഫിറ്റ്‌നസ് നേടി. എന്നാൽ, വാഹനത്തിനകത്ത് ക്യാമറ സ്ഥാപിക്കുന്നത് യാത്രക്കാരുടെ സ്വകാര്യതയെ ബാധിക്കുമെന്നറിയിച്ച് കേരള ടാക്സിഡ്രൈവേഴ്സ് ഓർഗനൈസേഷൻ (കെടിഡിഒ), കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ രംഗത്തുവന്നു. 

ഒറ്റദിവസത്തെ യാത്രപോകുന്നവർ വാഹനത്തിലിരുന്ന് വസ്ത്രം മാറ്റാറുണ്ട്. വെള്ളച്ചാട്ടമുള്ള സ്ഥലങ്ങളിലും വാട്ടർതീം പാർക്കുകളിലും പോകുന്നവർ കുളിച്ചശേഷം വസ്ത്രം മാറുന്നതും വാഹനത്തിലിരുന്നാണ്. ഇത്തരം സാഹചര്യങ്ങളിൽ വാഹനത്തിനകത്ത് എങ്ങനെ ക്യാമറ സ്ഥാപിക്കുമെന്ന് ഉടമകൾ പറയുന്നു.

ക്യാമറയ്ക്കും റെക്കോഡിങ് സംവിധാനത്തിനുമടക്കം 15,000 രൂപമുതൽ 18,000 രൂപവരെ ചെലവുവരും. നികുതി, ഇൻഷുറൻസ് ചെലവിനുപുറമേ സിസിടിവിക്കുള്ള ചെലവും താങ്ങാനാവില്ലെന്ന് കെടിഡിഒ ഭാരവാഹികൾ പറഞ്ഞു. ഇതിനിടെ കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അന്യായം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ, ക്യാമറ സ്ഥാപിക്കുന്നതിന് സാവകാശം നൽകാൻ മോട്ടോർവാഹനവകുപ്പിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. മറ്റൊരുസംഘടന പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ 12 സീറ്റുവരെയുള്ള വാഹനങ്ങളെ തീരുമാനത്തിൽനിന്ന് ഒഴിവാക്കാമെന്നും അറിയിച്ചതായാണ് വിവരം.

വാഹനത്തിനകത്ത് ക്യാമറ സ്ഥാപിക്കാനുള്ള തീരുമാനത്തിൽനിന്ന് മോട്ടോർവാഹനവകുപ്പ് പിന്മാറണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കേരള ടാക്സിഡ്രൈവേഴ്സ് ഓർഗനൈസേഷന്റെ തീരുമാനം.