എ.സി. ബസുകളില്‍ ടിക്കറ്റില്ലാതെ 'യാത്ര'ചെയ്തിരുന്നവരെ ലോക്ഡൗണ്‍ കാലത്തെങ്കിലും പുറത്താക്കാനുള്ള നീക്കത്തിലാണ് കെ.എസ്.ആര്‍.ടി.സി. അന്തസ്സംസ്ഥാന ബസുകളില്‍ സ്ഥിരതാമസമാക്കിയിരുന്ന മൂട്ടകളെ പുറത്താക്കാന്‍ കീടനാശിനി തളിച്ചു.
അന്തസ്സംസ്ഥാന യാത്രകള്‍ക്ക് ഉപയോഗിക്കുന്ന മള്‍ട്ടി ആക്‌സില്‍ ബസുകളിലെല്ലാം കീടനാശിനിപ്രയോഗം നടത്താന്‍ നിര്‍ദേശം നല്‍കി. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ 18 ബസുകളില്‍ മരുന്നുതളിച്ച് അഞ്ചു ദിവസത്തേക്ക് അടച്ചിട്ടു.
ഫിറ്റ്‌നസ് പരിശോധനയ്ക്കുള്ള അറ്റകുറ്റപ്പണികള്‍ക്കു കയറ്റുമ്പോഴാണ് മുന്‍പ് മൂട്ടയ്ക്കു മരുന്നടിച്ചിരുന്നത്. വശങ്ങളിലെ ഗ്ലാസുകള്‍ നീക്കാന്‍ കഴിയാത്തതിനാല്‍ മരുന്നിന്റെ ഗന്ധം മാറാന്‍ ഏറെ സമയം വേണ്ടിവരും. അതിനാല്‍ പതിവു യാത്രകള്‍ക്കിടയില്‍ മരുന്നുപ്രയോഗം അപ്രായോഗികമായിരുന്നു.
അനക്കമില്ലാതെ കിടക്കുന്ന മറ്റു ബസുകള്‍ ഇടയ്ക്കിടയ്ക്ക് ജീവനക്കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നുണ്ട്. 4500 ബസുകളാണ് വിവിധ ഡിപ്പോകളിലായി ചലനമറ്റുകിടക്കുന്നത്. 100ല്‍ താഴെ ബസുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള കോവിഡ് സ്‌പെഷ്യലായി ഓടുന്നുണ്ട്. മിക്ക ഡിപ്പോകളിലും നാലും അഞ്ചും മെക്കാനിക്കല്‍ ജീവനക്കാരെ ബസുകള്‍ സ്റ്റാര്‍ട്ടാക്കിയിടാന്‍ മാത്രം നിയോഗിച്ചിട്ടുണ്ട്.
ഓടാതെ കിടക്കുന്ന ബസുകളുടെ ടയര്‍, ബ്രേക്ക്, ഓള്‍ട്ടര്‍നേറ്റര്‍ എന്നിവ കേടാകാനുള്ള സാധ്യതയുണ്ട്. ഒന്ന് സ്റ്റാര്‍ട്ടുചെയ്ത് അല്പമൊന്നു നീക്കിയിട്ടാല്‍ ലോക്ഡൗണ്‍ കാലത്തിനു ശേഷം ബസുകള്‍ വഴിയില്‍ കേടാകുന്നത് ഒഴിവാക്കാനാകും.
സ്ഥലപരിമിതിയുള്ളതിനാല്‍ ചില സ്ഥലങ്ങളില്‍ ബസുകള്‍ ചേര്‍ത്തിട്ടിരിക്കുകയാണ്. ഇവ ഓടിച്ചു മാറ്റാനുള്ള സൗകര്യമില്ല. ബസുകള്‍ നന്നായി പരിപാലിച്ചില്ലെങ്കില്‍ ലോക്ഡൗണ്‍ കഴിയുമ്പോള്‍ ബ്രേക്ക് ഡൗണുകളുടെ പെരുമഴക്കാലമായിരിക്കും വരുന്നതെന്ന് സാങ്കേതികവിദഗ്ദ്ധര്‍ പറയുന്നു.
Content Highlights: Corona Lock Down; KSRTC Clean Its Volvo and Scania Buses
Published: 13 Apr 2020, 09:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented