വർധിച്ചുവരുന്ന ഇന്ധനവിലയും കർശനമായ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും കാരണം, പെട്രോളിനും ഡീസലിനും ഒരു ബദൽ എന്ന നിലയിൽ ഇന്ത്യയിൽ സിഎൻജിക്ക് (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) പ്രചാരം വർധിച്ചുവരികയാണ്. പല കാർ നിർമാതാക്കളും ഇപ്പോൾ ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റുകൾ നൽകുന്നുണ്ട്.
കൂടാതെ നഗരങ്ങളിലുടനീളം സിഎൻജി സ്റ്റേഷനുകൾ വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. അങ്ങനെയൊക്കെയാണെങ്കിലും സിഎൻജി ശരിക്കും നിങ്ങൾക്ക് അനുയോജ്യമായ ഇന്ധനമാണോ? സിഎൻജി ഇന്ധനമായി ഉപയോഗിക്കുന്നതിന്റെ അഞ്ച് ഗുണങ്ങളും അഞ്ച് ദോഷങ്ങളും പരിശോധിക്കാം.
ഗുണങ്ങൾ
1. കുറഞ്ഞ പ്രവർത്തനച്ചെലവ്
പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് സിഎൻജിക്ക് വില വളരെ കുറവാണ്. അതായത് ഇന്ധനച്ചെലവ് ഗണ്യമായി കുറയുന്നു. ടാക്സി ഡ്രൈവർമാർ, ദിവസേന യാത്ര ചെയ്യുന്നവർ തുടങ്ങീ ഉയർന്ന മൈലേജ് ആവശ്യമായ ഉപയോക്താക്കൾക്ക് ഈ ലാഭം വളരെ വലുതാണ്.
2. പരിസ്ഥിതി സൗഹൃദ ഇന്ധനം
പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് സിഎൻജി പുറന്തള്ളുന്ന ഹാനികരമായ വാതകങ്ങൾ കുറവാണ്. ഇത് കാർബൺ മോണോക്സൈഡ്, കണികാ പദാർഥങ്ങൾ, നൈട്രജൻ ഓക്സൈഡുകൾ എന്നിവ കുറഞ്ഞ അളവിൽ പുറത്തുവിടുന്നു. ഇതൊരു ഹരിത ഇന്ധനമാക്കുകയും നഗരങ്ങളിലെ മലിനീകരണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
3. എൻജിന്റെ ആയുസ് വർധിപ്പിക്കുന്നു
സിഎൻജി കൂടുതൽ വൃത്തിയായി കത്തുന്നതിനാൽ എൻജിനിൽ കാർബൺ അടിയുന്നത് കുറവാണ്. ഇത് തേയ്മാനം കുറയ്ക്കുകയും സർവീസ് ഇടവേളകൾ വർധിപ്പിക്കുകയും എൻജിന്റെ ആയുസ് കൂട്ടുകയും ചെയ്യുന്നു.
4. സർക്കാർ പ്രോത്സാഹനങ്ങൾ
ഇന്ത്യൻ സർക്കാർ സബ്സിഡികൾ, കുറഞ്ഞ നികുതികൾ, അതിവേഗം വികസിക്കുന്ന റീഫ്യൂവലിങ് സൗകര്യങ്ങൾ എന്നിവ നൽകി സിഎൻജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് സിഎൻജി വാഹനങ്ങളെ കൂടുതൽ പ്രാപ്യവും പ്രായോഗികവുമാക്കുന്നു.
5. സുരക്ഷിതമായ ഇന്ധനം
പെട്രോൾ, എൽപിജി എന്നിവയെ അപേക്ഷിച്ച് തീപിടുത്തത്തിനോ സ്ഫോടനത്തിനോ ഉള്ള ഇത് സാധ്യത കുറവാണ്. ആധുനിക സിഎൻജി കിറ്റുകളിൽ സുരക്ഷയ്ക്കായി ഷട്ട്-ഓഫ് വാൽവുകളും ഘടിപ്പിച്ചിട്ടുണ്ട്.
സിഎൻജിയുടെ ദോഷങ്ങൾ
1. ബൂട്ട് സ്പേസ് കുറയുന്നു
സിഎൻജി സിലിണ്ടർ ബൂട്ടിന്റെ വലിയൊരു ഭാഗം അപഹരിക്കുന്നു. ഇത് ലഗേജുകൾക്ക് വളരെ കുറച്ച് സ്ഥലം മാത്രം നൽകുന്നു. ഇത് കുടുംബ യാത്രകൾക്കോ ദീർഘദൂര യാത്രകൾക്കോ അസൗകര്യമുണ്ടാക്കുന്നു.
2. കുറഞ്ഞ പവർ
പെട്രോളിൽ ഓടുന്നതിനെ അപേക്ഷിച്ച് സിഎൻജിയിൽ ഓടുന്ന കാറുകൾക്ക് സാധാരണയായി പവർ കുറവായിരിക്കും. പ്രത്യേകിച്ച് ഹൈവേകളിലും ഹിൽ സ്റ്റേഷനുകളിലും ആക്സിലറേഷനും പ്രകടനവും മന്ദഗതിയിലായേക്കാം.
3. റീഫ്യൂവലിങ് സ്റ്റേഷനുകളുടെ കുറവ്
വളർന്നുകൊണ്ടിരിക്കുകയാണെങ്കിലും, സിഎൻജി സൗകര്യങ്ങൾ ഇപ്പോഴും പ്രധാന നഗരങ്ങളിൽ പരിമിതമാണ്. ചെറിയ പട്ടണങ്ങളിലോ ഹൈവേകളിലോ ഒരു സിഎൻജി പമ്പ് കണ്ടെത്തുന്നത് ബുദ്ധിമുട്ടായേക്കാം.
4. ഉയർന്ന പ്രാരംഭച്ചെലവ്
ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കാറുകൾക്ക് പെട്രോൾ വേരിയന്റുകളേക്കാൾ വില കൂടുതലാണ്. പുറത്തുനിന്ന് ഒരു സിഎൻജി കിറ്റ് ഘടിപ്പിക്കുന്നതിനും കാര്യമായ ചിലവ് വരും. കൂടാതെ, ശരിയല്ലാത്ത ഇൻസ്റ്റാലേഷൻ വാഹനത്തിന്റെ വിശ്വാസ്യതയെ ബാധിച്ചേക്കാം.
5. ഇടയ്ക്കിടെ ഇന്ധനം നിറയ്ക്കേണ്ടി വരുന്നു
സിഎൻജിക്ക് ഊർജ്ജ സാന്ദ്രത കുറവായതിനാൽ ഒരു ടാങ്ക് ഫുൾ അടിച്ചാൽ ലഭിക്കുന്ന ഡ്രൈവിങ് റേഞ്ച് കുറവായിരിക്കും. പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് നിങ്ങൾക്ക് കൂടുതൽ തവണ ഇന്ധനം നിറയ്ക്കേണ്ടിവരും.
നിങ്ങൾ കൂടുതലും നഗരപരിധിയിൽ വാഹനം ഓടിക്കുന്ന ആളാണെങ്കിൽ, കുറഞ്ഞ പ്രവർത്തനച്ചെലവ് ആഗ്രഹിക്കുകയും പരിസ്ഥിതിയെക്കുറിച്ച് ശ്രദ്ധിക്കുകയും ചെയ്യുന്നൂവെങ്കിൽ സിഎൻജി ഒരു മികച്ച ഓപ്ഷനാണ്. എന്നാൽ, ദീർഘദൂര ഹൈവേ യാത്രകൾക്കും പ്രകടനത്തിനുമാണ് മുൻഗണന നൽകുന്നതെങ്കിൽ പെട്രോൾ അല്ലെങ്കിൽ ഡീസൽ തന്നെയായിരിക്കും നിങ്ങൾക്ക് കൂടുതൽ അനുയോജ്യം.
Content Highlights: Is CNG right for you? Explore 5 advantages and 5 disadvantages of CNG cars, including cost, mileage
Published: 29 Aug 2025, 06:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented