ബെയ്ജിങ്: അടുത്ത തലമുറ പറക്കുംകാറുകളുടെ ഉത്പാദനത്തില്‍ യുഎസ് കമ്പനിയായ ടെസ്ലയെ പിന്നിലാക്കി ചൈനീസ് കമ്പനിയുടെ കുതിപ്പ്. ചൈനീസ് വൈദ്യുതവാഹന നിര്‍മാതാക്കളായ എക്‌സ്‌പെങ്ങിന്റെ 'എക്‌സ്‌പെങ് എയ്‌റോഹ്റ്റ്' ആണ് പരീക്ഷണാടിസ്ഥാനത്തില്‍ പറക്കുംകാറുകള്‍ ഉണ്ടാക്കിത്തുടങ്ങിയത്.

To advertise here,

തെക്കന്‍ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയുടെ തലസ്ഥാനമായ ഗ്വാങ്ഷുവിലെ ഹുവാങ്പു ജില്ലയിലാണ് 1,20,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള നിര്‍മാണശാല. പ്രതിവര്‍ഷം 10,000 പറക്കും കാറുകള്‍വരെ ഇവിടെ ഉണ്ടാക്കാനാകും.

റോഡിലൂടെ ഓടാനും ആവശ്യമെങ്കില്‍ പറക്കാനും കഴിയുന്ന വാഹനങ്ങളാണ് പറക്കുംകാറുകള്‍. ആറുചക്രങ്ങളുള്ള ഒരു ഗ്രൗണ്ട് വെഹിക്കിളും വേര്‍പെടുത്താവുന്ന ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ്, ലാന്‍ഡിങ് (ഇവിടിഒഎല്‍) ബോഡിയുമാണ് എക്‌സ്പെങ്ങിന്റെ പറക്കുംകാറിനുള്ളത്.

ഇവയ്ക്ക് ഓട്ടോമാറ്റിക് മോഡും മാനുവല്‍ ഫ്‌ലൈറ്റ് മോഡുമുണ്ട്. കാറുകളുടെ മാതൃക വാഹനമേളകളില്‍ 'എക്‌സ്‌പെങ്' പ്രദര്‍ശിപ്പിച്ചിരുന്നു. പരീക്ഷണപ്പറക്കലുകളും നടത്തിയിരുന്നു. ടെസ്ല, അലഫ് എയ്റോനോട്ടിക്‌സ് തുടങ്ങിയ കമ്പനികള്‍ ഇത്തരം കാറുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.