ചെന്നൈ: 20 അത്യാധുനിക എസി ആഡംബര ബസുകൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനംചെയ്തു. സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (എസ്സിടിസി) വേണ്ടി 20 മൾട്ടി-ആക്‌സൽ-എസി ലക്ഷ്വറി ബസുകളാണ് ചെന്നൈയിലെ ഐയലൻഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

To advertise here,

15 മീറ്ററാണ് ബസിന്റെ നീളം. 34.30 കോടി രൂപയാണ് ബസുകൾ വാങ്ങാൻ ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചെന്നൈയിൽനിന്ന് ബെംഗളൂരു, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, മധുര, സേലം, തിരുനെൽവേലി, തഞ്ചാവൂർ, നാഗർകോവിൽ, തിരുച്ചെന്തൂർ, തിരുപ്പോരൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ബസുകൾ സർവീസ് നടത്തുക. സെമി സ്ലീപ്പർ സീറ്റുകളുള്ള ബസിൽ 51 പേർക്കാണ് യാത്രചെയ്യാൻ കഴിയുക. വിശാലമായ കാഴ്ച നൽകുന്ന വലിയ ജനലുകൾ ബസിന്റെ ആകർഷണമാണ്.

ലഗേജ് വെയ്ക്കാൻ പ്രത്യേക സ്ഥലമുണ്ട്. യാത്രക്കാർക്ക് കൂടുതൽ സൗകര്യവും സുരക്ഷ ഉറപ്പുനൽകുന്ന രീതിയിലാണ് ബസുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. മൊബൈൽ ഫോൺ ചാർജിങ് പോയിന്റുകൾ, കുടിവെള്ള കുപ്പികൾ വെയ്ക്കാനുള്ള സൗകര്യം തുടങ്ങിയവ ബസ്സിലുണ്ട്. സിസിടിവി ക്യാമറകളുണ്ട്.

അഗ്‌നിശമനത്തിനായി പ്രത്യേക സൗകര്യവും ബസിൽ എർപ്പെടുത്തിയിട്ടുണ്ട്. തീപ്പിടിത്തമുണ്ടാകുകയാണെങ്കിൽ ബസിൽ ഘടിപ്പിച്ചിരിക്കുന്ന പൈപ്പുകളിലൂടെ സ്വയം വെള്ളം ചീറ്റും. ഇതിലൂടെ അഗ്‌നിബാധ ഒഴിവാക്കാൻ കഴിയുമെന്നും എസ്ഇടിസി അധികൃതർ പറഞ്ഞു. പരമാവധി സുരക്ഷാ സംവിധാനങ്ങൾ ബസിൽ ഏർപ്പെടുത്തിയിട്ടുണ്ട്.