മോട്ടോർ വാഹങ്ങൾ പുറന്തള്ളുന്ന പുക വഴിയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണ തോത് കുറക്കുക എന്നതാണ് കൃത്യമായ ഇടവേളകളിൽ നിലവിൽ വരുന്ന ഭാരത് സ്റ്റേജ് (BS) മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ വഴി ഉദ്ദേശിക്കുന്നത്. ഈ ലക്ഷ്യത്തോടെ 2020 ഏപ്രിൽ ഒന്ന് മുതലാണ് ഭാരത് സ്റ്റേജ് 6  മാനദണ്ഡങ്ങൾ നിലവിൽ വന്നത്. ഇന്ത്യയിൽ വായു മലിനീകരണ പ്രശ്നങ്ങൾ രൂക്ഷമായി നിലനിൽക്കുന്നതിനാൽ ഭാരത് സ്റ്റേജ് 7 (BS7) മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ എതുനിമിഷം വേണമെങ്കിലും അവതരിപ്പിക്കാം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

To advertise here,

പുതിയ മാനദണ്ഡങ്ങൾ ഇന്ത്യൻ വാഹനമേഖലയെ എങ്ങനെ ബാധിക്കുമെന്നത് വാഹനനിർ‌മാതാക്കളും ഉപഭോക്താക്കളും ഒരുപോലെ കാത്തിരിക്കുന്ന കാര്യമാണ്. യൂറോപ്യൻ രാജ്യങ്ങളിലുള്ള യൂറോ 7 മാനദണ്ഡങ്ങളുമായി ചേർന്നുപോകുന്ന ഈ കർശനമായ ചട്ടങ്ങൾ ഡീസൽ വാഹനങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഇത് വില വർധിപ്പിക്കാനോ ചില മോഡലുകൾ നിർത്തലാക്കാനോ പോലും ഇടയാക്കിയേക്കാം എന്ന ഊഹാപോഹങ്ങൾ വ്യാപകമാണ്.

കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം (MoRTH) ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വ്യവസായ വിദഗ്ധരും റിപ്പോർട്ടുകളും പറയുന്നത്, സർക്കാർ BS7 മാനദണ്ഡങ്ങളിലേക്ക് കടക്കാൻ തീരുമാനിക്കുകയാണെങ്കിൽ പരമ്പരാഗത ഡീസൽ എൻജിനുകളുടെ തകർച്ച വേഗത്തിലാക്കിയേക്കാം എന്നാണ്.

2023-ൽ, വാഹന മലിനീകരണത്തിൽ നിന്നുള്ള ആരോഗ്യ, പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കുന്നതിനായി ആഗോള മാനദണ്ഡങ്ങളുമായി ചേർന്നുപോകുന്നതിനെ ഊന്നിപ്പറഞ്ഞുകൊണ്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വാഹന നിർമാതാക്കളോട് BS7 മാനദണ്ഡങ്ങൾ പാലിക്കാൻ മുൻകൂട്ടി തയ്യാറെടുക്കാൻ അഭ്യർഥിച്ചിരുന്നു.

BS7 എമിഷൻ മാനദണ്ഡങ്ങൾ എങ്ങനെ ബാധിക്കാം

BS7 മാനദണ്ഡങ്ങൾ പല പ്രധാന മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഡീസൽ വാഹനങ്ങളിൽ വലിയ ശ്രദ്ധ കേന്ദ്രീകരിക്കും."ഓൺ-ബോർഡ് മോണിറ്റർ" സംവിധാനമാണ് ഒരു പ്രധാന സവിശേഷത. ഇത് നിലവിലെ BS6 വാഹനങ്ങളിലെ ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക്സിനപ്പുറം മോട്ടോർ വാഹങ്ങൾ പുറന്തള്ളുന്ന പുക തത്സമയം അളക്കാൻ രൂപകൽപന ചെയ്‌തതാണ്.

ഈ മാനദണ്ഡങ്ങൾ നൈട്രജൻ ഓക്സൈഡുകൾ (NOx) പോലുള്ള മലിനീകരണത്തിന് ഏകീകൃത പരിധികൾ ഏർപ്പെടുത്തിയേക്കാം. ഇത് ഡീസൽ എൻജിനുകളെ പെട്രോളിന് തുല്യമായ കർശനമായ നിലയിലേക്ക് (ഏകദേശം 60 mg/km) കൊണ്ടുവരും. പെട്രോൾ എൻജിനുകൾക്ക് ചെറിയ മാറ്റങ്ങൾ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ.

എന്നാൽ ഡീസലുകൾക്ക് അഡ്വാൻസ്ഡ് ആഫ്റ്റർ-ട്രീറ്റ്മെന്റ് സിസ്റ്റങ്ങൾ ഉൾപ്പെടെ വിപുലമായ നവീകരണം ആവശ്യമായി വന്നേക്കാം. ഇത് വാഹന നിർമതാക്കൾക്ക് പഴയ എൻജിൻ പ്ലാറ്റ്ഫോമുകൾ പുനഃക്രമീകരിക്കുന്നത് സാമ്പത്തികമായി ലാഭകരമല്ലാത്തതായി കണ്ടേക്കാം. ഇത് വില വർധനവിനും വിൽപന കുറയുന്നതിനും ഇടയാക്കും.

ജനപ്രിയ മോഡലുകളിൽ സ്വാധീനം

ടൊയോട്ട ഫോർച്യൂണർ, ടാറ്റ ഹാരിയർ ഉൾപ്പെടെയുള്ള ഡീസൽ എസ്‌യുവി വിഭാഗത്തിന് ഈ മാറ്റങ്ങളിൽ പ്രതിസന്ധി നേരിട്ടേക്കാം. പ്രശസ്തമായ 2.8 ലിറ്റർ ഡീസൽ എൻജിനാണ് ഫോർച്യൂണറിന്റെ ഹൃദയം. എൻജിൻ നവീകരണം വളരെ ചെലവേറിയതായി തെളിയിക്കപ്പെട്ടാൽ അത് ഈ എൻജിന്റെ നിലനിൽപ്പിന് തന്നെ വെല്ലുവിളി ആയേക്കാം.

അതുപോലെ, ടാറ്റയ്ക്ക് പരിഷ്കരിക്കാനുള്ള ലൈസൻസിങ് അവകാശങ്ങൾ ഉണ്ടെങ്കിലും ഹാരിയറിന്റെ 2.0 ലിറ്റർ ഫിയറ്റ്-സോഴ്സ്ഡ് ഡീസൽ എൻജിനും വെല്ലുവിളികൾ നേരിട്ടേക്കാം. എസ്‌യുവി, പിക്കപ്പ് വിഭാഗങ്ങളിലെ മറ്റ് ഡീസൽ-അധിഷ്ഠിത വാഹനങ്ങൾക്ക് നിർമാതാക്കൾ ഉയർന്ന വികസന ചെലവുകൾ ഒഴിവാക്കാൻ പെട്രോൾ, ഹൈബ്രിഡ്, അല്ലെങ്കിൽ ഇലക്ട്രിക് ബദലുകളിലേക്ക് മാറുന്നതും കണ്ടേക്കാം.

BS7 വരുന്നതോടെ യാത്രാ വാഹനങ്ങളിലെ പരമ്പരാഗത ഡീസൽ എൻജിനുകൾ അപ്രത്യക്ഷമാകുമെന്നും കമ്പനികളെശക്തമായ ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്ട്രിഫിക്കേഷനിലേക്ക് നയിക്കുമെന്നും വ്യവസായ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

ടോർക്ക്, കാര്യക്ഷമത എന്നിവയ്ക്കായി ഡീസൽ എസ്‌യുവികൾ വാങ്ങുന്നവരുടെ താത്പര്യങ്ങളെ ഇത് ബാധിക്കും. BS7 മാനദണ്ഡങ്ങളുടെ അന്തിമ രൂപം, അതിന്റെ കൃത്യമായ സമയപരിധി എന്നീ കാര്യങ്ങളിൽ സർക്കാരിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനാണ് ഇനി കാത്തിരിക്കേണ്ടത്.