ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞാല്‍, ആ കുഴിയുടെയോ തുറന്ന മാന്‍ഹോളിന്റെയോ ഉത്തരവാദികളായ വ്യക്തികളില്‍നിന്ന് തുക ഈടാക്കാമെന്ന് കോടതി പറഞ്ഞു.

പ്രതീകാത്മത ചിത്രം | Photo: APOORVA SALKADE / FOTOCORP
മുംബൈ: നികുതി അടയ്ക്കുന്ന പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ റോഡുകള്‍ ഉള്‍പ്പെടെയുള്ള ശരിയായ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അധികാരികളുടെ ഉത്തരവാദിത്തമാണെന്ന് ബോംബൈ ഹൈക്കോടതി. നല്ലതും സുരക്ഷിതവുമായ റോഡുകള്‍ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. റോഡ് സുരക്ഷിതമാക്കാത്തതിന് ഒരു ന്യായീകരണവുമില്ല.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നഗരസഭയുടേയും വരുമാനത്തിന് വലിയ സംഭാവന നല്‍കുന്ന നഗരമാണ്. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കോര്‍പ്പറേഷനുകളില്‍ ഒന്നാണിത്. മോശംറോഡുകള്‍ മനുഷ്യജീവിതത്തിന് മാത്രമല്ല, കമ്പനികളുടെ സാമ്പത്തികാരോഗ്യം ഉള്‍പ്പെടെ സമ്പദ്വ്യവസ്ഥയ്ക്കും പ്രതികൂലഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയില്‍ മഴക്കാലത്ത് കുഴികളും തുറന്ന മാന്‍ഹോളുകളും മൂലമുള്ള മരണങ്ങളും ഗുരുതരമായ പരിക്കുകളും ഒരു പതിവുസംഭവമായി മാറിയിട്ടുണ്ട്. റോഡ് അറ്റകുറ്റപ്പണികള്‍ ഏല്‍പ്പിച്ചിരിക്കുന്ന കരാറുകാരോടൊപ്പം നഗരസഭകളും ഇത്തരം മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും ഉത്തരവാദികളായിരിക്കും. ഇത്തരം അപകടങ്ങളില്‍ ആറുമുതല്‍ എട്ടാഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നും പണംവൈകിയാല്‍ പലിശ നല്‍കേണ്ടിവരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞാല്‍, ആ കുഴിയുടെയോ തുറന്ന മാന്‍ഹോളിന്റെയോ ഉത്തരവാദികളായ വ്യക്തികളില്‍നിന്ന് തുക ഈടാക്കാമെന്ന് കോടതി പറഞ്ഞു. ഇതിനെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ അന്വേഷിക്കുന്നതിനും ഇരകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം നിര്‍ണയിക്കുന്നതിനുമായി സമിതികള്‍ രൂപവത്കരിക്കാനും കോടതി ഉത്തരവിട്ടു.
ഈ പ്രക്രിയയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന സമിതികള്‍ മരണമോ അപകടമോ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചാല്‍ ഏഴുദിവസത്തിനുള്ളില്‍ യോഗംചേരണം. ഇത്തരം അപകടങ്ങളെക്കുറിച്ച് മുനിസിപ്പല്‍, ജില്ലാ അല്ലെങ്കില്‍ ഹൈവേ അധികാരികള്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയ്ക്ക് ലഭിക്കുന്ന പരാതികള്‍ സമിതികള്‍ക്ക് കെമാറണം. 48 മണിക്കൂറിനുള്ളില്‍ സമിതികളെ അറിയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോലീസ് ഉദ്യോഗസ്ഥരോടും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കുറ്റക്കാരായ ഉദ്യോഗസ്ഥര്‍, എന്‍ജിനിയര്‍മാര്‍, കരാറുകാര്‍ എന്നിവര്‍ക്കെതിരേ അച്ചടക്കനടപടിയും ശിക്ഷാനടപടിയും സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കൂടാതെ, കുഴികളുമായി ബന്ധപ്പെട്ട പരാതികള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍, നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ നന്നാക്കണമെന്നും കോടതി വ്യക്തമാക്കി.
Content Highlights: Bombay High Court rules that safe roads are a citizen`s right to life. Authorities are responsible for ensuring proper infrastructure, including safe roads, and must compensate victims of accidents caused by potholes and open manholes.
Published: 15 Oct 2025, 03:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented