സ്വകാര്യവാഹനങ്ങളുടെ എണ്ണംകുറച്ച് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം 'ഭാരത് ടാക്സി' ആരംഭിച്ചത്.

ന്യൂഡൽഹി: കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ പിന്തുണയോടെ ആരംഭിച്ച സഹകരണ ടാക്സി സർവീസായ ഭാരത് ടാക്സിക്ക് വൻ സ്വീകാര്യതയെന്ന് കേന്ദ്ര സർക്കാർ. പ്രവർത്തനമാരംഭിച്ച് ദിവസങ്ങൾക്കകം ടാക്സിക്ക് നാലുലക്ഷത്തിലധികം ഉപയോക്താക്കളായെന്ന് കേന്ദ്രസഹകരണമന്ത്രാലയം 'എക്സിൽ' കുറിച്ചു.
കഴിഞ്ഞ രണ്ടുദിവസമായി ദിവസേന 40,000 മുതൽ 45,000 വരെ പുതിയ ഉപയോക്താക്കളാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. ഗൂഗിൾ പ്ലേസ്റ്റോറിൽ ഒൻപതാം സ്ഥാനത്തും ആപ്പിൾ ആപ്പ് സ്റ്റോറിൽ പതിമ്മൂന്നാം സ്ഥാനത്തുമാണ് ഭാരത് ടാക്സി.
സ്വകാര്യവാഹനങ്ങളുടെ എണ്ണംകുറച്ച് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം 'ഭാരത് ടാക്സി' ആരംഭിച്ചത്. കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെയും ദേശീയ ഇ-ഗവേണൻസ് ഡിവിഷന്റെയും കീഴിലാണ് 'ഭാരത് ടാക്സി' പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കാറുകൾ, ഓട്ടോറിക്ഷകൾ, ബൈക്കുകൾ എന്നിവയുടെ സേവനം ഭാരത് ടാക്സിയിൽ ലഭിക്കും.
2025 നവംബർ മാസത്തിലാണ് ഭാരത് ടാക്സിയുടെ പരീക്ഷണയോട്ടം ആരംഭിച്ചത്. ന്യൂഡൽഹിയിലായിരുന്നു പരീക്ഷണം. പിന്നീട് രാജ്യത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളിൽക്കൂടി സേവനം ലഭ്യമാക്കുകയായിരുന്നു. യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കുകളാകും ഏർപ്പെടുത്തുക.
ഡ്രൈവർമാർക്ക് ഓഹരിയുടമകളാകാൻ അവസരം നൽകുന്ന രാജ്യത്തെ ആദ്യത്തെ സഹകരണ ടാക്സി സേവനമാണെന്നതാണ് ഭാരത് ടാക്സിയുടെ പ്രത്യേകത. യാത്രക്കൂലിവർധന, മോശം വാഹനങ്ങൾ, ഡ്രൈവർമാരുടെ മോശം പെരുമാറ്റം തുടങ്ങി മറ്റ് ഓൺലൈൻ ടാക്സി പ്ളാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട് പരാതി ഉയരുന്നത് കണക്കിലെടുത്താണ് ഈ ഉദ്യമം.
ഭാരത് ടാക്സികളിലെ ഡ്രൈവർമാരെ സാരഥികൾ എന്നാണ് വിശേഷിപ്പിക്കുന്നത്. ഡൽഹിയിൽ ആദ്യഘട്ടത്തിൽ 650 ഡ്രൈവർമാർ പങ്കാളികളാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. മറ്റു പ്ളാറ്റ്ഫോമുകളിലേതുപോലെ കമ്മിഷൻ സംവിധാനമില്ലാത്തതിനാൽ ഡ്രൈവർമാർക്ക് വരുമാനത്തിന്റെ 100 ശതമാനം ലഭിക്കും. യാത്രക്കാർക്ക് ന്യായമായ നിരക്കുകൾ പ്രതീക്ഷിക്കാം. ഡിജിറ്റൽ ഡിജിലോക്കർ, ഉമാങ് പോലുള്ള പ്ലാറ്റ്ഫോമുകളുമായി സേവനം സംയോജിപ്പിച്ചേക്കും.
Content Highlights: Bharat Taxi, backed by the Indian government, is a hit! With 40,000+ daily downloads and 4 lakh users, it offers affordable rides and empowers drivers.
Published: 06 Jan 2026, 05:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented