
പുതുതായി വാങ്ങിയ ബെന്‍സിന്റെ ആഡംബര എസ്‌യുവിയും ആറ് ടിപ്പറുകളും ഉപയോഗിച്ച് നടത്തിയ റോഡ്‌ഷോ കൂടുതല്‍ കുരുക്കിലേക്ക്. ഈ സംഭവത്തെ കുറിച്ച് പോലീസിന് പിന്നാലെ മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം ആരംഭിച്ചു. ഇതോടെ പുതുമ മാറും മുമ്പെ ബെന്‍സും ആറ് ടിപ്പറും കുറച്ച് കാലം പോലീസ് സ്‌റ്റേഷനില്‍ മഴ കൊണ്ട് കിടക്കുമെന്നുറപ്പായി.
കോതമംഗലം ചേലാട് സ്വദേശി റോയി കുര്യന്‍ തണ്ണിക്കോട്ടാണ് റോഡ് ഷോയിലൂടെ വിവാദത്തിന് തിരി കൊളുത്തിയത്. റോയിയുടെ പേരിലും ഏഴ് ഡ്രൈവര്‍മാരുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്. കാറും ടോറസുമായി റോഡ് ഷോ തുടങ്ങിയപ്പോള്‍ തന്നെ വിവരം അറിഞ്ഞ ജില്ല പോലീസ് മേധാവി കോതമംഗലം പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകാത്ത കാറും ആറ് ടോറസ് ലോറികളും ഒരു ടിപ്പര്‍ലോറിയും അണിനിരത്തി ചൊവ്വാഴ്ചയായിരുന്നു കലാപരിപാടി. ഭൂതത്താന്‍കെട്ടില്‍നിന്ന് ആരംഭിച്ച് കോതമംഗലത്തെത്തിയപ്പോഴായിരുന്നു പോലീസ് തടഞ്ഞ് കേസെടുത്തത്. കാറും അഞ്ച് ലോറികളും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ബുധനാഴ്ച രണ്ട് ലോറികള്‍ കൂടി കസ്റ്റഡിയിലെടുത്തു.
മോട്ടോര്‍ വാഹന വകുപ്പ് റോയി കുര്യനും ലോറികളുടെ ഉടമ മഴുവന്നൂരിലെ ഗ്രാനൈറ്റ് ഉടമ മൂവാറ്റുപുഴ സ്വദേശി ഗൗതമിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. കാര്‍, ടിപ്പര്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സും വാഹനങ്ങളുടെ രേഖകളും ജോയിന്റ് ആര്‍.ടി.ഓഫീസില്‍ ഹാജരാക്കാനാണ് നോട്ടീസ്. ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും സാധ്യതയുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്.
അപകടകരമായി വാഹനം ഓടിച്ചതിനാണ് ഡ്രൈവര്‍മാരുടെ പേരിലുള്ള കേസ്. ഡ്രൈവര്‍മാരെ ഇതിന് പ്രേരിപ്പിച്ചതിനാണ് റോയിയുടെ പേരിലുള്ള കേസ്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.പി. അജിത് കുമാര്‍, ആര്‍.ടി.ഒ. ഇ.എം. സബീര്‍, ജോയിന്റ് ആര്‍.ടി.ഒ. കെ.കെ. രാജീവ് എന്നിവരെത്തി വാഹനങ്ങളും രേഖകളും പരിശോധിച്ച് നടപടിയിലേക്ക് നീങ്ങി.
പോലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കിയതായി പോലീസ് ഇന്‍സ്‌പെക്ടര്‍ ബി. അനില്‍ പറഞ്ഞു. വാഹനങ്ങള്‍ ഉടമയ്ക്ക് വിട്ടുകൊടുക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Benz SUV and Tipper Road Show In Kothamangalam
Published: 30 Jul 2020, 11:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented