ഇതൊക്കെ ഫാമിലിക്ക് പറ്റുമോ...? ചെത്തുപിള്ളേർക്കല്ലേ പറ്റൂ... ബെംഗളൂരുവിൽനിന്ന് രണ്ട് പിള്ളേരുടെ തലയിൽനിന്ന് പിറവികൊണ്ട വൈദ്യുതി സ്‌കൂട്ടർ കണ്ടവരുടെ ആദ്യത്തെ ചോദ്യമായിരുന്നു ഇത്. അതായിരുന്നു ‘ഏഥർ’ എന്ന വൈദ്യുത സ്‌കൂട്ടറിന്റെ പിറവിയും വിജയവും. അങ്ങനെ ഇന്ത്യയിലെ വിൽപ്പനയിൽ മിന്നിക്കയറിയ ‘ഏഥറി’നും ഭാവിയിൽ ഇതേ ചിന്ത വിരിഞ്ഞു. ടി.വി.എസും ചേതക്കുമെല്ലാം കുടുംബത്തെ െെകയിലെടുത്ത് നീങ്ങുമ്പോൾ ‘ഏഥറും’ കൊണ്ടുവന്നു കുടുംബത്തിലേക്ക് ഒന്നാംതരം അംഗത്തെ. അതാണ് ‘റിസ്ത’.
ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നെന്ന അർഥത്തിലും പേര് അന്വർഥമാക്കുന്നു. പഴയ ‘ഏഥറി’ന്റെ കരുത്തും ഒരു കുടുംബത്തിന് സുഖവും സുരക്ഷിതവുമായി സഞ്ചരിക്കാവുന്നതാണ് ‘റിസ്ത’ എന്ന വൈദ്യുത സ്‌കൂട്ടർ. കാഴ്ചയിൽ തന്നെ വലുതായി. വീതിയേറിയ മുഖം. പൂർണമായും എൽ.ഇ.ഡി.യിൽ തീർത്ത ഹെഡ്‌ലൈറ്റും ഇൻഡിക്കേറ്ററും.
അലോയ് വീലുകൾ, എൽ.ഇ.ഡി. ടെയിൽ ലാമ്പ് എന്നിവയ്ക്കു പുറമേ മനോഹരമായ നിറങ്ങളും ഗ്രാഫിക്സുമെല്ലാം നൽകി കൂടുതൽ സുന്ദരമാക്കിയിട്ടുണ്ട്. രണ്ടുപേർക്ക് വിശാലമായി ഇരിക്കാവുന്ന സീറ്റ്. സീറ്റിനടിയിൽ 34 ലിറ്റർ സ്പേസുണ്ട്. ഉള്ളിൽ ചെറിയൊരു ലൈറ്റുമുണ്ട്. ഫീച്ചറിന്റെ കാര്യത്തിൽ എന്നും ഏഥർ എതിരാളികളെക്കാൾ ഒരു പടി മുന്നിൽതന്നെ. അത് ‘റിസ്ത’യിലും തുടർന്നിട്ടുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ‘റിസ്ത’യുടെയും തലച്ചോർ.
ഏഴ് ഇഞ്ച് വലുപ്പത്തിലുള്ള കളർ ടി.എഫ്.ടി. ഡാഷ്‌ബോർഡ്, എന്നാൽ ടച്ച് സ്‌ക്രീനല്ല. ഇതിലുള്ള സിം സ്വന്തമായി പ്രവർത്തിക്കും. കൂടാതെ ബ്ലൂടൂത്തുമായി നമ്മുടെ ഫോൺ കണക്ട് ചെയ്യാം. ‘ഏഥർ’ സ്റ്റാക്ക് ആറിൽ അധിഷ്ഠിതമാണ് ‘റിസ്ത’. വാട്‌സാപ്പ് വരെ സ്‌ക്രീനിൽ കാണാം. പാർക്കിങ് സ്ഥലങ്ങളിൽ സ്‌കൂട്ടർ കണ്ടെത്തുന്നതിനായി ‘പിങ്മൈ സ്‌കൂട്ടർ’, ബ്രേക്ക് പിടിക്കാതെ വണ്ടി നിർത്തുന്നതിനായി ‘മാജിക് ട്വിസ്റ്റ്’, ആവശ്യത്തിനുമാത്രമായി ചാർജ് ചെയ്യുന്നതിനുള്ള സംവിധാനം എന്നിവ ‘റിസ്ത’യ്ക്കു മാത്രം സ്വന്തം. സുരക്ഷയിലും ഒരു സ്‌കൂട്ടറിനും അവകാശപ്പെടാനില്ലാത്ത സ്‌കിഡ് കൺട്രോളും ‘റിസ്ത’യിലുണ്ട്. ചരലിലും മണലിലുമെല്ലാം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാനുള്ള സംവിധാനമാണിത്.
പരിതഃസ്ഥിതിയറിഞ്ഞ് മോട്ടോറിന്റെ ടോർക്ക് നിയന്ത്രിച്ചാണിത് നടപ്പാക്കുന്നത്. വാഹനം നിലത്തുവീണാൽ മോട്ടോർ ഓഫാവുന്ന ഫോൾ സേഫാണ് മറ്റൊന്ന്. എമർജൻസി സ്റ്റോപ്പ് സിസ്റ്റമാണ് മറ്റൊന്ന്.പെട്ടെന്നുള്ള ബ്രേക്കിങ്ങിൽ ബ്രേക്ക് ലൈറ്റ് ബ്ലിങ്കറായി പ്രവർത്തിക്കും. 2.9, 3.7 കിലോവാട്ട് ബാറ്ററി പാക്കുകളിലാണ് ‘റിസ്ത’ വരുന്നത്. ആദ്യത്തേത് 123 കിലോമീറ്ററും രണ്ടാമത്തേത് 159 കിലോമീറ്ററും റെയ്‌ഞ്ച് നൽകും. മറ്റ് ‘ഏഥർ’ മോഡലുകളിൽനിന്ന് ഒരു മോഡ് കുറച്ച് സിപ്പ്, സ്മാർട്ട് ഇക്കോ എന്നീ മോഡുകളാണിതിലുള്ളത്.
Content Highlights: ather rizta electric scooter
Published: 29 Dec 2024, 07:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented