അതിതീവ്ര മഴയെത്തുടർന്ന് സംസ്ഥാനത്ത് പലസ്ഥലത്തും പ്രളയ സമാന സാഹചര്യം രൂപപ്പെട്ടിരിക്കുന്നു. വീടുകളിൽ വെളളം കയറിയതോടെ ജനങ്ങളെ രക്ഷാപ്രവർത്തകർ മാറ്റിപ്പാർപ്പിക്കുന്നുണ്ട്. നിരവധി വാഹനങ്ങൾ വെള്ളംകയറി തകരാറിലായെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. അതിനിടെ, സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന വൈദ്യുത വാഹനങ്ങളെ (ഇ.വി) പ്രളയവും റോഡിലെ വെള്ളക്കെട്ടും എങ്ങനെ ബാധിക്കുമെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

To advertise here,

വെള്ളക്കെട്ട് ഇലക്ട്രിക് കാറുകൾക്ക് സുരക്ഷിതമോ? വെള്ളക്കട്ടുകളിൽ അകപ്പെടുന്ന ഇ.വികളിൽനിന്ന് വൈദ്യുതാഘാതത്തിനുള്ള സാധ്യതയും ബാറ്ററി പൊട്ടിത്തെറിക്കുമോ എന്ന ഭയവും സാധാരണക്കാർക്കിടയിലുണ്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ.വികൾ വെള്ളപ്പൊക്കം ഉണ്ടാകുന്ന സമയത്ത് ഉപയോഗിക്കാൻ അനുയോജ്യമല്ല എന്ന ധാരണവും പലർക്കുമുണ്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്നതിനാൽ ഇലക്ട്രിക് വാഹനങ്ങളാകും ആദ്യം തകരാറിലാകുക എന്ന് പലരും കരുതുന്നു. എന്നാൽ ഓട്ടോമോട്ടീവ് എഞ്ചിനീയർമാർ പറയുന്നത് കാര്യങ്ങൾ അങ്ങനെയല്ല എന്നാണ്.

പെട്രോൾ - ഡീസൽ കാറുകളെക്കാൾ സുരക്ഷിതം

ഇലക്ട്രിക് മൊബിലിറ്റിയെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും വലിയ കെട്ടുകഥകളിൽ ഒന്നാണ് ഇത്തരം ആശങ്കകൾക്ക് പിന്നിലെന്ന് ഓട്ടോമോട്ടീവ് വിദഗ്ധർ പറയുന്നു. ശരിയായ രീതിയിൽ നിർമ്മിച്ച ഒരു ഇലക്ട്രിക് കാർ പെട്രോൾ - ഡീസൽ കാറുകളെക്കാൾ പ്രളയ സാഹചര്യങ്ങൾക്ക് കൂടുതൽ അനുയോജ്യമായിരിക്കുമെന്ന് അവർ പറയുന്നു. മാർക്കറ്റിങ് തന്ത്രത്തിന്റെ ഭാഗമായല്ല ഇങ്ങനെ പറയുന്നതെന്നും സാങ്കേതികവിദ്യയും അടിസ്ഥാനപരമായി ഇവികൾ നിർമ്മിച്ചിരിക്കുന്ന രീതിയുമാണ് പ്രളയത്തിൽ അവയെ സുരക്ഷിതമാക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.

എന്താണ് ഹൈഡ്രോലോക്ക്

പ്രളയ സാഹചര്യങ്ങളിൽ പെട്രോൾ, ഡീസൽ കാറുകൾക്ക് ഒരു വലിയ ന്യൂനതയുണ്ട്. പെട്രോൾ- ഡീസൽ എൻജിനുകൾക്ക് പ്രവർത്തിക്കാൻ വായു അത്യാവശ്യമാണ്. ഇന്ധനത്തിന്റെ ജ്വലനം തുടരാൻ എൻജിിൻ എപ്പോഴും ഒരു ഇൻടേക്ക് സിസ്റ്റത്തിലൂടെ വായു വലിച്ചെടുക്കുന്നു. പ്രളയജലം ആ ഇൻടേക്കിലേക്ക് പ്രവേശിച്ചാൽ എൻജിന് ഹൈഡ്രോലോക്ക് സംഭവിക്കാം. ഏറ്റവും ഗുരുതരമായ എൻജിൻ തകരാറുകളിൽ ഒന്നിന് ഇത് കാരണമാകാം എന്ന് മെക്കാനിക്കുകൾ പറയുന്നു.

വായുവിനെപ്പോലെ വെള്ളം കംപ്രസ് ചെയ്യാൻ കഴിയില്ല. അതിനാൽ അതിനെ കംപ്രസ് ചെയ്യാൻ ശ്രമിക്കുന്ന പിസ്റ്റണുകൾ കണക്റ്റിങ് റോഡുകൾ എന്നിവ വളയ്ക്കുകയോ എഞ്ചിൻ ബ്ലോക്കുകൾ വിണ്ടുകീറുകയോ ആന്തരിക ഭാഗങ്ങൾ നശിക്കുകയോ ചെയ്യാം. എൻജിൻ പൂർണമായും തകരാറിലാകാത്ത സാഹചര്യങ്ങളിൽ പോലും എൻജിൻ ഓയിലിൽ വെള്ളം കലരുന്നത് എക്‌സ്‌ഹോസ്റ്റ്, ഓൾട്ടർനേറ്റർ, സ്റ്റാർട്ടർ മോട്ടോർ, ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റുകൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തി ലക്ഷക്കണക്കിന് രൂപയുടെ റിപ്പയറിങ്ങിന് കാരണമാകും. ഇന്റേണൽ കമ്പഷൻ എഞ്ചിൻ വാഹനങ്ങൾക്ക് വെള്ളപ്പൊക്കത്തെ തുടർന്നുണ്ടാകുന്ന കേടുപാടുകൾ ഇൻഷുറൻസ് കമ്പനികൾ ഏറ്റവും ചെലവേറിയ ക്ലെയിമുകളിൽ ഒന്നായി കണക്കാക്കുന്നതിനുള്ള കാരണം ഇതാണ്.

ഇലക്ട്രിക് കാറുകളിൽ ഈ പ്രശ്‌നമില്ല. ഇലക്ട്രിക് വാഹനങ്ങൾ പെട്രോൾ, ഡീസൽ കാറുകളിൽ നിന്ന് വളരെ വ്യത്യസ്തമായി നിർമ്മിച്ചിരിക്കുന്നു എന്നതാണ് കാരണം. അവയിൽ പിസ്റ്റണുകളോ സിലിണ്ടറുകളോ നിരന്തരം പുറത്തുനിന്നുള്ള വായു വലിച്ചെടുക്കുന്ന എയർ ഇൻടേക്കുകളോ ഇല്ല. പകരം, ലിഥിയം-അയൺ ബാറ്ററി പാക്കിൽ സംഭരിച്ചിരിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് ഒരു സീൽ ചെയ്ത ഇലക്ട്രിക് മോട്ടോർ പ്രവർത്തിക്കുന്നത്. കംബഷൻ എഞ്ചിൻ ഇല്ലാത്തതിനാൽ ഇവികൾക്ക് മേൽപ്പറഞ്ഞ ഹെഡ്രോലോക്ക് സംഭവിക്കില്ല. ആഴമുള്ള വെള്ളത്തിൽ മുങ്ങിയാൽ ഇവിക്ക് കേടുപാടുകൾ സംഭവിക്കാമെങ്കിലും, വെള്ളപ്പൊക്ക സമയത്ത് സാധാരണ വാഹനങ്ങൾ നേരിടുന്ന ഏറ്റവും വലിയ മെക്കാനിക്കൽ അപകടങ്ങളിൽനിന്ന് ഇത് മുക്തമാണ്.

ഇ.വികൾ എങ്ങനെ സുരക്ഷിതമാകുന്നു

ഇവികളെക്കുറിച്ചുള്ള ഭയങ്ങളിൽ ഒന്ന് വെള്ളം ബാറ്ററിയിൽ കടന്നാൽ അത് വൈദ്യുത ഷോർട് സർക്കിറ്റിന് ഇടയാക്കുമോ എന്നതാണ്. എന്നാൽ ഇന്നത്തെ ഇലക്ട്രിക് കാറുകൾ ആ സാഹചര്യം ഒഴിവാക്കാൻ കഴിയുംവിധം രൂപകൽപ്പന ചെയ്തവയാണ്. അവയുടെ ബാറ്ററി പാക്കുകൾക്ക് ഉറച്ച അലുമിനിയം അല്ലെങ്കിൽ സ്റ്റീൽ കെയ്സിംഗുകൾ ഉണ്ട്. ഹൈ വോൾട്ടേജ് കേബിളുകൾ നന്നായി ഇൻസുലേറ്റ് ചെയ്യുകയും ഈർപ്പം തടയുകയും ചെയ്യുന്നു. മിക്ക നിർമ്മാതാക്കളും IP67 അല്ലെങ്കിൽ IP68 പോലുള്ള അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ചിട്ടുള്ള വാട്ടർപ്രൂഫിങ് നിലവാരങ്ങൾ നിറവേറ്റുന്ന ബാറ്ററി സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുകയും നിയന്ത്രിത സാഹചര്യങ്ങളിൽ താത്കാലികമായി വെള്ളത്തിൽ മുക്കി അവ പരീക്ഷണങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്നു.

അതിലുപരിയായി സങ്കീർണ്ണമായ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റങ്ങൾ എപ്പോഴും വോൾട്ടേജ്, ഇൻസുലേഷൻ, ഇലക്ട്രിക്കൽ പ്രതിരോധം എന്നിവ നിരീക്ഷിക്കുന്നു. എന്തെങ്കിലും അസാധാരണ സംഭവം ഉണ്ടായാൽ, വാഹനം മില്ലിസെക്കൻഡുകൾക്കുള്ളിൽ ഉയർന്ന വോൾട്ടേജ് ബാറ്ററി സംവിധാനത്തെ വാഹനത്തിന്റെ മറ്റുള്ള ഭാഗങ്ങളിൽ നിന്ന് വേർതിരിക്കും വൈദ്യുതി അപകടത്തിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

ആധുനിക ഇലക്ട്രിക് കാറിനുള്ളിൽ ഇരിക്കുന്ന യാത്രക്കാർക്ക് കാർ മഴവെള്ളത്തിലോ ആഴം കുറഞ്ഞ വെള്ളക്കെട്ടിലോ ഇറങ്ങുന്നതുകൊണ്ട് വൈദ്യുത ഷോക്ക് ഏൽക്കാൻ സാധ്യതയില്ലെന്ന് നിരവധി അന്താരാഷ്ട്ര സുരക്ഷാ ഏജൻസികൾ പല സാഹചര്യങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഇവി വിപണിയിലെത്തുന്നതിന് മുമ്പ് ധാരാളം ക്രാഷ് ടെസ്റ്റിങ്, വാട്ടർ-ഇൻഗ്രസ് ടെസ്റ്റിങ്, ഇലക്ട്രിക്കൽ സുരക്ഷാ പരിശോധന എന്നിവയ്ക്ക് വിധേയമാക്കുന്നു. നോർവേ, ചൈന, ജർമ്മനി, യു.എസ് തുടങ്ങിയ ഇവികൾ വ്യാപകമായി ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ഇലക്ട്രിക് കാറുകൾ കനത്ത മഴ, മഞ്ഞ്, കാലവർഷ വെള്ളപ്പൊക്കം എന്നിവയിലൂടെ ഓടിക്കുന്നുണ്ട്. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട വ്യാപകമായ വൈദ്യുത അപകടങ്ങളെക്കുറിച്ചുള്ള തെളിവുകളൊന്നും ഇതുവരെ ലഭ്യമല്ല.

വെള്ളപ്പൊക്കം ഒരു തരത്തിലും ബാധിക്കില്ലേ?

ഇങ്ങനെയൊക്കെയാണെങ്കിൽ ഇവികളുടെ എഞ്ചിനീയറിങ്ങിനെ ഉപയോക്താക്കൾ പ്രളയ കാലത്ത് കണ്ണടച്ച് വിശ്വസിക്കരുത്. ആഴമുള്ള വെള്ളക്കെട്ടിൽ പെടുന്നത് ഏത് തരം വാഹനത്തിനും അപകടകരമാണ്. കാബിനിലേക്ക് വെള്ളം കയറുന്നത് ഇലക്ട്രോണിക്‌സ്, എയർബാഗുകൾ, സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തും. വെള്ളത്തിനടിയിൽ ദീർഘനേരം അകപ്പെടുന്നത് വീൽ ബെയറിങ്ങുകൾ, ബ്രേക്കുകൾ, സസ്‌പെൻഷൻ ഘടകങ്ങൾ, ചാർജിങ് പോർട്ടുകൾ എന്നിവയ്ക്കും കേടുപാടുകൾ വരുത്തും.

വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിച്ച കാറുകൾ വീണ്ടും ഉപയോഗിക്കുന്നതിന് മുമ്പ് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് നിർമ്മാതാക്കൾ ഇലക്ട്രിക്, കൺവെൻഷണൽ വാഹന ഉടമകളോട് നിർദേശിക്കുന്നു. ഇവികളെ സംബന്ധിച്ചിടത്തോളം പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയ വാഹനം സാങ്കേതിക വിദഗ്ധർ പരിശോധിച്ച് ബാറ്ററി സുരക്ഷിതമാണെന്ന് പറയുന്നതുവരെ ചാർജ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.