തിരുവനന്തപുരം: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍നിന്നുള്ള നികുതിപിരിവ് തടഞ്ഞ കേന്ദ്രതീരുമാനം മറികടക്കാനാകാതെ കേരളം. കേന്ദ്രവിലക്കിനെതിരേ കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതിനും കഴിഞ്ഞിട്ടില്ല. 500-ല്‍ അധികം സ്വകാര്യബസുകള്‍ ദിവസേന സംസ്ഥാനത്തേക്കു സര്‍വീസ് നടത്തുന്നുണ്ട്. ഇതുവരെ 10 കോടി രൂപയുടെ നികുതിനഷ്ടം സംസ്ഥാനത്തിനുണ്ടായിട്ടുണ്ടെന്നാണ് നിഗമനം. 

To advertise here,

റോഡുനികുതി പിരിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണെന്ന് മുന്‍കേസുകളില്‍ സുപ്രീംകോടതി വിധിയുണ്ടായിട്ടും കേന്ദ്രവിലക്ക് മറികടക്കാന്‍ സംസ്ഥാനം ശ്രമിക്കാത്തത് സ്വകാര്യബസുകാരെ സഹായിക്കാന്‍ വേണ്ടിയാണെന്നും ആക്ഷേപമുണ്ട്.

ഭാരത് രജിസ്ട്രേഷന്‍ അനുവദിക്കാത്തതിനെതിരേ ഹൈക്കോടതിയില്‍ എത്തിയ കേസിലും നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടന്ന് കോടതിവിധി ഉണ്ടായിരുന്നു. എന്നിട്ടും ഓള്‍ ഇന്ത്യ പെര്‍മിറ്റ് കേസില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസുകള്‍ക്ക് സംസ്ഥാനത്ത് നികുതി ഈടാക്കുന്നത് കഴിഞ്ഞ മേയിലാണ് കേന്ദ്രം തടഞ്ഞത്. നികുതി പിരിവിന് ഉപയോഗിക്കുന്ന 'വാഹന്‍' സോഫ്റ്റ്വേറില്‍നിന്ന് ഈ ഭാഗം കേരളത്തിന്റെ അനുമതിയില്ലാതെ നീക്കംചെയ്യുകയായിരുന്നു. സ്വകാര്യ ബസ്സുടമകള്‍ കേന്ദ്രഗതാഗതമന്ത്രിക്ക് നല്‍കിയ നിവേദനത്തെത്തുടര്‍ന്നായിരുന്നു ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നടപടി.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് സോഫ്റ്റ്വേറിലൂടെ നികുതി ഈടാക്കിയിരുന്നത്. ആദ്യമായാണ് സംസ്ഥാന അനുമതിയില്ലാതെ കേന്ദ്രം ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്. കേന്ദ്രതീരുമാനത്തില്‍ പ്രതിഷേധിച്ച മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ കേന്ദ്രതീരുമാനത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഹിമാചല്‍പ്രദേശിന്റെ മാതൃകയില്‍ നികുതി പിരിക്കാന്‍ പ്രത്യേക സോഫ്റ്റ്വേര്‍ ഏര്‍പ്പെടുത്തുന്നതും പരിഗണിച്ചിരുന്നു. അതും നടപ്പായില്ല.