ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രാസമയം കുറയ്ക്കാനുള്‍പ്പെടെ സഹായകമായ ബെംഗളൂരു-മൈസൂരു അതിവേഗ പാത അപകടപാതയായി മാറുന്നു. റോഡ് തുറന്ന് നാലുമാസം പിന്നിടുമ്പോള്‍ അപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം നൂറായെന്നാണ് ആഭ്യന്തരവകുപ്പിന്റെ കണക്ക്. ആഭ്യന്തര മന്ത്രി ജി. പരമേശ്വര ചൊവ്വാഴ്ച നിയമസഭയില്‍ നല്‍കിയ കണക്കാണിത്. എന്നാല്‍, അപകടങ്ങളില്‍ ഇതുവരെ 132 മരണങ്ങളുണ്ടായെന്നാണ് അനൗദ്യോഗിക കണക്ക്.

To advertise here,

ത്രസിപ്പിക്കുന്ന യാത്രാനുഭവവുമായി 117 കിലോമീറ്ററുള്ള പത്തുവരിപ്പാത മാര്‍ച്ച് 12-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. മാര്‍ച്ചില്‍ മാത്രം പാതയിലുണ്ടായ വാഹനാപകടങ്ങളില്‍ 20 പേര്‍ മരിച്ചതായി ആഭ്യന്തരവകുപ്പ് പറയുന്നു. 63 പേര്‍ക്ക് പരിക്കേറ്റു. ഏപ്രിലില്‍ 23 പേര്‍ മരിച്ചു. 83 പേര്‍ക്ക് പരിക്കേറ്റു. മേയില്‍ 29 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പരിക്കേറ്റവര്‍ 93. ജൂണില്‍ 28 പേര്‍ മരിക്കുകയും 96 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

റോഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പുതന്നെ വാഹനാപകടങ്ങള്‍ കൂടിയിരുന്നു. ജനുവരിമുതല്‍ ജൂണ്‍വരെ 512 വാഹനാപകടങ്ങളിലായി 123 പേര്‍ മരിച്ചതായാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്. മേയിലാണ് കൂടുതല്‍ അപകടങ്ങളുണ്ടായത്, 110 എണ്ണം.

അതിവേഗം, ലെയ്ന്‍ മാറ്റം

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സൗകര്യമുള്ള പാതയാണിതെന്നാണ് ദേശീയപാതാവിഭാഗം പറയുന്നത്. പക്ഷേ, പല വാഹനങ്ങളും സഞ്ചരിക്കുന്നത് 150 കിലോമീറ്റര്‍വരെ വേഗത്തിലാണ്. ഇത് അപകടം ക്ഷണിച്ചുവരുത്തുന്നു. അതിവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ലെയ്ന്‍ തെറ്റിച്ച് മറികടക്കാന്‍ ശ്രമിക്കുന്നത് അപകടം പെരുകാനുള്ള കാരണങ്ങളിലൊന്നാണ്. വളവുകളില്‍ വേണ്ടത്ര അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് മറ്റൊരു പ്രശ്‌നം. 

അധികദൂരവും നേര്‍രേഖയിലുള്ള പാതയായതിനാല്‍ വളവുകള്‍ അവസാന നിമിഷം ശ്രദ്ധയില്‍പ്പെടുന്നത് വാഹനങ്ങള്‍ നിയന്ത്രണംവിടാന്‍ കാരണമാകുന്നു. പാതയുടെ ചില ഭാഗത്ത് മഴവെള്ളം ഒഴിഞ്ഞുപോകാത്ത സ്ഥിതിയുണ്ട്. ഇവിടങ്ങളില്‍ വാഹനങ്ങളുടെ ചക്രങ്ങള്‍ തെന്നിയും അപകടമുണ്ടാകുന്നു. അപകടങ്ങള്‍ പതിവായതോടെ വാഹനങ്ങളുടെ വേഗംനിയന്ത്രിക്കാന്‍ പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്.