അബുദാബി: എമിറേറ്റില്‍ റോബോ ടാക്സികള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇയുടെ ദേശീയ കമ്പനിയായ ലുമോ ആണ് ആഡംബര സെല്‍ഫ് ഡ്രൈവിങ് റോബോ ടാക്സികള്‍ പുറത്തിറക്കുക. ഇതിനായി ലോകോത്തര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സുമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വൈദഗ്ധ്യമുള്ള മൊമെന്റയുമായും ലുമോ കൈകോര്‍ക്കും. മൊമെന്റയുടെ ലെവല്‍ 4 ഓട്ടോണമസ് ഡ്രൈവിങ് സംവിധാനത്തിലൂടെയാണ് പുതിയ മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസില്‍ നിര്‍മ്മിച്ച റോബോ ടാക്സികള്‍ പ്രവര്‍ത്തിക്കുക.

To advertise here,

ലോകത്തിലെ തന്നെ ആദ്യത്തെ പ്രീമിയം റോബോട്ട് ടാക്സി മോഡലായിരിക്കുമെന്നും ഇതെന്നും അധികൃതര്‍ അറിയിച്ചു. റോബോ ടാക്സികളുടെ വാണിജ്യപ്രവര്‍ത്തനം അടുത്തവര്‍ഷം അബുദാബിയില്‍ തുടങ്ങാനാണ് പദ്ധതിയിടുന്നത്. ഇതിലൂടെ സ്മാര്‍ട്ട് ഗതാഗത രംഗത്ത് വലിയ ചുവടുവെപ്പിന് ഒരുങ്ങുകയാണ് യുഎഇ. ഭാവിയില്‍ കൂടുതല്‍ അന്താരാഷ്ട്ര വിപണിയിലേക്ക് റോബോ ടാക്സികള്‍ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ ഒട്ടേറെ സെല്‍ഫ് ഡ്രൈവിങ് ഗതാഗത പദ്ധതികള്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. പൂര്‍ണമായും ഡ്രൈവറില്ലാ വാഹനങ്ങളുടെ വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കുന്ന മെന മേഖലയിലെ ആദ്യ നഗരമായി അബുദാബി കഴിഞ്ഞ മാസം മാറിയിരുന്നു. ലെവല്‍-4 ഓട്ടോണമസ് വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി വിറൈഡ്, ഓട്ടോഗോ-കെ2 എന്നീ കമ്പനികള്‍ക്ക് നല്‍കിക്കഴിഞ്ഞു.

അമേരിക്കയ്ക്ക് പുറത്ത് ഉബര്‍ ടെക്നോളജീസും വീറൈഡും ചേര്‍ന്ന് ഡ്രൈവറില്ലാ ടാക്സികള്‍ ഓടിക്കുന്ന ആദ്യ നഗരവും അബുദാബിയാണ്. നിലവില്‍ യാസ് ഐലന്‍ഡ്, അബുദാബി എയര്‍പോര്‍ട്ട്, അല്‍ മരിയ ഐലന്‍ഡ് എന്നിവിടങ്ങളില്‍ ഈ സേവനങ്ങള്‍ ലഭ്യമാണ്. യാസ് ദ്വീപ്, സാദിയാത്ത് ദ്വീപ്, എയര്‍പോര്‍ട്ട് റോഡുകള്‍ എന്നിവിടങ്ങളില്‍ ഓടുന്ന വൈദ്യുത, ഹൈബ്രിഡ് ടാക്സികള്‍ നിലവിലുണ്ട്.

മസ്ദാര്‍ സിറ്റിയില്‍ യാത്രക്കാരെ കൊണ്ടുപോകുന്ന ഡ്രൈവറില്ലാ വൈദ്യുത പോഡുകളും പ്രവര്‍ത്തനം ആരംഭിച്ചു. ദുബായിലും ഡ്രൈവറില്ലാ ടാക്സികള്‍ അടുത്ത വര്‍ഷം മുതല്‍ ഓടിത്തുടങ്ങും. 2030 ആകുമ്പോഴേക്കും ദുബായിലെ മൊത്തം യാത്രാ സര്‍വീസുകളുടെ 25 ശതമാനം സ്മാര്‍ട്ട്, ഡ്രൈവറില്ലാ വാഹനങ്ങള്‍ ആക്കുക എന്നതാണ് യുഎഇയുടെ ലക്ഷ്യം.